1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2012

ജേക്കബ് കോയിപ്പിള്ളി

ലണ്ടന്‍:പ്രകൃതിനിര്‍മിത വസ്തുക്കള്‍ ബ്രട്ടീഷ് സമൂഹം ഇരുകൈയും നീട്ടിവാങ്ങുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന കയര്‍ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി യുകെ മലയാളികള്‍ പ്രവര്‍ത്തിക്കണമെന്ന് കയര്‍ബോര്‍ഡ് ചെയര്‍മാന്‍ പ്രഫ.ജി.ബാലചന്ദ്രന്‍. എ.കെ.ആന്റണിക്കൊപ്പം കേരളത്തില്‍ വിദ്യാര്‍ഥി കോണ്‍്ഗ്രസിനു നേതൃത്വം നല്കി സജീവരാഷ്ട്രയത്തിലെത്തിയ പ്രഫ.ജി.ബാലചന്ദ്രന്‍ കേരളത്തിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയാണ്. മലയാളികളുടെ കരവിരുതില്‍ രൂപംകൊള്ളുന്ന മനോഹരമായ കയര്‍ ഉത്പന്നങ്ങള്‍ക്ക് ലോകമെമ്പാടും വിപണി കണ്ടെത്തി തൊഴിലാളികളെയും രാജ്യത്തെയും സേവിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രഫ.ജി.ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള കയര്‍ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ യുകെയില്‍ കയര്‍ബോര്‍ഡിന്റെ ഷോറൂം തുറക്കുകയാണ്. ബെര്‍മിംഗ്ഹാമിലാണ് കയര്‍വിപണിയിലെ പുതിയ പ്രവണതകള്‍ക്കനുസരിച്ചുള്ള ഉത്പന്നങ്ങളുമായി ഷോറൂം തയ്യാറായിരിക്കുന്നത്. ഇന്ത്യന്‍ എംബസിയിലെ കൗണ്‍സില്‍ ജനറല്‍ ഓര്‍ ബെര്‍മിംഗ്ഹാമാണ് ഷോറൂം ഉദ്ഘാടനം ചെയ്യുന്നത്.

കയര്‍വ്യവസായത്തെ ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന എക്‌സിബിഷനുകളില്‍ കയര്‍ബോര്‍ഡ് പങ്കെടുക്കുന്നുണ്ട്. അതുവഴി ലോകവിപണിയാണ് ലക്ഷ്യമിടുന്നതെന്ന് പ്രഫ.ജി.ബാലചന്ദ്രന്‍ എന്‍ആര്‍ഐ മലയാളിയോടു പറഞ്ഞു. പരമ്പരാഗതമായി കയറും ചവിട്ടിയും ഉത്പാദിപ്പിക്കുന്ന സംവിധാനം എന്ന നിലയില്‍ നിന്നും കയര്‍ബോര്‍ഡ് ഏറെ മാറിയിരിക്കുകയാണ്. നിരന്തരമായ ഗവേഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ആധുനിക ഉത്പന്നങ്ങളാണ് കയര്‍ബോര്‍ഡ് വിപണിയില്‍ അവതരിപ്പിക്കുന്നത്. അതിവേഗത്തില്‍ പുല്‍ത്തകിടികള്‍ വച്ചുപിടിപ്പിക്കാന്‍ കഴിയുന്ന കൊക്കോലോണ്‍ ഉള്‍പ്പെടെ കയര്‍ബോര്‍ഡ് ഉത്പന്നങ്ങള്‍ക്ക് ലോകമെമ്പാടും വിപണനസാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കയര്‍ബോര്‍ഡ് ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത കൊക്കോലോണിന് ഗള്‍ഫില്‍ ഇതിനകം വലിയ സ്വീകരണമാണ് ലഭിച്ചത്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി കയര്‍ബോര്‍ഡ് കെട്ടിയകുറ്റിയില്‍ത്തന്നെ കറങ്ങിത്തിരിയുകയായിരുന്നു. ഈ നിലയില്‍ നിന്നുള്ള മാറ്റങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വൈവിധ്യവത്കരണത്തിലൂടെ കൂടുതല്‍ ഉത്പന്നങ്ങള്‍ തയ്യാറാക്കണം. അതുവഴി വലിയതോതിലുള്ള വിദേശനാണ്യവും ഉറപ്പാക്കാം. കയര്‍ബോര്‍ഡിന്റെ വികസനനേട്ടങ്ങള്‍ പുറംലോകത്തെ അറിയിക്കാന്‍ കഴിഞ്ഞമാസം 12 മുതല്‍ കൊച്ചിയില്‍ നടത്തിയ ഇന്റര്‍നാഷണല്‍ കയര്‍ എക്‌സ്‌പോ വലിയ പ്രയോജനം ചെയ്തിരുന്നു. കേന്ദ്രമന്ത്രി വയലാര്‍രവി ഉള്‍പ്പെടെ ഭരണനേതൃത്വം വലിയപിന്തുണ നല്കിയതോടെ കയര്‍ബോര്‍ഡിന് കയര്‍എക്‌സ്‌പോ വലിയതോതില്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞു. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിയേും ഡെലിഗേറ്റുകളും കയര്‍രംഗത്തെ വിദഗ്ധരും പങ്കെടുത്ത മേള ആഗോളതലത്തിലും ശ്രദ്ധനേടി.

ശ്രീലങ്കയും ഫിലിപ്പൈന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് കയര്‍വിപണിയില്‍ ഇന്ത്യക്കുവെല്ലുവിളി. കയര്‍ബോര്‍ഡ് നടത്തുന്ന ഗവേഷണങ്ങളിലൂടെ കണ്ടെത്തുന്ന ഉത്പന്നങ്ങള്‍ അവരും ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിനെ ഫലപ്രദമായി മറികടക്കേണ്ടതുണ്ട്. കേരളത്തില്‍ തൊണ്ടുംചകിരിയും കിട്ടാനില്ലാത്തതിനാല്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് ഇന്ത്യയുടെ കയര്‍വ്യവസായം ഇപ്പോള്‍ പുരോഗമിക്കുന്നത്. അവരാകട്ടെ ഇപ്പോള്‍ ചകിരി വ്യാപകമായി ചൈനയിലേക്ക് കയറ്റിയയക്കുന്നു. ഈ പ്രവണ മാറ്റാന്‍ കയര്‍ബോര്‍ഡ് കര്‍മപദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏഴുലക്ഷംപേരോളമാണ് രാജ്യത്തെ കയര്‍മേഖലയില്‍ ജോലിചെയ്യുന്നത്. പുതിയ തൊഴിലാളികള്‍ ഈരംഗത്തെക്ക് ആകര്‍ഷിക്കപ്പെടുന്നല്ല. കൂടുതല്‍ പ്രതിഫലവും ആധുനികവത്കരണവും വഴി ഇതിന് പരിഹാരം കാണുകയാണ് കയര്‍ബോര്‍ഡിന്റെ മുന്നിലുള്ള പ്രധാനവെല്ലുവിളി. ഇതിനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. തേക്കിനെക്കാള്‍ കടുപ്പമുള്ള തടി കയര്‍ ഉപയോഗിച്ച് നിര്‍മിക്കുന്നത് ഇതിലൊന്നാണ്. ഇത്തരം തടി ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ കയര്‍ബോര്‍ഡ് കണ്ടുപിടിച്ചെങ്കിലും ഉത്പാദനം ആരംഭിച്ചിട്ടില്ല. ബാംഗ്ലൂരില്‍ മുന്നു സ്ഥാപനങ്ങളും കേരളത്തില്‍ ഒരു പൊതുമേഖല സ്ഥാപനവും ഇതിനായി ശ്രമം നടത്തുന്നുണ്ട്.

യുകെയില്‍ വലിയ സാധ്യതയാണ് കേരളത്തിലെ കയര്‍ ഉത്പന്നങ്ങള്‍ക്കുള്ളത്. ടോയ്‌ലറ്റില്‍ ഉപയോഗിക്കുന്ന വിവിധ ഉത്പന്നങ്ങള്‍ മുതല്‍ വീടുകള്‍ അലങ്കരിക്കുന്നതിനുള്ള സാധനങ്ങള്‍വരെ കയര്‍ബോര്‍ഡിന്റെ ഗവേഷണവിഭാഗം നിര്‍മിക്കുന്നുണ്ട്. യുകെയില്‍ കയര്‍ ഉത്പന്നങ്ങളുടെ വിപണനത്തിന് മലയാളികള്‍ മുന്‍കൈ എടുക്കണം. യുകെ മലയാളികള്‍ക്ക് ഇതുവഴി ലാഭവും കണ്ടെത്താം. ഇതെങ്ങനെ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുമെന്ന് ചര്‍ച്ച നടത്തിവരികയാണ്. സര്‍ക്കാരില്‍ നിന്നും ചെയ്യാവുന്ന എല്ലാ സഹായവും ഇത്തരം സംരംഭകര്‍ക്ക് നല്കുമെന്നും അദ്ദേഹം പറഞ്ഞു. എമേര്‍ജിംഗ് കേരളയില്‍ കയര്‍വികസനവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ സമര്‍പ്പിക്കപ്പെട്ടുവെന്നും ജി.ബാലചന്ദ്രന്‍ വ്യക്തമാക്കി.

യുകെ മലയാളികളുടെ ജീവിതരീതിയിലെ പ്രത്യേകതകളും അദ്ദേഹം വിശദീകരിച്ചു. ചെറിയ സമൂഹമാണെങ്കിലും കൂട്ടായ്മ അനിവാര്യമാകേണ്ട ഘട്ടത്തിലാണ് യുകെ മലയാളികള്‍ എത്തി നില്ക്കുന്നത്. സംഘടനകളെല്ലാം പല കഷണങ്ങളായി പ്രവര്‍ത്തിക്കുന്ന രീതിയാണ് യുകെ മലയാളികളുടേത്. ഇതിനു മാറ്റം വരുത്തണം. യുകെ മലയാളികളെ ഒന്നായി, ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടുപോകാനാണ് ഇവിടുത്തെ സംഘടനകള്‍ ശ്രമിക്കേണ്ടത്-ജി.ബാലചന്ദ്രന്‍ നിരീക്ഷിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.