മികച്ച പ്രവര്‍ത്തനങ്ങളിലൂടെ യുകെയിലെമ്പാടുമുളള മലയാളികളുടേ പ്രശംസ പിടിച്ചുപറ്റിയ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ദശാബ്ദി ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ തുടക്കം. വിഥിന്‍ഷാ സെന്റ് ആന്റണീസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷ പരിപാടികളെ തുടര്‍ന്നാണ് ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ദശാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. യുക്മയുടെ പ്രസിഡന്റ് വിജി കെ പി ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്തു. വിഥിന്‍ഷാ എംപി പോള്‍ ഗോഗ്ഗിന്‍സ്, ഡോ.സിബി വേകത്താനം, ദിലീപ് മാത്യൂ, ബോണി ചാക്കോ, എംഎംസിഎയുടെ മുന്‍ പ്രസിഡന്റുമാരായ റെജി മഠത്തിലേട്ട്, കെ കെ ഉതുപ്പ്, ഡോ. കോര ഉമ്മന്‍, സന്തോഷ് സ്‌കറിയ, ജെസ്സി സന്തോഷ്, സാജന്‍ ചാക്കോ, ആഷന്‍ പോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷക്കാലം വിവിധ പരിപാടികള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് വര്‍ഗീസ് അറിയിച്ചു. കുക്കറി ഷോ, ശിശുദിന ആഘോഷങ്ങള്‍, യുകെ ഷട്ടില്‍ – ഫുട്‌ബോള്‍ ടൂര്‍ണമെന്റി, ഫാന്‍സി ഡ്രസ് മത്സരങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, മാധ്യമശില്‍പ്പശാല, ഐടി സെമിനാറുകള്‍ തുടങ്ങിയവ ഇവയില്‍പെടും.
ദശാബ്ദി ആഘോഷങ്ങളുടെ തുടക്കമായ ഈ വര്‍ഷത്തെ ഓണാഘോഷം എംഎംസിഎ പ്രൗഢഗംഭീരമായി തന്നെ ആഘോഷിച്ചു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി നടത്തിയ വടം വലി മത്സരത്തിലും അത്തപ്പൂക്കള മത്സരത്തിലും പ്രായഭേദമെന്യേ നിരവധിപേര്‍ പങ്കെടുത്തു. ഓണസദ്യയ്ക്ക് ശേഷം പൊതുസമ്മേളനവും വിവിധ കലാപരിപാടികളും ട്രഫോര്‍ഡ് കലാസമിതിയുടെ തോറ്റങ്ങള്‍ എന്ന നാടകവും അരങ്ങേറി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച് എല്ലാവര്‍ക്കും ഭാരവാഹികള്‍ നന്ദി അറിയിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല