ലോകഒന്നാം നമ്പര്‍ താരം വിക്ടോറിയ അസരെങ്കയെ കീഴടക്കി അമേരിക്കയുടെ സെറിന വില്യംസ് യുഎസ് ഓപണ്‍ ടെന്നിസ് കിരീടം സ്വന്തമാക്കി. യുഎസിലെ നാലാമത്തെയും കരിയറിലെ പതിനഞ്ചാമത്തെയും ഗ്രാന്‍സ്ലാം കിരീടമാണ് ഈ അദ്ഭുത താരം സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്. സ്‌കോര്‍: 6-2, 2-6, 7-5.
1987ല്‍ മാര്‍ട്ടിന നവരോത്‌ലേവയ്ക്കുശേഷം 30 വയസ്സിനു മുകളില്‍ പ്രായമുള്ള ഒരു താരം യുഎസ് ഓപണ്‍ കിരിടം സ്വന്തമാക്കുന്നത് ഇത് ആദ്യമായിട്ടാണ്.
സത്യത്തില്‍ അസരെങ്കയ്‌ക്കെതിരേ വിജയം നേടാന്‍ സാധിച്ചുവെന്ന കാര്യം വിശ്വസിക്കാന്‍ കഴിയുന്നില്ല. രണ്ടാം സ്ഥാനത്തിനുള്ള ഷീല്‍ഡ് വാങ്ങാനുള്ള ഒരുക്കത്തിലായിരുന്നു- ആര്‍തര്‍ ആഷസ് സ്റ്റേഡിയത്തില്‍ മത്സരത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സെറിന മനസ്സു തുറന്നു.
യുഎസ് ഓപണില്‍ കിരീടം നേടുന്ന ആദ്യത്തെ ബെലാറസുകാരിയാവുകയെന്ന സ്വപ്‌നവുമായി കളത്തിലിറങ്ങിയ അസരെങ്കോയ്ക്ക് സെറിനയുടെ പവര്‍ഗെയിമിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മത്സരത്തിനുശേഷം വിതുമ്പി കരഞ്ഞ നമ്പര്‍ വണ്‍ താരത്തെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ സെറിന കുഴഞ്ഞു.
സെറിന നൂറുശതമാനവും വിജയം അര്‍ഹിച്ചിരുന്നു. ഒരു ചാംപ്യന്‍ എങ്ങനെയായിരിക്കണമെന്ന് അവര്‍ കാണിച്ചു തന്നു. നഷ്ടബോധമില്ലാതെയാണ് ഈ കളം വിടുന്നത്. തീര്‍ച്ചയായും ഇത്രയും മികച്ച ഒരു കളിക്കാരിക്കൊപ്പം വേദി പങ്കിടാനാവുകയെന്നത് അഭിമാനകരമാണ്-അസെരങ്ക പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല