1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2012

വെല്‍ഫെയര്‍ ബഡ്ജറ്റില്‍ നിന്നും 10 ബില്യണ്‍ പൗണ്ടിന്റെ ചെലവ് ചുരുക്കാനുളള ചാന്‍സലര്‍ ജോര്‍ജ്ജ് ഒസ്‌ബോണിന്റെ നടപടിയെ തുടര്‍ന്ന് ബെനിഫിറ്റ് വിതരണം താല്‍ക്കാലികമായി മരവിക്കുമെന്ന് സൂചന. കഴിഞ്ഞ ഡിസംബറില്‍ വെല്‍ഫെയര്‍ ബഡ്ജറ്റില്‍ ചെലവു ചുരുക്കല്‍ ബാധകമാക്കണമെന്ന് ഒസ്‌ബോണ്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ലിബറല്‍ ഡെമോക്രാറ്റുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അത് നടന്നിരുന്നില്ല. ഇതാണ് നിലവില്‍ അടിയന്തിരമായ നീക്കത്തിലൂടെ ജോര്‍ജ്ജ് ഒസ്‌ബോണ്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.

വാര്‍ഷിക പണപ്പെരുപ്പത്തിന് അനുസൃതമായി ബെനിഫിറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്ന പരിപാടി ഇതോടെ നിര്‍ത്തലാക്കാനും ഗവണ്‍മെന്റിന് പദ്ധതിയുണ്ട്. ഇതിന് നിയമത്തിന്റെ പിന്‍ബലം വേണ്ടതിനാല്‍ നടപടികള്‍ക്ക് കാലതാമസം ഉണ്ടാകും. അടുത്ത വര്‍ഷങ്ങളിലായി വരുമാനത്തേക്കാള്‍ കൂടിയ തോതിലാണ് പണപ്പെരുപ്പത്തിന്റെ നിരക്ക് കൂടുന്നത്. അതിനാല്‍ ബെനിഫിറ്റുകളുടെ നിരക്കിലുണ്ടാകുന്ന വാര്‍ഷിക വര്‍ദ്ധനവിനെ ചൊല്ലി വിവാദങ്ങളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തില്‍ ബെനിഫിറ്റ് തുക വര്‍ദ്ധിപ്പിക്കുന്നത് നിര്‍ത്തലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

2009 മുതല്‍ വരുമാനത്തിന് അനുസൃതമായി ബെനിഫിറ്റ് തുകയില്‍ വര്‍ദ്ധനവ് വരുത്തിയിരുന്നെങ്കില്‍ മൊത്തം 14 ബില്യണ്‍ സേവ് ചെയ്യാന്‍ കഴിയുമായിരുന്നു എന്ന് വൈറ്റ്ഹാള്‍ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഫെബ്രുവരിയില്‍ തൊഴിലില്ലാത്ത ആളുകള്‍ക്കുളള ബെനിഫിറ്റില്‍ 5.2 ശതമാനം വര്‍ദ്ധനവ് വരുത്തിയിരുന്നു. ജീവിതച്ചെലവ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മതിയാവില്ലെന്ന് വിലയിരുത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. ആനുകൂല്യങ്ങളിലുണ്ടായ വര്‍ദ്ധനവ് കാരണം ഈ സാമ്പത്തിക വര്‍ഷം മാത്രം ഗവണ്‍മെന്റിന് 6.6 ബില്യണ്‍ പൗണ്ടിന്റെ അധികബാധ്യതയാണ് ഉണ്ടാക്കിയത്. ഇത് ജോലിചെയ്യുന്ന ഒരാള്‍ക്ക് പ്രതീക്ഷിക്കാവുന്ന ശരാശരി ശമ്പള വര്‍ദ്ധനവായ 2.1 ശതമാനമാനത്തിന്റെ ഇരട്ടിയാണ്.

നിലവില്‍ വെല്‍ഫെയര്‍ ബഡ്ജറ്റില്‍ നിന്ന് 10 ബില്യണെങ്കിലും സേവ് ചെയ്യാനാണ് ജോര്‍ജ്ജ് ഒസ്‌ബോണിന്റെ നീക്കം. എന്നാല്‍ ബെനിഫിറ്റ് ആനുകൂല്യങ്ങള്‍ മരവിപ്പിക്കുന്നത് കൂട്ടുകക്ഷി ഭരണത്തെ ബാധിക്കുമെന്നതും ദുരിതം അനുഭവിക്കുന്നവരെ പ്രതിനിധീകരിക്കുന്ന ചാരിറ്റി ഗ്രൂപ്പുകളുടെ എതിര്‍പ്പ് ഉണ്ടാകുമെന്നതുമാണ് പരസ്യമായ നടപടികളില്‍ നിന്ന് ജോര്‍ജ്ജ് ഒസ്‌ബോണെ പിന്തിരിപ്പിക്കുന്നത്. നിലവില്‍ ട്രിപ്പിള്‍ ലോക്ക് അടിസ്ഥാനത്തില്‍ ബെനിഫിറ്റ് വര്‍ദ്ധനവ് വരുത്താനാണ് കൂട്ടുകക്ഷി മന്ത്രിസഭയുടെ തീരുമാനം. പണപ്പെരുപ്പം, വരുമാനം, 2.5 ശതമാനം ഇതില്‍ ഏതാണോ കൂടുതല്‍ അതിന്റെ അടിസ്ഥാനത്തില്‍ ബെനിഫിറ്റില്‍ വര്‍ദ്ധനവ് വരുത്തുന്നതാണ് ട്രിപ്പിള്‍ ലോക്ക്. എന്നാല്‍ ലിബറല്‍ ഡെമോക്രാറ്റുകളുടെ പിന്തുണ ലഭിക്കാതെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലെന്ന അവസ്ഥയിലാണ് ഗവണ്‍മെന്റ്. എന്നാല്‍ ബെനിഫിറ്റുകള്‍ താല്‍ക്കാലികമായി മരവിപ്പിച്ചുകൊണ്ടേ പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തില്‍ ബെനിഫിറ്റ് നിരക്കിലുണ്ടാകുന്ന വര്‍ദ്ധനവ് നിര്‍ത്തലാക്കാനാകൂ എന്ന വാര്‍ത്ത നിഷേധിക്കാനും പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.