1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2012

കോട്ടയം:മുണ്ടക്കയം മുരിക്കുംവയല്‍ സര്‍ക്കാര്‍ സ്‌കൂളിലെ പതിനഞ്ച് അധ്യാപികമാരും ചൊറിഞ്ഞ് ചൊറിഞ്ഞ് ചൊറിഞ്ഞ് ഒരു അധ്യയനദിനം മുഴുവന്‍ നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞാല്‍ മതിയല്ല. ഒടുവില്‍ സംഭവത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഡോ.ജെ.പ്രമീളാദേവി സ്‌കൂളിലെത്തി തെളിവെപ്പുവരെ നടത്തിയിരിക്കുകയാണ്. ദേഹാസ്വാസ്ഥ്യം ഉണ്ടായ 15 അധ്യാപികമാരില്‍നിന്ന് അവര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അധ്യാപികമാര്‍ കമ്മീഷന്‍ അംഗത്തിന് രേഖാമൂലം പരാതി നല്‍കി. അവധി കഴിഞ്ഞ് സ്‌കൂളിലെത്തിയപ്പോഴാണ് അധ്യാപികമാര്‍ക്ക് പണികിട്ടയത്. സ്റ്റാഫ് റൂമിലും ബാത്ത്‌റൂമിലും കയറിയതുമുതല്‍ ദേഹം ചൊറിച്ചില്‍, ഛര്‍ദ്ദി, തലമുടി കൊഴിച്ചില്‍, ദേഹത്ത് പൊള്ളല്‍ എന്നിവ ഉണ്ടായതായി അധ്യാപികമാര്‍ പ്രമീളാദേവിയോട് പരാതിപ്പെട്ടു. ശാരീരിക അസ്വസ്ഥതകള്‍ വിവരിക്കുന്നതിനിടയില്‍ ചില അധ്യാപികമാര്‍ വിങ്ങിപ്പൊട്ടി.
സ്‌കൂളില്‍ ശുചീകരണത്തിന്റെ ഭാഗമായി പിറ്റിഎയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഒരു കീടനാശിനി തളിച്ചിരുന്നു. ഏതു കീടനാശിനിയാണ് ഉപയോഗിച്ചതെന്ന് അറിയാത്തതിനാല്‍ ഫലപ്രദമായ ചികിത്സ ലഭിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും സ്‌കൂളില്‍നിന്ന് വേണ്ട പരിരക്ഷ കിട്ടുന്നില്ലെന്നും അധ്യാപികമാര്‍ പരാതിപ്പെട്ടു. ചില പി.ടി.എ.അംഗങ്ങള്‍ ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു. ഫൊറന്‍സിക് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ച് രാസവസ്തു ഏതെന്ന് കണ്ടെത്താന്‍ നടപടിയെടുക്കുമെന്ന് പ്രമീളാദേവി അറിയിച്ചതോടെയാണ് ചൊറിച്ചിലിന് അല്‍പമെങ്കിലും ശമനമുണ്ടായത്. വിദഗ്ധര്‍ എത്തി മുറി പരിശോധിക്കുംവരെ പൂട്ടിയിടാന്‍ പ്രിന്‍സിപ്പലിനോട് വനിതാ കമ്മിഷന്‍ അംഗം നിര്‍ദ്ദേശിച്ചു.
അതേസമയം ഫിലോളും യൂക്കാലിപ്റ്റസും ചേര്‍ന്ന മിശ്രിതമാണ് താന്‍ മുറി വൃത്തിയാക്കാന്‍ ഉപയോഗിച്ചത് എന്ന നിലപാടില്‍ പി.റ്റി.എ.പ്രസിഡന്റ് ഉറച്ചുനിന്നു
പി.റ്റി.എ.യുടെ നിലപാടില്‍ പ്രതിഷേധിച്ച് പി.റ്റി.എ അംഗങ്ങളായ മൂന്ന് അധ്യാപികമാര്‍ രാജിക്കത്തും നല്‍കി. സ്റ്റാഫ് റൂമില്‍ കീടനാശിനി തളിച്ച സംഭവത്തില്‍ പി.റ്റി.എ.പ്രസിഡന്റും സഹായിയും തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച്‌സ്‌കൂള്‍ പ്യൂണ്‍ ഡി.ഇ.ഒ.യ്ക്ക് പരാതിയും നല്‍കി. ഫൊറന്‍സിക് പരിശോധന നടത്തി അധ്യാപിക മാരുടെ മുറിയിലും ബാത്ത്‌റൂമിലും ഉപയോഗിച്ച രാസവസ്തു കണ്ടെത്തണമെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് അധ്യാപികമാര്‍ മുണ്ടക്കയം പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. മുരിക്കുംവയല്‍ സ്‌കൂളിലെ സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കുമെന്നും അതിനുശേഷം യുക്തമായ നടപടി കൈക്കൊള്ളുമെന്നും ഡി.ഇ.ഒ. റ്റി.വി.പ്രസന്നകുമാരി വ്യക്തമാക്കി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടഅധ്യാപികമാര്‍ ഇപ്പോഴും ചികിത്സയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.