യുപിഎ സഖ്യം ഉപേക്ഷിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആറ് കേന്ദ്രമന്ത്രിമാരും രാജിവെച്ചു. ഉച്ചക്ക് 3.55ന് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് ഇവര്‍ രാജിക്കത്ത് സമര്‍പ്പിച്ചത്. യു.പി.എസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കത്ത് തൃണമൂല്‍ എം.പിമാര്‍ രാഷ്ട്രപതിക്ക് കൈമാറി.ആരെയും പേടിയില്ലെന്നും ജീവിയ്ക്കുന്ന കാലം കടുവയെപ്പോലെ ജീവിയ്ക്കുമെന്നും മന്ത്രിമാര്‍ രാജിവച്ചതിന് ശേഷം മമത പ്രതികരിച്ചു.
ഒരു കാബിനറ്റ് മന്ത്രിയും അഞ്ച് സഹമന്ത്രിമാരുമാണ് യു.പി.എ. മന്ത്രിസഭയില്‍ തൃണമൂലിനുള്ളത്. റെയില്‍വേ മന്ത്രി മുകുള്‍ റോയിക്കാണ് കാബിനറ്റ് പദവിയുള്ളത്. സൗഗത റോയ്(നഗരവികസനം), സുദീപ് ബന്ദോപാധ്യായ(ആരോഗ്യം, കുടുംബക്ഷേമം), ചൗധരി മോഹന്‍ ജതുവ(വാര്‍ത്താവിതരണം, പ്രക്ഷേപണം), സുല്‍ത്താന്‍ അഹമ്മദ്(വിനോദസഞ്ചാരം), ശിശിര്‍ കുമാര്‍ അധികാരി (ഗ്രാമവികസനം) എന്നിവരാണ് സഹമന്ത്രിമാര്‍.
സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നയങ്ങള്‍ക്കെതിരെ സപ്തംബര്‍ 30ന് ജന്ദര്‍മന്ദിറിനുമുന്നില്‍ ധര്‍ണ നടത്തുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിക്കത്ത് നല്‍കുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഡീസല്‍ വിലവര്‍ദ്ധനവും പാചകവാതക സിലിണ്ടറുകളുടെ വെട്ടിക്കുറക്കലും ചെറുകിട വില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപവും പ്രഖ്യാപിച്ചതോടെയാണ് മൂന്നുദിവസം മുമ്പ് മമതാ ബാനര്‍ജി യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചത്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ ചര്‍ച്ചക്കില്ലെന്നും മമതാ പ്രഖ്യാപിച്ചിരുന്നു. 19 എം.പിമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയൊന്നുമില്ല
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല