ഡ്യൂട്ടിയിലായിരുന്ന ട്രാഫിക് വാര്‍ഡനെ പട്ടാപ്പകല്‍ മൂന്ന് മൊട്ടത്തലയന്മാര് ചേര്‍ന്ന ക്രൂരമായി മര്‍ദ്ധിച്ചു. ഈ മാസം ആദ്യമാണ് സംഭവം. കാല്‍നടയാത്രക്കാരായിരുന്ന മൂന്ന് മൊട്ടത്തലയന്മാര് ട്രാഫിക് വാര്‍ഡനെ മര്‍ദ്ധിക്കുന്ന സംഭവം സമീപത്തുളള ഒരു സിസിടിവിയില്‍ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ലെസ്റ്ററിലെ ഒരു റോഡില്‍ വച്ചാണ് സംഭവം നടക്കുന്നത്.
സമീപത്തുണ്ടായിരുന്ന ഒരു കാറിന്റെ രജിസ്ട്രേഷന് നമ്പര്‍ ട്രാഫിക് വാര്ഡന് തന്റെ നോട്ട് ബുക്കില്‍ കുറിച്ചെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. നമ്പര്‍ രേഖപ്പെടുത്തുന്നത് കണ്ട മൂന്ന് മൊട്ടത്തലയന്മാര് വാര്‍ഡനെ സമീപിക്കുകയായിരുന്നു. ഒരാള്‍ വാര്‍ഡന്റെ പക്കലുളള നോട്ട് ബുക്കില്‍ തുപ്പുകയും പേന പിടിച്ച് വാങ്ങിയശേഷം അത് ഉപയോഗിച്ച് മുഖത്ത് കുത്തുകയും ചെയ്തു. ഉടന്‍ രണ്ടാമത്തെ ആള് കരോട്ടെ സ്റ്റെലില്‍ കാലുയര്‍ത്തി വാര്‍ഡന്റെ മുഖത്ത് തൊഴിക്കുകയായിരുന്നു. താഴെ വീണുപോയ വാര്‍ഡനെ തറയിലിട്ട് ചവിട്ടുകയും തൊപ്പി വലിച്ചെറിയുകയും ചെയ്തു.
വാര്‍ഡനെ മര്‍ദ്ധിക്കുന്നത് കണ്ട് യാത്രക്കാര്‍ ഓടി അടുത്തതോടെ സംഘം സമീപത്തെ ടെസ്കോ സ്റ്റോറിന് അടുത്തേക്ക് ഓടിപ്പോയതായും സിസിടിവിയിലുണ്ട്. ബിസിനസുകാരനായ ബോബ് യംഗ് സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ട്രാഫിക് വാര്‍ഡനെ മര്‍ദ്ധിക്കുന്ന രംഗം പതിഞ്ഞിരിക്കുന്നത്. മര്ദ്ധിച്ചവര് വാഹനയാത്രക്കാരായിരുന്നില്ലെന്ന് ബോബ് പറയുന്നു. അവര്‍ കാല്‍നട യാത്രക്കാരനായിരുന്നു. ഡ്യൂട്ടിക്കിടയില്‍ വാര്‍ഡനെ മര്‍ദ്ധിച്ച സംഭവം അംഗീകരിക്കാനികില്ലെന്നും അദ്ദേഹം അറിയിച്ചു. സിസിടിവിയില്‍ ദ്യശ്യം പതിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പരുക്കേറ്റ ട്രാഫിക് വാര്‍ഡനെ പിന്നീട് ലെസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പതുകാരനായ വാര്‍ഡന്റെ മുഖത്തും തലയിലും പരുക്കുണ്ട്. 28നും30നും ഇടയില്‍ പ്രായമുളള മൂന്ന് വെളളക്കാരായ യുവാക്കളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല