1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2012

ന്യൂഡല്‍ഹി:ഇന്ത്യയില്‍ വീട്ടമ്മമാര്‍ക്കും മാസശമ്പളം ലഭ്യമാക്കുന്നതിനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍. ഈമാസം 17നു തുടങ്ങുന്ന സംസ്ഥാന വനിതാ-ശിശു വികസന മന്ത്രിമാരുടെ സമ്മേളനത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നു കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി കൃഷ്ണ തീര്‍ഥ് പറഞ്ഞു. ഭര്‍ത്താവിന്റെ വരുമാനത്തിന്റെ വിഹിതം പ്രതിമാസം നിയമപരമായി വീട്ടമ്മമാരായ ഭാര്യമാര്‍ക്കും ലഭ്യമാക്കുന്നതാണു പദ്ധതി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടു വിവിധ സന്നദ്ധ സംഘടനകളാണ് വീട്ടമ്മമാര്‍ക്കും വരുമാനം ലഭ്യമാക്കണമെന്ന ആശയം ആദ്യം ഉയര്‍ത്തിയത്. വീട്ടമ്മമാര്‍ ചെയ്യുന്ന ജോലി കണക്കാക്കി അതിനു വേതനം നിശ്ചയിക്കുന്ന സംവിധാനം ആവിഷ്‌കരിക്കുമെന്നു മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വീട്ടമ്മമാരോട് എന്തു ചെയ്യുന്നുവെന്നു ചോദിച്ചാല്‍ ഒന്നും ചെയ്യുന്നില്ലെന്നാവും ഭൂരിപക്ഷത്തിന്റെയും മറുപടി. എന്നാല്‍, അവരും സാമ്പത്തിക പ്രക്രിയയില്‍ പങ്കാളികളാണ്. വരുമാനത്തിന്റെ വിഹിതം ലഭിക്കുന്നതോടെ വനിതകളുടെ സാമൂഹിക ശാക്തീകരണം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.
ശിശുപാലന കേന്ദ്രങ്ങളില്‍ കുട്ടികളെ അയച്ചാലുണ്ടാകുന്ന ചെലവ്, കുട്ടികളെ നോക്കുന്നതിനും വീട്ടുജോലിക്കുമായി മറ്റൊരാളെ നിയോഗിച്ചാലുണ്ടാകുന്ന ചെലവ് തുടങ്ങിയവ കണക്കാക്കും. വീട്ടമ്മമാര്‍ നല്‍കുന്ന സേവനത്തിന്റെ നിലവാരവും അതുല്യമാണ്. ഭര്‍ത്താവിന്റെ വരുമാനത്തിന്റെ ഒരു വിഹിതം ഭാര്യയ്ക്കു നല്‍കിയാല്‍ കുട്ടികള്‍ക്കു മെച്ചപ്പെട്ട ഭക്ഷണം, വിദ്യാഭ്യാസം തുടങ്ങിയവ ലഭ്യമാക്കാന്‍ ഉപകരിക്കും. കുടുംബത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുമെന്നും വിലയിരുത്തുന്നു. ശുപാര്‍ശ നടപ്പിലാകുന്നതോടെ വീട്ടമ്മമാരുടെ അധ്വാനം കൂടി രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) കണക്കില്‍പ്പെടുമെന്നും മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.