ഹീത്രൂ വിമാനത്താവളത്തിന്റെ വികസനം സംബന്ധിച്ച് ഭരണകക്ഷി അംഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭിന്നത കൂടുതല്‍ ശക്തമായി. ഹീത്രൂവിലെ മൂന്നാമത്തെ റണ്‍വേ പദ്ധതിയുമായി മുന്നോട്ട് പോവുകയാണങ്കില്‍ എംപി സ്ഥാനം രാജിവെച്ച ശേഷം ഉപതെരഞ്ഞെടുപ്പില്‍ ആ സീറ്റില്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണെ മത്സരിപ്പിക്കുമെന്ന ഭീഷണിയുമായി എംപി രംഗത്തെത്തി. സൗത്ത് വെസ്റ്റ് ലണ്ടനിലെ റിച്ച്‌മോണ്ട് സീറ്റില്‍ നിന്ന് വിജയിച്ച കോടീശ്വരനും ടോറി റിബലുമായ സാക്ക് ഗോള്‍ഡ്‌സ്മിത്താണ് രാജി ഭീഷണിയുമായി രംഗത്തെത്തിയത്. ഇതോടെ ബോറിസ് ജോണ്‍സണിന്റെ പാര്‍ലമെന്റ് പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായി.
കാമറൂണ്‍ വിരുദ്ധരുടെ പ്രധാന ആയുധമാണ് ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണിന്റെ പാര്‍ലമെന്റ് പ്രവേശനം. ബോറിസ് ജോണ്‍സണ്‍ എംപിയായാല്‍ ആദ്യം വെല്ലുവിളി ഉയര്‍ത്തുക കാമറൂണിന്റെ പ്രധാനമന്ത്രി പദത്തിനായിരിക്കും. ഏത് വിധേനയും ഹീത്രൂ വിമാനത്താവളത്തിന്റെ വികസനം മരവിപ്പിക്കാനാണ് ഗവണ്‍മെന്റിലെ തന്നെ ഒരു വിഭാഗത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി ബോറിസ് ജോണ്‍സണുമായി രണ്ട് പേര്‍ കഴിഞ്ഞ ആഴ്ച രഹസ്യ ചര്‍ച്ച നടത്തിയതായും വിവരമുണ്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ബോറിസ് ജോണസണ്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് ശക്തമായ അഭ്യൂഹമുണ്ട്.
റിച്ച്‌മോണ്ട് സീറ്റ് രാജി വെച്ചശേഷം അവിടെ ബോറിസ് ജോണ്‍സണെ മത്സരിപ്പിക്കുന്ന കാര്യം അദ്ദേഹവുമായി സംസാരിച്ചതായും സാക്ക് ഗോള്‍ഡ്‌സ്മിത്ത് സ്ഥിരീകരിച്ചു. എന്നാല്‍ ബോറിസ് ജോണ്‍സണ്‍ എംപിയുടെ ആവശ്യം നിരസിച്ചതായാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാലും ലണ്ടന്‍ മേയര്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനുളള ചവിട്ടുപടിയായാട്ടാണ് ഈ ഓഫറിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പദത്തില്‍ നിന്ന് കാമറൂണിനെ ഒഴിവാക്കാന്‍ കാമറൂണ്‍ വിരുദ്ധര്‍ ബോറിസ് ജോണ്‍സണെ ആയുധമാക്കുകയാണന്നാണ് കാമറൂണ്‍ അനുകൂലികളുടെ വാദം. കാമറൂണിനെ പുറത്താക്കിയ ശേഷം ബോറിസ് ജോണ്‍സണെ ആ സ്ഥാനത്തേക്ക് പിന്തുണയ്ക്കണമെന്ന ആവശ്യപ്പെട്ട് രണ്ട് കണ്‍സര്‍വേറ്റീവ് എംപിമാര്‍ തന്നെ സമീപിച്ചതായും ടോറി എംപി കേണല്‍ ബോബ് സ്റ്റുവര്‍ട്ട് പറഞ്ഞു.
ഹീത്രൂ വിമാനത്താവളത്തിന്റെ വികസനത്തെ സംബന്ധിച്ച് ബോറിസ് ജോണ്‍സണും ഗവണ്‍മെന്റും രണ്ട് തട്ടിലാണ്. തേംസിന്റെ കരയില്‍ പുതിയൊരു എയര്‍പോര്‍ട്ട് പണിയുന്നതാണ് നിലവിലെ തിരക്ക് കുറയ്ക്കാനുളള മാര്‍ഗ്ഗമെന്നാണ് ബോറിസ് ജോണ്‍സണിന്റെ വാദം. എന്നാല്‍ പുതിയൊരു എയര്‍പോര്‍ട്ട് പണിയുന്നതിനേക്കാള്‍ ഹീത്രൂവില്‍ മൂന്നാമതൊരു റണ്‍വേ പണിയുന്നതാണ് നല്ലെതെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. ഹീത്രൂവിന്റെ വികസനം ടോറികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു.
എന്നാല്‍ ബോറിസ് ജോണ്‍സണിന്റെ പാര്‍ലമെന്റ് പ്രവേശനം തനിക്ക് ഭീഷണിയാകുമെന്നുളള വാര്‍ത്ത് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ചിരിച്ച് തളളി. ലണ്ടന്‍ മേയര്‍ എന്ന നിലയിലുളള ജോണ്‍സണിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കാനും കാമറൂണ്‍ മറന്നില്ല. എന്നാല്‍ ലണ്ടന്‍ മേയറുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് പുറത്തുവരുന്ന നിറം പിടിപ്പിച്ച കഥകള്‍ അദ്ദേഹത്തിന് പ്രധാനമന്ത്രി പദം ലഭിക്കാന്‍ തടസ്സമാകുമെന്നാണ് കരുതുന്നതെന്ന് പ്രധാനമന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഒളിമ്പിക്‌സിന്റെ വിജയം ജോണ്‍സണന് ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ അംഗീകാരം നേടികൊടുക്കുന്നതിന് സഹായിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല