1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2012

ന്യൂഡല്‍ഹി:ലോകമെമ്പാടും പരന്നുകിടക്കുന്ന മലയാളി നഴ്‌സുമാരുടെ അവകാങ്ങള്‍ക്കായുള്ള പോരാട്ടവും അടുത്തകാലത്ത് മാധ്യമങ്ങള്‍ സജീവമായി ചര്‍ച്ചചെയ്തുവരികയാണ്. ആ നിരയിലേക്ക് ഇതാ വീണ്ടുമൊരു മലയാളിനഴ്‌സുകൂടി. ശസ്ത്രക്രിയക്കിടെ അബദ്ധത്തില്‍ ആന്തരികാവയവം നീക്കംചെയ്തതിനെതിരെ പരാതിപ്പെട്ടതിന് ജോലിയില്‍നിന്ന് പിരിച്ചുവിട്ട നഴ്‌സിന് 12 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കാന്‍ ആശുപത്രിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ചികിത്സാപ്പിഴവിന് നിയമനടപടി സ്വീകരിച്ചതിന്റെ പേരിലാണ് കണ്ണൂര്‍ എ.കെ.ജി. സഹകരണ ആശുപത്രി നഴ്‌സിങ് അസിസ്റ്റന്റ് കൊയ്യോട് പെരുമണ്ടത്തില്‍ വീട്ടില്‍ സുശീലയെ 13 കൊല്ലംമുമ്പ് പിരിച്ചുവിട്ടത്. പിരിച്ചുവിട്ട ദിവസം മുതലുള്ള ശമ്പളം കണക്കാക്കി 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ജസ്റ്റിസുമാരായ അല്‍തമാസ് കബീര്‍, ജെ. ചെലമേശ്വര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടത്.
കേസ് നടപടികള്‍ക്കിടയില്‍ സര്‍വീസില്‍നിന്ന് വിരമിച്ചത് കണക്കിലെടുത്താണ് പിരിച്ചുവിട്ട കൊല്ലം മുതലുള്ള ശമ്പളവും ആനുകൂല്യവും കണക്കാക്കിയത്. 24 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുശീലയ്ക്കുവേണ്ടി ഹാജരായ അഡ്വ. ബാബു മലയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, അഞ്ചുലക്ഷം രൂപ നല്‍കാമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. ഇതുതള്ളിയാണ് 12 ലക്ഷം രൂപ നല്‍കാന്‍ സുപ്രീംകോടതി ഉത്തരവായത്. 1997ല്‍ ഗര്‍ഭപാത്രത്തിന് പുറത്തുള്ള ഗര്‍ഭം നീക്കുന്ന ശസ്ത്രക്രിയക്കിടെ അബദ്ധത്തില്‍ സുശീലയുടെ അണ്ഡാശയവും മുറിച്ചുമാറ്റി. ഇക്കാര്യം ഡോക്ടര്‍മാരും ആശുപത്രി അധികൃതരും സുശീലയെ അറിയിച്ചില്ല. കടുത്ത വേദനയെത്തുടര്‍ന്ന് മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് ചികിത്സാപ്പിഴവ് അറിയുന്നത്.
തുടര്‍ന്ന് മജിസ്‌ട്രേട്ട് കോടതിയിലും ഉപഭോക്തൃ കോടതിയിലും ഹര്‍ജി നല്‍കി. ഇതിനുപ്രതികാരമായി 1999ല്‍ സുശീലയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ആശുപത്രിയുടെയും ഡോക്ടര്‍മാരുടെയും പേരുകള്‍ മോശമാക്കിയെന്നും ആശുപത്രിരേഖകള്‍ മാറ്റിയെന്നുമുള്ള കുറ്റംചുമത്തിയാണ് പിരിച്ചുവിട്ടത്. ആശുപത്രിയുടെ നടപടി കോഴിക്കോട് ലേബര്‍ കോടതിയില്‍ സുശീല ചോദ്യംചെയ്തു. നഷ്ടപരിഹാരം നല്‍കാനും ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാനുമുള്ള ലേബര്‍കോടതി വിധി, ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ശരിവെച്ചു. ഇത് ചോദ്യംചെയ്താണ് സുപ്രീം കോടതിയിലെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.