ഇംഗ്ലണ്ട്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവടങ്ങളില്‍നിന്നായി ഈ വര്‍ഷം ജിസിഎസ്ഇ പരീക്ഷ എഴുതിയ 6000000 വിദ്യാര്‍ത്ഥികളില്‍നിന്നും വേറിട്ടൊരു വിജയമായിരുന്ന യുകെയിലെ പ്രമുഖ മലയാളി സോളിസിറ്റര്‍ ആയ ഫ്രാന്‍സിസ് കവളക്കാട്ടിന്റെയും മിനിയുടെയും മകന് റൂബിള്‍ നേടിയത്. പത്ത് വിഷയത്തിലും എ സ്റ്റാര്‍ നേടിയ റൂബിളിന്റെ അത്യപൂര്‍വ്വനേട്ടം യുകെയിലെ പ്രവാസി സമൂഹവും ഏറെ ആഘോഷിച്ചു. റൂബിളിനെക്കൂടാതെ ഷ്രൂസ്ബറിയിലെ ശശിധരന്-റോസമ്മ ദമ്പതികളുടെ മകള്‍ നയന്‍താര, ബാസില്ഡണ് ആശുപത്രിലെ സര്‍ജനായ ജയചന്ദ്രന് മേനോന്റേയും കാര്‍ഡിയോളജിസ്റ്റായ സുധ അയ്യരുടേയും മകന് ഗൗതം മേനോന്, തൃശൂര്‍ കൊരട്ടി സ്വദേശികളായ വര്‍ഗീസ് തെക്കിനത്ത്-ഷീബാ ദമ്പതികളുടെ മകളായ അഞ്ജന വര്‍ഗീസ്, ആഷ്ഫോര്‍ഡിലെ രാജു-ഓമന മകനായ ക്രിസ്റ്റി വര്‍ഗീസ് എന്നിവരും ഇത്തവണ പരീക്ഷയില്‍ താരത്തിളക്കം സ്വന്തമാക്കിയവരാണ്. കഠിനാധ്വാനവും ദൈവാനുഗ്രഹവുമെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ഈ കുട്ടികള്‍ മികവിന്റെ പാരമ്യതയിലെത്തി. അവര്‍ ജീവിതത്തില്‍ കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് വളരട്ടെ എന്ന് ആശംസിക്കാം.
അതോടൊപ്പം പതിനായിരക്കണക്കിനുവരുന്ന യുകെയിലെ മലയാളി പ്രവാസി സമൂഹത്തിലെ കുട്ടികളുടെ പഠനം എങ്ങനെ മുന്നോട്ടുപോകുന്നുവെന്ന അന്വേഷണവും നമ്മള് നടത്തേണ്ടിയിരിക്കുന്നു. കാരണം പ്രവാസികളുടെ പുതുതലമുറയ്ക്ക് ഏറ്റവും മോശം വിദ്യാഭ്യാസം ലഭിക്കുന്ന രാജ്യമായി യുകെ മാറിയിരിക്കുകയാണ്. ഫ്രാന്‍സ്, സ്വീഡന്, നെതര്‍ലന്റ് തുടങ്ങിയ രാജ്യങ്ങുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുകെയിലാണ് പ്രവാസികളിലെ പുതുതലമുറ ഏറ്റവും മോശം വിദ്യാഭ്യാസം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടത്.
ഓര്ഗനൈസേഷന് ഓഫ് ഇക്കണോമിക്സ് കോ-ഓപ്പറേഷന്(ഒഇസിഡി) പുറത്തുവിട്ട കണക്കുകളനുസരിച്ച് യുകെയിലെ പ്രവാസികളും ഇവിടുത്തെ സാധാരണക്കാരും കുട്ടികളെ പഠിപ്പിക്കാന്‍ അയക്കുന്നത് ഏറ്റവും താഴ്ന്ന നിലവാരത്തിലുള്ള സ്കൂളുകളിലാണ്. പ്രവാസ സമൂഹത്തില്‍ നിന്നുള്ള എണ്‍പതുശതമാനം കുട്ടികളും ഇത്തരത്തില്‍ മതിയായ ശ്രദ്ധയില്ലാത്ത വിദ്യാഭ്യാസരീതി പിന്തുടരുന്ന സ്കുളുകളില് തുടരാന്‍ വിധിക്കപ്പെട്ടവരാണ്.
പ്രവാസികുട്ടികളുടെ എണ്ണം രാജ്യത്ത് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത് വളരെ ഗൗരവത്തോടെ പരിഗണിക്കേണ്ടിയിരിക്കുന്നു. ഇംഗ്ലണ്ടില്‍ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ 10 ലക്ഷത്തോളം കുട്ടികളുടെയും വീടുകളില്‍ ഉപയോഗിക്കുന്ന ഭാഷ ഇംഗ്ലീഷ് അല്ലെന്ന കണക്ക് അടുത്തിടെയാണ് പുറത്തുവന്നത്. ഇത്തരത്തില്‍ വീടുകളില്‍ മറ്റ് ഭാഷകള്‍ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം ആഴ്ച തോറും ഒന്ന് എന്ന നിലയില്‍ സ്കൂളുകളില്‍ വര്‍ധിച്ചുവരികയും ചെയ്യുന്നുവെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യുക്കേഷന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ഇംഗ്ലണ്ടിലെ 1363 െ്രെപമറി സ്കൂളുകളിലും 224 സെക്കന്‍ഡറി സ്കൂളുകളിലും 51 സ്പെഷല്‍ സ്കൂളുകളിലുമുള്ള പകുതിയിലേറെ കുട്ടികളും ഇംഗ്ലീഷ് ഭാഷ മാതൃഭാഷയായി ഉപയോഗിക്കുന്ന വീടുകളില്‍ നിന്നല്ല വരുന്നത്. അങ്ങനെ വൈവിധ്യമാര്‍ന്ന ഭാഷകള്‍ ഉപയോഗിക്കുന്ന കുട്ടികള്‍ നിറഞ്ഞ ക്ലാസുകള്‍ ബ്രിട്ടനില്‍ ഏറെ വ്യാപകമായിരിക്കുന്നു. ഇംഗ്ലീഷില്‍ അത്ര പ്രാവീണ്യമില്ലാതെ യുകെയില്‍ വിദ്യാഭ്യാസമാരംഭിക്കുന്ന കുട്ടികള്‍ക്ക് ഏറെ കരുതലോടെ വിദ്യാഭ്യാസം നല്‍കേണ്ട അവസ്ഥയിലാണ് ബ്രിട്ടനിലെ സ്കൂളുകള്‍. ഇതാണ് മലയാളികളും ഫലപ്രദമായി തരണം ചെയ്യേണ്ട കടമ്പ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല