കൊച്ചി: മലയാളി താരങ്ങളുടെ കേരള സ്ട്രൈക്കേഴ്സ് ഉള്‍പ്പെടെ എട്ട് ടീമുകളാണ് ഇത്തവണ മല്‍സരിക്കുന്നത്. ഫെബ്രുവരി ഒന്‍പതിന് കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം. അന്ന് രണ്ട് മല്‍സരങ്ങളുമുണ്ട്. ആദ്യ മല്‍സരം ചെന്നൈ റിനോസും കര്‍ണാടക ബുള്‍ഡോസേഴ്സും തമ്മില്‍. തുടര്‍ന്നു പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ അണിനിരക്കുന്ന ഉദ്ഘാടനം. പിന്നീടു കേരള സ്ട്രൈക്കേഴ്സും മുംബൈ ഹീറോസും ഏറ്റുമുട്ടും. പഞ്ചാബ്, മറാഠി താരങ്ങളുടെ ടീമുകളെക്കൂടി ഉള്‍പ്പെടുത്തിയതോടെ ലീഗില്‍ എട്ടു ടീമുകളായി. നാലു വീതം ടീമുകളുള്ള രണ്ട് പൂളായി തിരിച്ചാണ് മല്‍സരം.
കേരള സ്ട്രൈക്കേഴ്സിനൊപ്പം ചെന്നൈ റിനോസ്, തെലുങ്ക് വാരിയേഴ്സ്, പഞ്ചാബി ടീമുകളാണ് എ പൂളില്‍. ബി പൂളില്‍ കര്‍ണാടക ബുള്ഡോഴ്സേഴ്സ്, മുംബൈ ഹീറോസ്, ബംഗാളി ടൈഗേഴ്സ്, വീര്‍ മറാഠ ടീമുകള്‍. എ പൂളിലെ ടീമുകള്‍ എതിര് പൂളിലെ ടീമുകളുമായാണ് മല്‍സരിക്കുന്നത്. കൂടുതല്‍ പോയിന്റ് നേടുന്ന ടീമുകള്‍ സെമിയിലെത്തും. ഫെബ്രുവരി ഒന്‍പതിന് ഉദ്ഘാടന മല്‍സരത്തില്‍ മുംബൈയെ നേരിടുന്ന കേരള സ്ട്രൈക്കേഴ്സ് 16ന് ഹൈദരാബാദില്‍ വീര്‍ മറാഠിയോടും 23ന് യുഎഇയില്‍ ബംഗാള്‍ ടൈഗേഴ്സുമായും മാര്‍ച്ച് രണ്ടിന് ചെന്നൈയില്‍ കര്‍ണാടക ബുള്ഡോസേഴ്സുമായും ഏറ്റുമുട്ടും. പത്തിന് ബംഗ്ലൂരിലാണ് ഫൈനല്‍.
കേരള സ്ട്രൈക്കേഴ്സിന്റെ 20 അംഗ ടീമിനെ ഡിസംബറില്‍ പ്രഖ്യാപിക്കും. ടീമിന്റെ വരുമാനത്തില്‍നിന്ന് 20%, താരസംഘടനയായ അമ്മയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായും 5% മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന ചെയ്യുമെന്ന് ടീം ഉടമകള്‍ കൂടിയായ മോഹന്‍ലാലും ലിസി പ്രിയദര്‍ശനും അറിയിച്ചു. അഞ്ച് സിനിമകളിലെങ്കിലും ലീഡ് റോളില്‍ അഭിനയിച്ച അഞ്ച് താരങ്ങളെങ്കിലും ടീമില്‍ വേണമെന്നതുള്‍പ്പടെയുള്ള കര്‍ശന നിബന്ധനകളാണ് ഇത്തവണയുള്ളതെന്നും ലിസി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല