ഇസ്‌ലാമാബാദ്: മുന്‍പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരെ ജാമ്യമില്ലാ വാറണ്ട്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക തീവ്രവാദ വിരുദ്ധ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
ബേനസീറിനെ വധിക്കാനായി താലിബാന്‍ പദ്ധതിയിടുന്നതായി മുഷറഫിന് അറിവ് ലഭിച്ചിട്ടും അത് ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിച്ചില്ല എന്ന ആരോപണമാണ് അദ്ദേഹത്തിനെതിരെയുള്ളത്. തെഹരിക് ഇ താലിബാന്‍ തലവന്‍ ബെയ്ത്തുള്ള മഹ്‌സദ് ബേനസീറിനെ വധിക്കാനായി പദ്ധതിയിട്ടതായി മുഷറഫിന് വിവരം ലഭിച്ചിരുന്നെന്ന് ജോയിന്റ് ഇന്‍വസ്റ്റിഗേഷന്‍ ടീം കണ്ടെത്തി. എന്നാല്‍ ഈ കാര്യം ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്നും അദ്ദേഹം മറച്ചുവച്ചതായും ജെ.ഐ.ടി വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്നാണ് മുഷറഫിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി തീവ്രവാദ വിരുദ്ധ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുഷറഫിനെ പ്രതിചേര്‍ത്തിരുന്നു . സ്‌ഫോടനം നടന്നസ്ഥലം ഉടന്‍ വൃത്തിയാക്കിയത് മുഷ്‌റഫിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2007 ഡിസംബറില്‍ റാവല്‍ പിണ്ഡിയില്‍ വച്ചാണ് ഭൂട്ടോ കൊലചെയ്യപ്പെട്ടത്. മുഷറഫായിരുന്നു ആ സമയത്ത് പാക്ക് പ്രസിഡന്റ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല