ലണ്ടന്‍: ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ടണിന്റെ അര്‍ധനഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഫ്രാന്‍സിലെ ക്ലോസര്‍ മാസികയെ കോടതി വിലക്കി. അതേസമയം കോടതി വിധിവരുംമുമ്പേ മാസികയുടെ 500,000 കോപ്പികള്‍ ചൂടപ്പംപോലെ വിറ്റഴിഞ്ഞിരുന്നു. സാധാരണ ഇതിന്റെ ഇരട്ടികോപ്പികളാണ് മാസിക വിറ്റഴിക്കാറുള്ളതെന്നുമാത്രം. അച്ചടിച്ചത് അച്ചടിച്ചു, ഇനി വേണ്ടെന്ന നിലപാടിലേക്ക് കാര്യങ്ങള്‍ എത്തിയെന്ന് ചുരുക്കം.
വിലക്ക് ലംഘിച്ചാല്‍ ഓരോ ദിവസത്തിനും എണ്ണായിരം പൗണ്ട് വീതം മാഗസീന് ഫൈന്‍ നല്‍കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ഫ്രാന്‍സിലെ ഒരു പ്രഭു മന്ദിരത്തില്‍ അവധിക്കാല ആഘോഷത്തിനെത്തിയ രാജ ദമ്പതിമാരുടെ സ്വകാര്യ ചിത്രങ്ങള്‍ ലോംഗ് ലെന്‍സ് ഉപയോഗിച്ചാണ് ക്ലോസര്‍ പകര്‍ത്തിയത്. ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച കോപ്പികള്‍ 24 മണിക്കൂറിനുളളില്‍ കോടതിയില്‍ ഹാജരാക്കാനും കോടതി മാഗസീന്റെ പ്രസാധകരായ മോണ്ഡാദോരിയോട് ആവശ്യപ്പെട്ടു. ഹാജരാക്കാത്ത പക്ഷം ഓരോ ദിവസത്തിനും പിഴ ഈടാക്കുമെന്നും കോടതി ഉത്തരവിലുണ്ട്.
അഴിമതി ആരോപണ വിധേയനായ മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലൂസ്കോണിയുടെ ഉടമസ്ഥതയിലുളളതാണ് മോണ്ഡോദാരി പബ്ലിക്കേഷന്‍. ഫോട്ടോകള്‍ വിറ്റഴിച്ചിട്ടുണ്ടെങ്കില്‍ 80,720 പൗണ്ട് പിഴ അടയ്ക്കാനും കോടതി പ്രസാധകരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഫോട്ടോകള്‍ തങ്ങളുടേത് അല്ലെന്നും അതിനാല്‍ അത് വില്‍ക്കുന്നത് തടയാന്‍ തങ്ങള്‍ക്കാകില്ലെന്നും കമ്പനി കോടതിയ്ക്ക് നല്കിയ സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞു. ഇതേ തുടര്‍ന്ന കൊട്ടരത്തിലെ അഭിഭാഷകര്‍ ഫോട്ടോകള്‍ മറ്റൊരു മാധ്യമം പ്രസിദ്ധീകരിക്കുന്നതും വിലക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തിര ഹര്‍ജി നല്കി.
ബര്‍ലൂസ്കോണിയുടെ ഉടമസ്ഥതയിലുളള ഇറ്റാലിയന്‍ മാഗസീനായ ചീയും ഐറിഷ് ഡെയ്ലി സ്റ്റാറും ക്ലോസറിന് പിന്നാലെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഫോട്ടോ എടുത്ത ഫോട്ടാഗ്രാഫറിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ ചിത്രങ്ങള്‍ വില്ക്കാന് ശ്രമിക്കുന്നുണ്ടെന്നാണ് കിട്ടിയ വിവരം. ചിത്രങ്ങള്‍ എടുത്ത ഫോട്ടോഗ്രാഫറിനെതിരേയും മാഗസീന്റെ എഡിറ്ററിന് എതിരേയും രാജ ദമ്പതികള്‍ ഒരു ക്രിമിനല്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം വരെ തടവും 36,000 പൗണ്ട് പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്.
രാജ കൊട്ടാരത്തില്‍ നിന്നുളള പ്രത്യേക നിര്‍ദ്ദേശപ്രകാരം ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറെ കണ്ടെത്താനുളള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇപ്പോഴും ഫോട്ടോഗ്രാഫുകളുടെ കോപ്പിറെറ്റ് ഇയാളുടെ പേരിലാണ് എന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ ഫോട്ടോഗ്രാഫറുടെ പേര് രഹസ്യമാക്കി വെയ്ക്കാനാണ് പാരീസിലെ പാപ്പരാസി സമൂഹത്തിന്റെ തീരുമാനം. നിലവില്‍ പുറത്തിറങ്ങിയ ക്ലോസറിന്റെ ടോപ്പ്ലെസ്സ് എഡീഷന്റെ 400,000 കോപ്പികളെങ്കിലും വിറ്റഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ലണ്ടനിലെത്തിയ കോപ്പികള്‍ മണിക്കൂറുകള്‍ക്ക് ഉളളില്‍ തന്നെ വിറ്റഴിഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല