അടുത്ത ഏപ്രില്‍ മുതല്‍ ബെനിഫിറ്റ് പേയ്‌മെന്റുകള്‍ നല്‍കുന്ന രീതി പരിഷ്‌കരിക്കാനായി ഏര്‍പ്പെടുത്തിയ യൂണിവേഴ്‌സല്‍ ക്രഡിറ്റ് സ്‌കീമിനെതിരേ വ്യാപകമായ പരാതി. പരാതികളില്‍ വ്യക്തമായ തീരുമാനം കൈക്കൊളളുന്നത് വരെ പദ്ധതി നടപ്പിലാക്കരുതെന്ന ആവശ്യവുമായി ലേബര്‍പാര്‍ട്ടി രംഗത്തെത്തി. വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി ഇയാന്‍ ഡങ്കന്‍ സ്മിത്താണ് വെല്‍ഫെയര്‍ പേയ്‌മെന്റ് സിസ്റ്റം പരിഷ്‌കരിക്കാനായി യൂണിവേഴ്‌സല്‍ ക്രഡിറ്റ് സ്‌കീം അവതരിപ്പിച്ചത്. എന്നാല്‍ പദ്ധതിയിലെ പല തീരുമാനങ്ങളും പുനപരിശോധിക്കണമെന്നും അതിനാല്‍ പദ്ധതി നടപ്പിലാക്കുന്നത് നീട്ടിവെയ്ക്കണമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ ആവശ്യം. ഹൗസിങ്ങ് ബെനിഫിറ്റുകള്‍ അപേക്ഷകര്‍ക്ക് നേരിട്ട് നല്‍കുന്നത് പോലെയുളള നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികമാണന്നാണ് ലേബര്‍ പാര്‍ട്ടിയുടെ നിലപാട്.
യൂണിവേഴ്‌സല്‍ ക്രഡിറ്റ് പദ്ധതിയ്്‌ക്കെതിരേ കൗണ്‍സിലുകളും ചാരിറ്റി ഗ്രൂപ്പുകളും വെല്‍ഫെയര്‍ സംഘടനകളും കനത്ത പ്രതിക്ഷേധവുമായി രംഗത്തെത്തി. യൂണിവേഴ്‌സല്‍ ക്രഡിറ്റ് പദ്ധതിയ്‌ക്കെതിരേ നടക്കുന്ന അന്വേഷണത്തില്‍ ഇതുവരെ 70 സംഘടനകള്‍ ഹൗസ് ഓഫ് കോമണ്‍സ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് കമ്മിറ്റി മുമ്പാകെ പരാതി നല്‍കി കഴിഞ്ഞു. പുതിയ തീരുമാനം ദുരിതമനുഭവിക്കുന്ന വിഭാഗത്തെ കൂടൂതല്‍ ദുരിതത്തിലേക്ക് തളളിയിടുമെന്നും ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത വിഭാഗം ജനങ്ങളെ ബെനിഫിറ്റ് സ്‌കീമില്‍ നിന്ന് പുറത്തുപോകാന്‍ കാരണമാകുമെന്നുമാണ് പരാതി.
നിലവില്‍ ബ്രിട്ടനില്‍ ഇന്റര്‍നെറ്റ് ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടില്ലാത്ത 8.5 മില്യണ്‍ ആളുകള്‍ ഉണ്ട്. 14.5 മില്യണ്‍ ആളുകള്‍ക്ക് ഇന്റര്‍നെറ്റും കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയും ഉപയോഗിക്കാനുളള വൈദഗദ്ധ്യം ഇല്ല. ഒരാള്‍ക്ക് മാത്രമായി ബെനിഫിറ്റുകള്‍ നല്‍കുന്നത് കുടുംബത്തിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുമെന്ന് ചാരിറ്റി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
എന്നാല്‍ പുതിയ ബെനിഫിറ്റ് പരിഷ്‌കാരത്തില്‍ 600 മില്യണ്‍ പൗണ്ടിന്റെ വെട്ടിക്കുറയ്ക്കലുകള്‍ നടത്തണമെന്ന് ഇയാന്‍ ഡങ്കന്‍ സ്മിത്തിനോട് ചാന്‍സലര്‍ ജോര്‍ജ്ജ് ഒസ്‌ബോണ്‍ ആവശ്യപ്പെട്ടത് പുതിയ യുദ്ധത്തിന് വഴിവെച്ചു. പുതിയ പരിഷ്‌കാരങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന മന്ത്രിസഭാ പരിഷ്‌കരണ സമയത്ത് ഇയാനെ നിയമ മന്ത്രിയാക്കാന്‍ പ്രധാനമന്ത്രി കാമറൂണ്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ വെല്‍ഫെയര്‍ പരിഷ്‌കരണം വെളളത്തിലാകുമെന്ന് കണ്ട് അദ്ദേഹം ആ നീക്കം നിരസിക്കുകയായിരുന്നു. നിശ്ചയി്ച്ചതിനേക്കാള്‍ മൂന്ന് ബില്യണ്‍ പൗണ്ട് പരിഷ്‌കരണത്തിന് അധികമായി ചെലവാകുമെന്നാണ് ട്രഷറിയുടെ വിലയിരുത്തല്‍. അതിനേ തുടര്‍ന്നാണ് 600 മില്യണിന്റെ വെട്ടിക്കുറയ്ക്കല്‍ നടത്താന്‍ ഒസ്‌ബോണ്‍ ആവശ്യപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല