1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2011


‘വൈകീട്ടെന്താ പരിപാടി’ എന്ന് പരസ്യങ്ങളിലൂടെ ചോദിക്കുന്ന ചില സിനിമാ നടന്മാര്‍ ഒരു തലമുറയെയാണ്‌ മദ്യാസക്തിയിലേക്ക്‌ നയിക്കുന്നതെന്നും ഇവര്‍ക്ക് യാതൊരു വിധ സാമൂഹിക പ്രതിബദ്ധതയും ഇല്ലെന്നും മുന്‍ ഡിജിപി സിബി മാത്യൂസ്‌. കൊല്ലം കടപ്പാക്കട സ്പോര്‍ട്സ്‌ ക്ലബില്‍ നടന്ന ലഹരിവിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്ര സംഗിക്കുകയായിരുന്നു അദ്ദേഹം. സിബി മാത്യൂസിന്റെ പരിഹാസം കൊണ്ടത് മോഹന്‍‌ലാലിനാണെന്ന് മനസിലായ സദസ്യര്‍ മാത്യൂസിനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.

ചാരായ നിരോധനത്തിന് ശേഷമാണ് കേരളത്തില്‍ കേരളത്തില്‍ മദ്യാസക്തിയും മദ്യത്തിന്റെ ഉപഭോഗവും വര്‍ദ്ധിച്ചതെന്ന് പറഞ്ഞുകൊണ്ട് സംസ്ഥാനത്ത് ചാരായം നിരോധിച്ച മുന്‍ മുഖ്യമന്ത്രി ആന്റണിയുടെ നയം തെറ്റായിരുന്നുവെന്നും സിബി മാത്യൂസ് പരോക്ഷമായി സൂചിപ്പിച്ചു.

“വൈകീട്ടെന്താ പരിപാടി എന്ന് പരസ്യങ്ങളിലൂടെ ചോദിക്കുന്ന ചില സിനിമാ നടന്മാര്‍ ഒരു തലമുറയെയാണ്‌ മദ്യാസക്തിയിലേക്ക്‌ നയിക്കുന്നത്. ഇത്തരം നടന്മാര്‍ക്ക്‌ സര്‍വകലാശാലകള്‍ ഡോക്ടറേറ്റും ഡീലിറ്റും നല്‍കി ആദരിക്കുന്നത്‌ ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും ഇക്കൂട്ടര്‍ മദ്യപ്രചാരണത്തില്‍ നിന്നും പിന്‍‌മാറുന്നില്ല. ഇവര്‍ക്കൊക്കെ സമൂഹത്തോട്‌ എന്ത് പ്രതിബദ്ധതയാണുള്ളത്?.”

“ചാരായം നിരോധിച്ചാല്‍ മദ്യോപയോഗം കുറയുമെന്നായിരുന്നു നമ്മുടെ ധാരണം. എന്നാല്‍ ചാരായ നിരോധനത്തിന് ശേഷം ഇവിടെ മദ്യാസക്തിയും മദ്യത്തിന്റെ ഉപഭോഗവും വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. മുമ്പ്‌ ഹരിയാനയും പഞ്ചാബുമായിരുന്നു മദ്യ ഉപഭോഗത്തില്‍ മുന്നില്‍ നിന്നിരുന്നത്‌. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിനാണ് മദ്യോപയോഗത്തില്‍ ഒന്നാം സ്ഥാനം.”

“സംസ്ഥാന സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നത്‌ മദ്യത്തിലൂടെയുള്ള വരുമാനമാണെന്നാണ് പലപ്പോഴും പ്രചരിക്കുന്നത്. സത്യത്തില്‍ മദ്യവില്‍‌പയിലൂടെ സംസ്ഥാനത്തിന് പ്രതിവര്‍ഷം ലഭിക്കുന്നത്‌ 3500 കോടി രൂപ മാത്രമാണ്‌. എന്നാല്‍ സെയില്‍ടാക്സിലൂടെയുള്ള വരുമാനം 16000 കോടിയാണ്‌. ഈ സാഹചര്യത്തില്‍ മദ്യവരുമാനം എങ്ങനെയാണ്‌ സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നത്?”

“എല്ലാ കുറ്റകൃത്യങ്ങള്‍ക്കുമുള്ള മൂലകാരണം മദ്യമായിക്കൊണ്ടിരിക്കുകയാണ്‌. ലോകാരോഗ്യ സംഘടനയുടെ കണക്ക്‌ പ്രകാരം 58 ശതമാനം മുറിവുകളും മദ്യം കഴിച്ചശേഷം ഉണ്ടാകുന്നതാണ്‌. കൂടാതെ ആത്മഹത്യകളില്‍ 50 ശതമാനവും മദ്യപാനം മൂലമാണ്‌. മദ്യത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്നോട്ടിറങ്ങണം” – സിബി മാത്യൂസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.