ഇന്ത്യക്കെതിരേയുള്ള ട്വന്റി മത്സരത്തില്‍ ന്യൂസിലാന്‍ഡിന് ഒരു റണ്‍സിന്റെ നാടകീയ ജയം. ജയിക്കാന്‍ 168 റണ്‍സ് എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലിന് 166ലേ എത്തിയുള്ളൂ.കാന്‍സര്‍ ചികിത്സയ്ക്കുശേഷം തിരിച്ചെത്തിയ യുവരാജ് സിങിന്റെ ആദ്യമത്സരമെന്ന നിലയില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തുനിന്ന മത്സരം കൂടിയായിരുന്നു ഇത്.
26 ബോളില്‍ നിന്ന് ഒരു ഫോറിന്റെയും രണ്ടു സിക്‌സറുകളുടെയും പിന്തുണയോടെ 34 റണ്‍സെടുത്ത യുവരാജ് തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചു. 41 ബോളില്‍ നിന്നും 10 ഫോറുകളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 70 റണ്‍സ് അടിച്ചെടുത്ത വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ സ്‌കോറിന് മാന്യത പകര്‍ന്നത്. സുരേഷ് റെയ്‌ന 27ഉം നായകന്‍ മഹേന്ദ്രസിങ് ധോണി 22(നോട്ടൗട്ട്)റണ്‍സും നേടി.
ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഇന്ത്യ ന്യൂസിലാന്‍ഡിനെ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 167 എന്ന താരതമ്യേന മെച്ചപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. 55 ബോളില്‍ നിന്ന് 11 ഫോറുകളുടെയും മൂന്നു സിക്‌സറിന്റെയും പിന്തുണയോടെ 91 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലമാണ് കീവിസ് നിരയില്‍ തിളങ്ങിയത്. കെയ്ന്‍ വില്ല്യംസണ്‍ 28ഉം റോസ് ടെയ്‌ലര്‍(നോട്ടൗട്ട്) 25ഉം റണ്‍സ് നേടി.
നാലോവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഇര്‍ഫാന്‍ പഥാന്റെ തകര്‍പ്പന്‍ ബൗളിങാണ് കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച ന്യൂസിലന്റിനെ പിടിച്ചുനിര്‍ത്തിയത്. സഹീര്‍ഖാന്‍, ലക്ഷ്മിപതി ബാലാജി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല