പ്രവാസികളില്‍ നിന്നുള്‍പ്പെടെ പണം സ്വരൂപിച്ച് കേരളത്തിന്റെ സ്വന്തംവിമാനക്കമ്പനിയായ എയര്‍ കേരള യാഥാര്‍ഥ്യമാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന കൊച്ചി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനിച്ചത്. ഇതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയര്‍മാനായി 2005ല്‍ രൂപവത്കരിച്ച എയര്‍ കേരള ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. സിയാലിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും സംയുക്ത സംരംഭമായാണ് എയര്‍ കേരള നിലവില്‍ വരിക. പദ്ധതി സംബന്ധിച്ച സാധ്യത പഠനത്തിന് സിയാല്‍ എം.ഡി വി.ജെ. കുര്യനെ നിയമിക്കും. ആറ് മാസത്തിനകം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വി.ജെ. കുര്യനോട് നിര്‍ദേശിച്ചു.
മുഖ്യമന്ത്രിക്ക് പുറമേ, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ. ബാബു, കെ.സി. ജോസഫ് എന്നിവരും ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടാവും. പ്രവാസി വ്യവസായി എം.എ. യൂസഫലി നിലവില്‍ ബോര്‍ഡ് അംഗമാണ്. പദ്ധതി നടപ്പാക്കുന്നതിന് 200 കോടി ഓഹരി ഇനത്തില്‍ സമാഹരിക്കും. സിയാല്‍ ഡയറക്ടര്‍മാര്‍ എയര്‍ കേരളയില്‍ പരമാവധി ഓഹരി എടുക്കും. മുഴുവന്‍ പ്രവാസികളുടെയും പങ്കാളിത്തം ഉറപ്പ്വരുത്തി പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് തീരുമാനം. അടിക്കടി വര്‍ധിച്ചുവരുന്ന വിമാന യാത്രക്കൂലി സാധാരണക്കാരായ പ്രവാസി മലയാളികളെ ദുരിതത്തിലാക്കുന്ന സാഹചര്യത്തിലാണ് അവര്‍ക്ക് ആശ്വാസമായി എയര്‍ കേരള യാഥാര്‍ഥ്യമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എയര്‍ കേരള തുടങ്ങാന്‍ ഗള്‍ഫിലെ പ്രധാന വിമാന കമ്പനികളെല്ലാം സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും തുടക്കത്തില്‍ അഞ്ച് വിമാനം വാടകക്ക് എടുക്കാന്‍ കഴിയുമെന്നും എം.എ. യൂസഫലി വ്യക്തമാക്കി. അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്ക് മാത്രമേ വിദേശ സര്‍വീസുകള്‍ക്ക് അനുമതി നല്‍കാവൂവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ. ഇത് ഒഴിവാക്കാന്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. സിയാല്‍ ഡയറക്ടര്‍മാര്‍ 10 കോടി വീതം ഓഹരിയെടുത്താല്‍ തന്നെ എയര്‍ കേരളക്ക് ആവശ്യമായ തുക സമാഹരിക്കാനാകുമെന്ന് സിയാല്‍ എം.ഡി വി.ജെ. കുര്യന്‍ പറഞ്ഞു. ഓഹരി ഉടമകള്‍ക്ക് യാത്രാകൂലിയില്‍ ഇളവ് നല്‍കുന്നതിനും പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും ഉറപ്പുവരുത്തുമെന്ന് മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും കെ. ബാബുവും അറിയിച്ചിട്ടുണ്ട്.
നെടുമ്പാശ്ശേരിയില്‍ നിന്നും അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാത്തതിനെ യോഗത്തില്‍ ഓഹരി ഉടമകള്‍ വിമര്‍ശിച്ചു. നെടുമ്പാശ്ശേരിയില്‍ നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി. ജെ. കുര്യന്‍ ഇതിന് മറുപടി പറഞ്ഞു. ബ്രിട്ടീഷ് എയര്‍വെയ്‌സ്, എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ തുടങ്ങിയവയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ കൊച്ചിയില്‍ നിന്നും ബിസിനസ് ക്ലാസ് യാത്രക്കാര്‍ കുറവായതാണ് തടസ്സമാകുന്നത്. ലാന്‍ഡിങ്, പാര്‍ക്കിങ് ചാര്‍ജുകളില്‍ ഒരു വര്‍ഷത്തേക്ക് ഇളവ് നല്‍കാമെന്ന വാഗ്ദാനം ഈ കമ്പനികള്‍ക്കു മുന്നില്‍ സിയാല്‍ വച്ചിട്ടുണ്ടെന്നും കുര്യന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല