ഇനി ഡിവോഴ്സിന് വേണ്ടി കോടതി വരാന്തകള്‍ കയറി ഇറങ്ങണ്ട… വക്കീല്‍ ഫീസിന് വേണ്ടി നെട്ടോട്ടമോടേണ്ടി വരികയുമില്ല… അടുത്തുളള കോ- ഓപ്പ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയാല്‍ മതി… അതുമല്ലെങ്കില്‍ ഫോണെടുത്ത് ഒന്നു വിളിച്ചാല്‍ ഒരു ഡിവോഴ്സ് കിറ്റ് നിങ്ങളുടെ വീട്ടു പടിക്കലെത്തും. അതും വെറും 99 പൗണ്ടിന്. കോ – ഓപ്പ് പുതുതായി ആരംഭിച്ച് ഫാമിലി ലോയുടെ സേവനമാണ് രാജ്യമെമ്പാടുമുളള അവരുടെ 2800 സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും 350 ബാങ്ക് ശാഖകള്‍ വഴിയും ലഭിക്കുന്നത്. ഡിവോഴ്സ് കിറ്റ് കൂടാതെ പ്രീ നുപ്റ്റല് എഗ്രിമെന്റും കോ – ഓപ്പ് ശാഖകള്‍ വഴി ലഭിക്കും.
ഷോപ്പിങ്ങിന് എത്തുന്നവര്‍ക്ക് വളരെ എളുപ്പം ഡിവോഴ്സിനുളള നടപടികള്‍ സ്വീകരിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങളും അപേക്ഷകളും അടങ്ങുന്നതാണ് ഡൂ ഇറ്റ് യുവേഴ്സ് സെല്‍ഫ് ഡിവോഴ്സ് കിറ്റ്. സ്പെഷ്യലിസ്റ്റ് ഡിവോഴ്സ് അഭിഭാഷകരുടെ വന്‍ ഫീസ് താങ്ങാനാകാത്തവരെ ലക്ഷ്യമിട്ടാണ് കോ – ഓപ്പ് ഇത്തരമൊരു സേവനം നടപ്പിലാക്കിയത്. മണിക്കൂറിന് 250 പൗണ്ട് വരെയാണ് സ്പെഷ്യലിസ്റ്റ് ഡിവോഴ്സ് അഭിഭാഷകരുടെ ഫീസ്. എന്നാല്‍ കോ – ഓപ്പിന്റെ നടപടിയ്ക്കെതിരേ വിമര്‍ശനവുമായി ക്യാമ്പെയ്നേഴ്സ് രംഗത്തെത്തി കഴിഞ്ഞു. ഇത്തരം എളുപ്പവഴികള്‍ കുടുംബ ബന്ധങ്ങള്‍ വളരെ വേഗം തകരാന്‍ കാരണമാകുമെന്നാണ് ഇവരുടെ വാദം.
ഓണ്‍ലൈനായും ഡിവോഴ്സ് കിറ്റുകള്‍ വഴിയുമുളള നിര്‍ദ്ദേശങ്ങളും സഹായങ്ങളും ചെറിയ കാര്യത്തിന് പോലും ഡിവോഴ്സ് ചെയ്യാനാകും എന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ട് ചെന്ന് എത്തിക്കുമെന്ന് മാര്യേജ് ഫൗണ്ടേഷന്റെ സ്ഥാപകനും ചെയര്‍മാനുമായ സര് പോള്‍ കോളറിഡ്ജ് പറഞ്ഞു. വിവാഹം കഴിക്കുന്നതിനേക്കാള്‍ എളുപ്പം വിവാഹമോചനം നേടാനാകുമെന്ന സ്ഥിതി വരുന്നത് ബന്ധങ്ങള്‍ക്ക് യാതൊരു വിലയും ഇല്ലാതാക്കാനേ ഉപകരിക്കുക ഉളളൂ എന്നും അതിന്റെ ഫലങ്ങള്‍ ദീര്‍ഘകാലം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബന്ധങ്ങള്‍ നിലനിര്‍ത്താനാണ് ആളുകള്‍ ശ്രമിക്കേണ്ടതെന്നും അല്ലാതെ അത് അവസാനിപ്പിക്കാനല്ല എന്നും അദ്ദേഹം പറഞ്ഞു.
കോ – ഓപ്പിന്റെ ഫാമിലി ലോ സര്‍വ്വീസ് ഇന്ന് മുതലാണ് നിലവില്‍ വരുന്നത്. ഇതിന്റെ ഭാഗമായുളള ഓഫറുകളുടെ പരസ്യം എല്ലാവര്ക്കും കാണത്തക്ക വിധത്തില്‍ തന്നെ സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും വച്ചിട്ടുണ്ട്. എട്ട് തരം ഡിവോഴ്സ് കിറ്റുകള്‍ക്കാണ് ഓഫറുകള്‍ ഉളളത്. 99 പൗണ്ടിലാണ് ഇതിന്റെ വില തുടങ്ങുന്നത്. പൂര്‍ണ്ണമായ വിവാഹമോചനത്തിനുളള ഒരു കിറ്റിന് 475 പൗണ്ടാണ് വില. കോ- ഓപ്പിന്റെ ലീഗല്‍ ഹോട്ട്ലൈനില്‍ വിളിക്കുന്ന ഉപഭോക്താക്കള്‍ക്ക് കിറ്റ് വീട്ടിലെത്തിച്ച് നല്‍കുകയോ ഇമെയില്‍ ചെയ്യുകയോ ചെയ്യും.
കിറ്റ് വാങ്ങുന്ന ദമ്പതികള്‍ 50 പൗണ്ട് അധികമായി അടച്ചാല്‍ കോ ഓപ്പിന്റെ ലീഗല്‍ ടീമിലെ ഒരു അഭിഭാഷകന് നിങ്ങളുടെ പൂരിപ്പിച്ച രേഖകള്‍ കൃത്യമാണോ എന്ന് പരിശോധിക്കുകയും ചെയ്യും. ഇനി മണിക്കൂറിന് 150 പൗണ്ട് വീതം നല്കിയാല് ഇവര്‍ നിങ്ങള്‍ക്ക് ആവശ്യമായ നിയമോപദേശവും നല്‍കും. ഇതിനായി 25 പേര് അടങ്ങുന്ന ഒരു ഫാമിലി ലോയേഴ്സ് ടീമിന് കോ – ഓപ്പ് രൂപം നല്‍കിയിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം കാരണം ഡിവോഴ്സ് നടത്താന്‍ പണമില്ലാതെ വിഷമിക്കുന്ന ദമ്പതികളെ ഉദ്ദേശിച്ചാണ് ഇത്തരം കിറ്റുകള്‍ വിപണിയിലെത്തിച്ചതെന്ന് കോ- ഓപ്പ് അധികൃതര്‍ അറിയിച്ചു. ഗവണ്മെന്റില് നിന്ന് ഡിവോഴ്സിന് ആനുകൂല്യം ലഭിക്കാത്തവര്‍ക്കും ഇത് ഉപയോഗപ്പെടുത്താം. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഡിവോഴ്സിന് ഗവണ്മെന്റ് നല്‍കിയിരുന്ന സാമ്പത്തിക സഹായത്തില്‍ നിന്ന് 350 മില്യണ്‍ വെട്ടിച്ചുരുക്കാനും ഗവണ്മെന്റിന് നോട്ടമുണ്ട്. ന്നാല് വിവാഹമോചനം നടത്തുന്നതിന് മുന്‍പ് ദമ്പതികള്‍ കൃത്യമായ നിയമോപദേശം നേടിയില്ലെങ്കില്‍ ഭാവിയില്‍ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കോ – ഓപ്പിന്റെ ഫാമിലി ലോ സര്‍വ്വീസ് വഴി 950 പൗണ്ട് നല്കി പ്രീ- നുപ്റ്റല് എഗ്രിമെന്റും വാങ്ങാന്‍ കഴിയും. കൂടാതെ ലിവിംഗ് ടുഗതര്‍ ദമ്പതികള്‍ക്ക് പിരിയുമ്പോള്‍ അവരുടെ സ്ഥാനം വ്യക്തമാക്കുന്ന എഗ്രിമെന്റ് 550 പൗണ്ടിന് ലഭിക്കും. ഇത്തരം കാര്യങ്ങളില്‍ നിയമോപദേശം ലഭിക്കുന്നതിന് മണിക്കൂറിന് 175 പൗണ്ടാണ് ചാര്‍ജ്ജ്. കൂട്ടികളെ ആരുടെ സംരക്ഷണയില്‍ വിടണം എന്നുളള കാര്യത്തില്‍ വരെ ഇവരില്‍ നിന്ന് നിയമോപദേശം ലഭിക്കും. എന്നാല്‍ കോ ഓപ്പിന്റെ ഡു ഇറ്റ് യുവേഴ്സ് സെല്‍ഫ് ഡിവോഴ്്സ് കിറ്റുകള്‍ വാങ്ങുന്നവര്‍ നിയമോപദേശം നേടാന്‍ മടിക്കരുതെന്ന് കോപ്പറേറ്റീവ് ലീഗല്‍ സര്‍വ്വീസിന്റെ പോളിസി ആന്‍ഡ് സ്്ട്രാറ്റജി ഹെഡ് ക്രിസ്റ്റീന ബ്ലാക്ക്ലോസ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല