1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2012

ലണ്ടന്‍:യുകെയിലെ വീടുകളോടുചേര്‍ന്നുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കൗണ്‍സിലുകളുടെ യുദ്ധപ്രഖ്യാപനം. തകര്‍ച്ചയുടെ വക്കില്‍നില്ക്കുന്ന സമ്പദ്‌വ്യവസ്ഥയെ പുനഃരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വീടിനോടുചേര്‍ന്ന് 26 അടിവരെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ടന്ന തീരുമാനത്തിലേക്ക് ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ എത്തിയത്. എന്നാല്‍ തീരുമാനത്തിനെതിരേ രണ്ടു കൗണ്‍സിലുകള്‍ തൊട്ടടുത്തനിമിഷം പരസ്യപ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഇത്തരം മണ്ടന്‍ തീരുമാനത്തിലൂടെ തെരുവുകള്‍ ഇല്ലാതാകുമെന്നും വസ്തുവില കുറയുമെന്നുമാണ് കൗണ്‍സിലുകളുടെ വാദം. ഇതിനുപുറമേ അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനും ഇത് വഴിയൊരുക്കും.

ടെറസ് ഉള്ളവീടുകള്‍ക്ക് 10 അടിവരെ കൂട്ടിയെടുക്കാനാണ് ഇപ്പോള്‍ നിയമം അനുവദിക്കുന്നത്. ഒറ്റപ്പെട്ട വീടുകളാണെങ്കില്‍ 13 അടിവരെ കൂട്ടിയെടുക്കാം. എന്നാല്‍ ഇതിനെല്ലാം പ്ലാനിംഗ് വിഭാഗത്തിന്റെ അംഗീകാരം വേണം. അതേസമയം ഈ തോത് ഇരട്ടിയാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. മൂന്നുവര്‍ഷത്തേക്കു മാത്രമയാിരിക്കും ഈ ആനുകൂല്യമെന്നും ഡേവിഡ് കാമറൂര്‍ നിര്‍ദേശിക്കുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശം തൊട്ടടുത്ത ദിവസംതന്നെ ടോറികള്‍ക്കു ഭൂരിപക്ഷമുള്ള റിച്ച്മൗണ്ട് കൗണ്‍സില്‍ വോട്ടെടുപ്പിലൂടെ തള്ളി. അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടയാനുള്ള അയല്‍ക്കാരുടെ അവകാശം പുതിയ നിയമം വഴി ഇല്ലാതാകുമെന്നായിരുന്നു കൗണ്‍സില്‍ നിലപാട്. ലിബറല്‍ ഡെമോക്രാറ്റുകളുടെ ഭരണത്തിലുള്ള സട്ടണ്‍ കൗണ്‍സിലും തീരുമാനത്തിനെതിരേ രംഗത്തുണ്ട്. നാശത്തിലേക്കുള്ള പാചകവിധിയെന്നാണ് തീരുമാനത്തെ കൗണ്‍സില്‍ വിശേഷിപ്പിക്കുന്നത്.

ചുവപ്പുനാടയുടെ കുരുക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം ആദ്യമാണ് പ്രധാനമന്ത്രി വീടുകളോടുചേര്‍ന്നുള്ള നിര്‍മാണം ലളിതമാക്കണമെന്ന പ്രഖ്യാപനം മുന്നോട്ടുവച്ചത്. നിരവധി കുടുംബങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും കൗണ്‍സിലുകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ തീരുമാനം ഉടനെങ്ങും നടപ്പാക്കാനാവില്ല. ഏതു നിയമനിര്‍മാണത്തിലുമെന്ന പോലെ ഈ വിഷയത്തിലും ജനങ്ങള്‍ രണ്ടുതട്ടിലാണ്. വീട് വലുതാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ തീരുമാനത്തെ അനുകൂലിക്കുമ്പോള്‍, തൊട്ടടുത്ത വീട് സ്വന്തം പൂന്തോട്ടത്തിലേക്ക് വളരുമെന്ന ആശങ്കിലാണ് മറുവിഭാഗം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.