വെസ്റ്റ് യോര്‍ക്കെഷെയര്‍ മലയാളി അസോസിയേഷന്(വൈമ) യുടെ ഈവര്‍ഷത്തെ ഓണാഘോഷം അവിസ്മരണീയമായി. ഓണത്തിന്റെ അര്‍ത്ഥവും ചാരുതയും സമന്വയിച്ച മൈമയുടെ തിരുവോണാഘോഷം പ്രൗഢോജ്വലമായി ആഘോഷിച്ചപ്പോള്‍ പുതുതലമുറയ്ക്ക് സാംസ്കാരിക പൈതൃകം മനസിലാക്കുകയും മുതിര്‍ന്നവര്‍ തങ്ങളുടെ ബാല്യകാല സ്മരണകള്‍ പങ്കുവെക്കുകയും ചെയ്തു.
രാജകീയമായ പ്രശോഭയോടെ എഴുന്നള്ളത്ത് നടത്തിയ മഹാബലിയെ സ്നേഹാദരങ്ങളോടെ മൈമ അംഗങ്ങള്‍ സ്വീകരിച്ചു. ജോയ് കുഴുപ്പറമ്പില്‍ , ത്രേസ്യാമ്മ ജോസഫ്, ഗോപിനാഥന് നായര്‍ എന്നിവര്‍ തിരിതെളിച്ച് ഓണാഘോഷത്തിന് തുടക്കം കുറിച്ചു. പ്രസിഡന്റ് ടോമി കോലഞ്ചേരി ഉദ്ഘാടന പ്രസംഗവും അഞ്ജു കൃഷ്ണന് ഓണസന്ദേശവും നല്കി. സെക്രട്ടറി ജോസ് വിന്‍സെന്‍ സ്വാഗതമരുളി.സരളസരസമായ ഓണസല്ലാപം റോസി സജിയും രേഷ്മ സുരേഷും നയിച്ചു. അഞ്ജുവും സംഘവും അവതരിപ്പിച്ച തിരുവാതിര സദസ്സിന്റെ പ്രശംസ പിടിച്ചു പറ്റി. പ്രാചീന നവീന നൃത്തശില്പങ്ങള് സമന്വയിച്ച ഡപ്പാന്കൂത്ത് നൃത്തം കാണികളെ ആവേശം കൊള്ളിച്ചു.
ആരോഹണ അവരോഹണ ക്രമത്തില്‍ താളങ്ങളുടെ വേഗത വര്‍ദ്ധിപ്പിച്ച് ഹൃദയതാളങ്ങളെ ആവേശോജ്വലമാക്കിയ ടോമി കോലഞ്ചേരി, സിജോ ടോമി എന്നിവര്‍ നയിച്ച കരകാട്ടം അവിസ്മരണീയമായി. കൂടാതെ വിവിധ തരത്തിലുള്ള കലാകായിക പരിപാടികള്‍ ഒത്തൊരുമയുടെ ഉദാത്തമായ മാതൃകയായി. വാശിയേറിയ വടംവലി മത്സരത്തില്‍ പുരുഷവിഭാഗത്തില്‍ സാജന് സത്യന് നയിച്ച ടീമും വനിതാ വിഭാഗത്തില്‍ അഞ്ജുകൃഷ്ണന് നയിച്ച ടീമും ജേതാക്കളായി. കലാപരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക് മെഡലുകള്‍ വിതരണം ചെയ്തു
വിനു ചൂളക്കയ്ല്, ജിജോ സേവ്യര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല