ഇസ്ലാം മതത്തെ അപമാനിക്കുന്നു എന്ന് ആരോപിക്കപ്പെട്ട “ഇന്നസെന്‍സ് ഓഫ് മുസ്ലീംസ്” എന്ന വിവാദ അമേരിക്കന്‍ ചിത്രം ഇന്ത്യയില്‍ നിരോധിച്ചു. യൂട്യൂബിനോട് ചിത്രം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
അതുപോലെ ചിത്രത്തിനെതിരെ രാജ്യത്തിനുള്ള പ്രതിഷേധം ഇന്ത്യ അമേരിക്കയും അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. ജമ്മു കാശ്‌മീര്‍ സര്‍ക്കാര്‍ ചിത്രം രാജ്യത്ത് നിരോധിക്കണം എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
ചെന്നൈ ഉള്‍പ്പെടെ ചില സ്ഥലങ്ങളില്‍ ചിത്രത്തിനെതിരെ പ്രതിഷേധം ഉയരുകയും ചെയ്‌തിരുന്നു. ഇന്ത്യയില്‍ ചിത്രം ലഭ്യമാക്കില്ല എന്ന് അമേരിക്കയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യൂട്യൂബ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ചിത്രം യൂട്യൂബില്‍ നിന്നും പിന്‍വലിക്കണം എന്ന വൈറ്റ് ഹൗസിന്റെ ആവശ്യം ഗൂഗിള്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
കഴിഞ്ഞ ജൂണിലാണ് ഈ സിനിമ ഹോളിവുഡില്‍ പ്രദര്‍ശിപ്പിക്കുന്നത്. തുടര്‍ന്ന് ഈ സിനിമയുടെ അറബി പരിഭാഷ യൂട്യൂബിലൂടെ പ്രചരിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്.
ഈ പശ്ചാത്തലത്തില്‍ ഈജിപിതിലും ലിബിയയിലും അമേരിക്കന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. അതേസമയം ഈ സിനിമയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ അക്രമ പാതയില്‍ നിന്നും പിന്തിരിയണം എന്ന് ആവശ്യപ്പെട്ട് ആത്മീയ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല