1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2012

കൊച്ചി: കേരളത്തില്‍ നിക്ഷേപകുതിപ്പ് ലക്ഷ്യമിട്ട് തയ്യാറാക്കിയ എമേര്‍ജിംഗ് കേരള നിക്ഷേപക സംഗമം കൊച്ചിയില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് ഉദ്ഘാടനം ചെയ്തു. ഇന്നുരാവിലെ നെടുമ്പാശേരിയിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണ്ണറും മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. എമര്‍ജിംഗ് കേരള സംസ്ഥാനത്ത് നിക്ഷേപ സാഹചര്യമൊരുക്കുമെന്ന് പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. മെട്രോ റെയില്‍വേ പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊച്ചിയുടെ മുഖച്ഛായമാറുമെന്നും പ്രധാനമന്ത്രി അറിയിച്ചു. മരട് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഒമാന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ സന്നിഹിതരായിരുന്നു. ഉച്ച കഴിഞ്ഞു മൂന്നിനാണു വിവിധ രാജ്യങ്ങള്‍ക്കായുള്ള ചര്‍ച്ചാ സെഷനുകള്‍ തുടങ്ങുക. ഇന്നു മുതല്‍ മൂന്നുനാള്‍ കൊച്ചിയായിരിക്കും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രം.
ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ്, രാജ്യരക്ഷാമന്ത്രി എ.കെ. ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ ഇ. അഹമ്മദ്, മുല്‌ളപ്പള്ളി രാമചന്ദ്രന്‍, കെ.വി. തോമസ്, സംസ്ഥാന മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിച്ചു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ പേര് ഉള്‍പെ്പടുത്തിയിരുന്നെങ്കിലും അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തില്ല.ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ അടക്കം 2,500 പ്രതിനിധികളാണു നിക്ഷേപകസംഗമത്തില്‍ കേരളത്തെ അറിയാനെത്തിയത്. സംഗമത്തോടനുബന്ധിച്ചു 14നു പ്രത്യേക പ്രവാസി സമ്മേളനമുണ്ട്. കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയാണ് ഇതിനു മുന്‍കൈയെടുത്തിരിക്കുന്നത്.
അന്‍പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധികള്‍ കൊച്ചിയിലെത്തിക്കഴിഞ്ഞു. പത്തോളം കേന്ദ്രമന്ത്രിമാര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും. മാലിന്യ നിര്‍മാര്‍ജനം, കൃഷി, അടിസ്ഥാനസൗകര്യവികസനം, വൈദ്യുതി എന്നിവയാണു സംഗമം പരിശോധിക്കുന്ന പ്രമുഖ പദ്ധതികള്‍. ഇതിനുള്ള ഒട്ടേറെ പദ്ധതിനിര്‍ദേശങ്ങള്‍ വിവിധ രാജ്യങ്ങളും സ്ഥാപനങ്ങളും വ്യക്തികളും സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവ നിയമാനുസൃത പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമേ അംഗീകരിക്കൂ എന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 12 സെമിനാറുകളാണ് നിക്ഷേപസംഗമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്നു മുതല്‍ മൂന്നു ദിവസത്തേക്കു കൊച്ചി നഗരം കര്‍ശന സുരകഷാവലയത്തിലാണ്. പലേടത്തും ഗതാഗത നിയന്ത്രണവും ഏര്‍പെ്പടുത്തി. 850ഓളം പൊലീസ് ഉദ്യോഗസ്ഥരാണു പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും സംഗമവും കണക്കിലെടുത്ത് കൊച്ചിയില്‍ സുരകഷാചുമതലകള്‍ നിര്‍വഹിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.