ജോബി ആന്റണി
വിയന്ന: ദിലിപിനെ നായകനാക്കി സന്ധ്യാമോഹന് സംവിധാനം ചെയ്ത ഓണക്കാല ഉത്സവചിത്രം മിസ്റ്റര്‍ മരുമകന് വിയന്നയില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഉദയ്കൃഷ്ണ – സിബി കെ തോമസിന്റെ സമീപകാല സിനിമകള്‍ പോലെ തന്നെ ബിഗ് ക്യാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന മിസ്റ്റര്‍ മരുമകന് നര്‍മ്മത്തിന്റെ രസക്കൂട്ടുകള്‍ ചേര്‍ത്ത് കുടുംബപ്രേക്ഷകര്‍ക്ക് വേണ്ടിയൊരുക്കിയ ഒരു മുഴുനീള എന്റര്ടെയ്നറായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
സ്വന്തം കുടുംബത്തിന്റെ നാടകട്രൂപ്പായ ഭാരതകലാക്ഷേത്രം നോക്കിനടത്തുന്ന അശോക് രാജായി ദിലീപ് ചിത്രത്തില്‍ വേഷമിടുന്നു. ബാലനടിയായി തിളങ്ങിയ സനൂഷയാണ് മിസ്റ്റര്‍ മരുമകനിലെ നായിക. ഭാഗ്യരാജ് ആദ്യമായി മലയാളത്തിലെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. തമിഴകത്തിന്റെ പ്രിയപ്പെട്ട സംവിധായകന് ശക്തമായ കഥാപാത്രത്തെ തന്നെയാണ് മലയാളത്തിലെ കന്നിവേഷത്തില് കൈകാര്യം ചെയ്യുന്നത്. മൂന്ന് തലമുറനായികമാരുടെ സാന്നിധ്യവും മിസ്റ്റര്‍ മരുമകനെ വേറിട്ട് നിര്‍ത്തുന്നു. ഷീല, ഖുശ്ബു, സനുഷ എന്നിവരാണ് ഈ ചിത്രത്തിലെ മൂന്ന് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിയമബിരുദധാരിയായ അശോക് രാജ് ഒരു വ്യതസ്ത സാഹചര്യത്തില്‍ നാടകട്രൂപ്പിന്റെ ചുമതലയില്‍ എത്തിപ്പെടുന്നു. രാജ് ഗ്രൂപ്പ് ഭരിക്കുന്നത് അഹങ്കാരികളായ മൂന്ന് സ്ത്രീകളാണ്. രാജമല്ലിക(ഷീല), രാജമല്ലികയുടെ മകള്‍ രാജകോകില(ഖുശ്ബു), രാജകോകിലയുടെ മകള്‍ രാജലക്ഷ്മി(സനൂഷ). രാജലക്ഷ്മിയും അശോക് രാജും കുട്ടിക്കാലത്ത് കളിക്കൂട്ടുകാരായിരുന്നു. അപ്രതീക്ഷിതമായത് സംഭവിച്ചു. അശോക് രാജ് രാജലക്ഷ്മിയെ വിവാഹം കഴിച്ചു. സിബി ഉദയകൃഷ്ണ ടീമിന്റെ തിരക്കഥയിലെ നാടകീയ വഴിത്തിരിവുകള്‍ ഇവിടെ ആരംഭിക്കുന്നു.
സെപ്റ്റംബര്‍ പതിനഞ്ചാം തിയതി (ശനിയാഴ്ച) 11 മണിയ്ക്കും പതിനാറാം തിയതി (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 2.30-നും, വൈകിട്ട് 7 .30-നും ഇരുപത്തിരണ്ടാം തിയതി (ശനിയാഴ്ച) വൈകിട്ട് 6 മണിയ്ക്കും നാല് പ്രദര്‍ശനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
വിയന്ന മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികളുടെ സൗകര്യാര്‍ത്ഥമാണ് പതിനഞ്ചാം തിയതിയിലെ വൈകിട്ടത്തെ ഷോ ഇരുപത്തിരണ്ടാം തിയതിയിലേയ്ക്ക് മാറ്റിയതെന്ന് ഘോഷ് അഞ്ചേരില്‍ അറിയിച്ചു. സിനിമയ്ക്ക് വരുന്നവര്‍ക്ക് 3 മണിക്കൂര്‍ പാര്‍ക്കിംഗ് സൗകര്യം സൗജന്യമായിരിക്കും.
വിശദ വിവരങ്ങള്‍ക്ക്: ഘോഷ് അഞ്ചേരില്‍ ( 0699 1132 0561)
ഓണ്‍ലൈന്‍ ബുക്കിംഗ്: www.megaplex.at
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല