ഇവിടെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രിമാര്‍ക്കൊപ്പം ലോക്കല്നേതാക്കള് തള്ളിക്കയറിയതോടെ അമിതഭാരംമൂലം ലിഫ്റ്റ് തകരാറിലായി. കേന്ദ്ര ഊര്‍ജസഹമന്ത്രി കെ.സി. വേണുഗോപാല്‍, ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ എന്നിവരടക്കമുള്ള ജനപ്രതിനിധികള്‍ അല്പനേരം ലിഫ്റ്റിനുള്ളില്‍ കുടുങ്ങി. വൈകാതെ ലിഫ്റ്റ് തിരിച്ചിറക്കി ഇവര്‍ പുറത്തിറങ്ങുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലെ ഹാര്‍ട്ട് ലങ്മെഷീന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രിമാരും നേതാക്കളും. ഒ.പി. ബ്ലോക്കിലെ സമ്മേളനവേദിയില്‍നിന്ന് ജെ ബ്ലോക്കില്‍ അഞ്ചാംനിലയിലെ കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലേക്ക് പോവാന്‍ ഡി ബ്ലോക്കിലെ ലിഫ്റ്റിലാണ് ഇവര്‍ കയറിയത്. മന്ത്രിമാര്‍ക്കൊപ്പം നേതാക്കള്‍ ഇടിച്ചുകയറിയപ്പോള് അമിതഭാരമാവുമെന്ന് ലിഫ്റ്റ് ഓപ്പറേറ്റര്‍ പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. തറനിരപ്പില്‍നിന്ന് അല്പം ഉയര്‍ന്നശേഷം ലിഫ്റ്റ് നിന്നുപോയി. ഇതിനിടെ ലിഫ്റ്റിന്റെ വാതില്‍ തുറന്ന് രണ്ടുപേര്‍ ഇറങ്ങിയെങ്കിലും ലിഫ്റ്റ് മുകളിലേക്ക് പോയില്ല. വീണ്ടും വാതില്‍ തുറന്ന് തറനിരപ്പില്‍നിന്നും ഉയര്‍ന്നുനിന്ന ലിറ്റ്റ്റില്നിന്നും മന്ത്രിമാരടക്കമുള്ളവര്‍ ചാടിയിറങ്ങി. രണ്ടാമത്തെ ലിഫ്റ്റില്‍ കയറി ഇവര്‍ മുകള്‍നിലയിലേക്ക് പോവുകയും ചെയ്തു.
പിന്നീട് മുന്‍നിശ്ചയപ്രകാരം പരിപാടികളും നടന്നു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ മൂന്നുലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ആരോഗ്യസുരക്ഷയ്ക്കായി മാത്രം ചെലവഴിക്കുമെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍ ചടങ്ങില്‍ അറിയിച്ചു. സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ കഴിഞ്ഞ ഒരുവര്‍ഷം 576 കോടി രൂപയാണ് കേന്ദ്രം നല്‍കിയത്. ഇത് ഇരട്ടിയായി വര്‍ധിപ്പിക്കും. കേന്ദ്രത്തിന്റെ പുതിയ ട്രോമാകെയര്‍ പദ്ധതിയില്‍ കേരളത്തിന് അനുവദിക്കുന്നത് ആദ്യം ആലപ്പുഴയ്ക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രി കാര്‍ഡിയോ തൊറാസിക് വിഭാഗത്തില്‍ ഹാര്‍ട്ട്ലങ് മെഷീന് ഉദ്ഘാടനത്തിന്റെ സമ്മേളന ഉദ്ഘാടനവും കാത്ത്ലാബ് പ്രവര്‍ത്തനം വിജയകരമായി നടത്തിയ ഡോക്ടര്‍മാരെ ആദരിക്കലും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ പരാതികള്‍ ഉയര്‍ത്തുന്ന മാധ്യമങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ഉയരുന്ന പരാതികള്‍ പുറത്തുകൊണ്ടുവരുന്നില്ലെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ആയിരത്തിലേറെ രോഗികള്‍ ഒ.പി.യില്‍ വരുന്ന മെഡിക്കല്‍ കോളജാശുപത്രിയില്‍ ചില പരാതികളൊക്കെ വരും. അത്യാഹിതത്തിലെ ഡോക്ടര്‍മാരും ജീവനക്കാരും വിചാരിച്ചാല്‍ പരാതികള്‍ ഒഴിവാക്കാം. എന്നാല്‍, അവര്‍ വിചാരിക്കുന്നില്ല. വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവര്‍ സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളും കാണണം. ഡോക്ടര്‍മാരുടെ 68 ഒഴിവുകള്‍ ഉണ്ടായിരുന്നത് ഒരുവര്‍ഷംകൊണ്ട് 18 ആക്കി കുറച്ചു. പരാമെഡിക്കല്‍ ജീവനക്കാരുടെ ഒരു ഒഴിവുപോലും ഇല്ലാതാക്കി. എട്ട് സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സുകള്‍ കേന്ദ്രം അനുവദിച്ചു. 14 പി.ജി. സീറ്റുകള്‍ കൂടുതലായി കിട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാര്‍ട്ട്ലങ് മെഷീന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ജി. സുധാകരന് എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല