പ്രശസ്ത തെന്നിന്ത്യന്‍ നടന് രജനീകാന്തിന്റെ ഭാര്യ ലതയ്ക്കും മകള്‍ സൗന്ദര്യയ്ക്കും എതിരെ ചെന്നൈയിലെ സൈദാപേട്ട് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഒരു ഫൈനാന്‍സ് കമ്പനിയില്‍ നിന്ന് പണം കടമെടുത്ത് വണ്ടിച്ചെക്ക് കൊടുത്ത കേസിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍, ഉച്ചതിരിഞ്ഞ് ഇരുവരും ഫൈനാന്‍സ് കമ്പനിയില്‍ എത്തി പണം കൈമാറിയതോടെ അറസ്റ്റ് വാറണ്ട് റദ്ദാക്കപ്പെട്ടു.
ചെന്നൈയിലെ തേനാമ്പേട്ടയില്‍ സ്വസ്തിക ഫിനാന്‍സ് എന്ന ധനകാര്യസ്ഥാപനം നടത്തുന്ന സുമര്‍ചന്ദ് ബാബ്നയില്‍ നിന്ന് ലതയുടെയും മകള്‍ സൗന്ദര്യയുടെയും പേരിലുള്ള ഓസ്കാര്‍ സ്റ്റുഡിയോ ആണ് പണം കടം വാങ്ങിയത്. 20 ലക്ഷം രൂപയാണ് പലിശയ്ക്ക് വാങ്ങിയതത്രെ. എന്നാല്‍ പണത്തിന് പകരമായി ലതയും സൗന്ദര്യയും നല്കിയ ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചപ്പോള്‍ വണ്ടിച്ചെക്കാണെന്ന് മനസിലായി. തുടര്‍ന്ന് ഇരുവരെയും സുമര്‍ചന്ദ് ബന്ധപ്പെട്ടെങ്കിലും പൈസ തിരികെ ലഭിച്ചില്ല. ഒരു വഴിയും ഇല്ലാതായപ്പോള്‍ ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
വണ്ടിച്ചെക്ക് കേസില്‍ ലതയോടും സൗന്ദര്യയോടും ആറാം തീയതി ഹാജരാകാന്‍ കോടതി സമന്‍സ് അയച്ചെങ്കിലും ഇരുവരും ഹാജരായില്ല. തുടര്‍ന്നാണ് ബുധനാഴ്ച കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഈ വിവരം അറിഞ്ഞയുടന്‍ ലതയും സൗന്ദര്യയും കടമെടുത്ത തുകക്കുള്ള ഡ്രാഫ്റ്റുമായി സ്വസ്തികില് എത്തുകയും സുമര്ചന്ദിന് ഡ്രാഫ്റ്റ് കൈമാറുകയും ചെയ്തു. തുടര്‍ന്ന് സുമര്‍ചന്ദ് കോടതിയെ സമീപിച്ച് പരാതി റദ്ദാക്കാന്‍ കോടതിയോട് അപേക്ഷിക്കുകയും കോടതി വാറണ്ട് റദ്ദാക്കുകയും കേസ് “ഡിസ്മിസ്’ ചെയ്യുകയും ചെയ്തു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല