വിയന്ന:നോര്‍വേ കൂട്ടക്കൊലക്കേസിലെ പ്രതി ആന്‍ഡേഴ്‌സ് ബെഹ്‌റിങ് ബ്രെവിക്കിന്റെ അഭിഭാഷകയ്ക്കു വധഭീഷണി. ബ്രവികിനുവേണ്ടി കോടതിയില്‍ ഹാജരായ വിബേക ഹിന്‍ ബാറെതന്നെയാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്. നിരവധിപേര്‍ വധ ഭീഷണി മുഴക്കിയെന്നും അവര്‍ വ്യക്തമാക്കി. ബ്രവികിന്റെ മറ്റൊരു അഭിഭാഷകന്‍ ജിര്‍ ലിപ്‌സ്റ്റെഡിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. വധഭീഷണിയുടെ കാര്യം മക്കളുടെ സുഹൃത്തുക്കളിലൂടെയും തന്റെ ചെവിയിലെത്തിയെന്ന് വിബേക പറയുന്നു. ഇതുമൂലം കുട്ടികള്‍ ഭയവിഹ്വലരാണെന്നും അവര്‍ വിശദീകരിച്ചു.ലോകത്തെ നടുക്കിയ ഓസ്‌ലോ കൂട്ടക്കൊലക്കേസിലെ പ്രതി 21 വര്‍ഷം തടവിനു കോടതി ശിക്ഷിച്ചിരുന്നു.മുപ്പത്തിമൂന്നുകാരനായ ബ്രെവിക് സ്വബോധമുള്ള വ്യക്തിയാണെന്നും കോടതി വിധിച്ചു. 21 വര്‍ഷത്തിനു ശേഷവും പുറത്തുവിടുന്നത് സമൂഹത്തിന് അപകടമാണെന്നു കണ്ടാല്‍ ജയില്‍ ശിക്ഷാ കാലാവധി ദീര്‍ഘിപ്പിക്കാനും സാധ്യതയുണ്ട്.
സമാധാന ഉടമ്പടികള്‍ക്കു പേരുകേട്ട രാജ്യമായ നോര്‍വേയുടെ തലസ്ഥാനമായ ഓസ്‌ലോയില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 22നാണ് ബ്രെവിക് 77 പേരെ കൂട്ടക്കൊല ചെയ്തത്. സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ ബോംബ് സ്‌ഫോടനത്തില്‍ എട്ടു പേരും യുട്ടോയ ദ്വീപിലെ വെടിവയ്പില്‍ 69 പേരുമാണു കൊല്ലപ്പെട്ടത്. ബോംബ് സ്‌ഫോടനം നടത്തിയതിനു തൊട്ടുപിന്നാലെ ബ്രെവിക് 35 കിലോമീറ്റര്‍ അകലെയുള്ള യുട്ടോയ ദ്വീപിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് ആക്രമണങ്ങളും ഒറ്റയ്ക്കാണു നടത്തിയത്.
യുട്ടോയ ദ്വീപില്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ യുവജനക്യാംപിലാണ് ബ്രെവിക് വെടിവയ്പ് നടത്തിയത്. കൊല്ലപ്പെട്ട 69 പേരും 14 17 പ്രായക്കാരായ വിദ്യാര്‍ഥികളായിരുന്നു. 33 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ബോംബ് സ്‌ഫോടനത്തില്‍ 209 പേര്‍ക്കാണു പരുക്കേറ്റത്. മാനസിക വിഭ്രാന്തി മൂലമാണ് ഇയാള്‍ കുറ്റം ചെയ്തതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. മനോരോഗിയാണെന്നു കോടതി വിധിച്ചാല്‍ എതിര്‍ക്കില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ബ്രെവിക് സ്വബോധവും വിവേകവുമുള്ള ആളാണെന്ന വിധിയാണ്, കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടത്. എങ്കില്‍ മാത്രമേ കുറ്റകൃത്യത്തില്‍ ഇയാള്‍ക്കുള്ള ഉത്തരവാദിത്തം സ്ഥാപിക്കപ്പെടുകയുള്ളൂ എന്നും അവര്‍ വാദിച്ചു. വിചാരണയ്ക്കിടെ മനോരോഗ വിദഗ്ധന്‍ നടത്തിയ പരിശോധനയില്‍ ബ്രെവിക്കിന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്നു വ്യക്തമായി. തനിക്ക് മനോരോഗം ഇല്ലെന്ന നിലപാടാണ് ബ്രെവിക്കും സ്വീകരിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല