സംഗീത് ശേഖര്‍
ഒരു വെടിക്കെട്ട് പ്രതീക്ഷിച്ച് ടി- ട്വൊന്റി വേള്‍ഡ് കപ്പ് കാണാന്‍ പുറപ്പെട്ടവര്‍ക്കൊക്കെ ഇക്കുറി നിരാശയാകും ഫലം. ചെറിയ ടീമുകളും വമ്പന്‍ ടീമുകളും തമ്മിലുള്ള അന്തരം തികച്ചും വ്യക്തമായ മത്സരങ്ങളായിരുന്നു ഇതുവരെ നടന്നത് .സൂപ്പര്‍ എട്ടിലേക്ക് ചെറിയ ടീമുകള്‍ ഒന്നും തന്നെ പ്രവേശിക്കാനുള്ള സാധ്യത കാണുന്നില്ല .സിംബാബ്വേയും അഫ്ഗാനിസ്ഥാനും പുറത്തായി കഴിഞ്ഞു. ക്രിക്കറ്റ് എന്ന ഗെയിമിന്റെ വളര്‍ച്ചക്ക് സഹായകമാകുന്നതൊന്നും ഇത് വരെ കണ്ടിട്ടില്ല .ചെറിയ ടീമുകള്‍ക്ക് വമ്പന്മാരോട് പിടിച്ച് നില്ക്കാന് സാധിക്കുന്ന ഒരേ ഒരു ഫോര്‍മാറ്റ് ടി-ട്വൊന്റി ആണ്, അതവര് ബുദ്ധിപൂര്‍വ്വം ഉപയോഗപ്പെടുത്തുമെങ്കില്‍ മാത്രം.
ആദ്യ മത്സരത്തില്‍ ശ്രീലങ്ക ആധികാരികമായിട്ടാണ് ജയിച്ചത്. അജാന്ത മെന്ടിസ് എന്ന പ്രതിഭാശാലിയായ സ്പിന്നര്‍ സിംബാബ്വേയെ തകര്‍ത്തു കളഞ്ഞു . ട്വൊന്റി 20യിലെ എറ്റവും മികച്ച ബൗളിംഗ് പ്രകടനം തന്റെ പേരില്‍ അയാള്‍ എഴുതി ച്ചേര്‍ത്തു. സിംബാബ്വേയുടെ ഒരു ബാറ്റ്സ്മാനും മെന്‍ ഡിസിന്റെ പന്തുകള്‍ റീഡ് ചെയ്യാനായില്ല .!നിരാശജനകം ആയിരുന്നു സിംബാബ്വേയെയുടെ പ്രകടനം.
അയര്‍ലാന്‍ഡ് ഒരു പാട് പ്രതീക്ഷകളുമായിട്ടാണ് വന്നത്. പക്ഷെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നിമിഷം അവരുടെ കഥ കഴിഞ്ഞിരുന്നു.അവരുടെ കരുത്ത് ചെയ്സിംഗില്‍ ആണെന്ന സത്യം സ്വയം തിരിച്ചറിയാതെ ആദ്യം ബാറ്റ് ചെയ്ത മണ്ടത്തരം തന്നെയാണ് അവരുടെ തോല്‍വിക്ക് കാരണം. കെവിന് ഒബ്രയന്‍ ഒഴികെയുളള എല്ലാ ബാറ്റ്സ്മാന്മാരും അനാവശ്യ ഷോട്ടുകള്‍ക്ക് മുതിര്‍ന്ന് പുറത്തായി. അവര്‍ ഉയര്‍ത്തിയ സ്കോര്‍ ആസ്ട്രേലിയക്ക് വെല്ലുവിളിയെ ആയിരുന്നില്ല. ഷെയിന്‍ വാട്സണ്‍ന്റെ മിന്നുന്ന ഒരിന്നിഗ്സില്‍ അയര്‍ലണ്ട് ഒലിച്ച് പോയി. നാലാം മത്സരത്തില്‍ തങ്ങളുടെ രണ്ടാം തോല്‍വി എറ്റു വാങ്ങി സിംബാബ്വെ പുറത്തായി . വെറും 93 റണ്‍സ് എടുക്കാനെ അവര്‍ക്കായുള്ളൂ. സൗത്താഫ്രിക്ക വിക്കറ്റൊന്നും നഷ്ടപ്പെടാതെ വിജയം കണ്ടു . റോബര്‍ട്ട് ലേവിയുടെ മികച്ച അര്‍ദ്ധ സെഞ്ച്വറി ആയിരുന്നു സൗത്ത് ആഫ്രിക്കന്‍ ഇന്നിംഗ്സിന്റെ ഹൈലൈറ്റ്. നാല് വിക്കറെടുത്ത ജാക്ക് കാലിസ് മാന്‍ ഒഫ് ദ മാച്ച് ആയി .
അഫ്ഗാനിസ്ഥാന് ഇന്ത്യയെ ഞെട്ടിച്ചു കളഞ്ഞു. അവര്‍ ക്രിക്കറ്റ് കളിച്ചത് ഹ്യദയം കൊണ്ടായിരുന്നു. ഒരല്പം ബുദ്ധി കൂടെ കാണിച്ചിരുന്നെങ്കില്‍ വിജയം അവരുടെ കൂടെ നിന്നേനെ .പ്രിയപ്പെട്ട അഫ്ഗാനികളെ നിങ്ങള്‍ക്ക് നമോവാകം . ടി-20 എന്ന ഗെയിമില്‍ വലിപ്പ ചെറുപ്പം ഇല്ലെന്ന ലളിതമായ കാര്യം നിങ്ങള്‍ വ്യത്തിയായി ഇന്ത്യയുടെ താരകുമാരന്മാര്‍ക്ക് കാണിച്ചു കൊടുത്തു. കളിയുടെ ഏകദേശം മുഴുവന്‍ സമയവും നിയന്ത്രണം അഫ്ഗാനിസ്ഥാന്റെ കയ്യിലായിരുന്നു. ഫീല്‍ഡിങ്ങില്‍ വരുത്തിയ പിഴവുകള്‍ക്ക് അവര്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നു. കിട്ടിയ കാച്ചുകള്‍ മുതലാക്കിയിരുന്നെങ്കില്‍ ഇന്ത്യ 120 നു താഴെ ഒതുങ്ങിയേനെ.
സേവാഗും ഗംഭീറും ആദ്യം തന്നെ പവലിയനില്‍ തിരിച്ചെത്തി . പീന്നീട് എത്തിയ വിരാട്ട് കൊഹ്ലി ആണ് ഇന്നിംഗ്സ് നേരെയാക്കിയത്. യുവരാജ് സിംഗ് തന്റെ പഴയ ഫോമിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്ന് വീണ്ടും തെളിഞ്ഞു. എന്തായാലും കൊഹ്ലിയുടെ മികച്ചൊരു ഇന്നിംഗ്സ് ഇന്ത്യയെ തരക്കേടില്ലാത്ത സ്കൊറില്‍ എത്തിച്ചു . 159 എന്ന സ്കോര്‍ അത്ര വലുതൊന്നും ആയിരുന്നില്ല. ആദ്യ പന്ത് മുതല്‍ ആക്രമിക്കുക ആയിരുന്നു അഫ്ഗാനിസ്ഥാന്റെ തന്ത്രം. അഫ്ഗാന് ഓപ്പണറര്‍ ഷെഹസാദിന്റെ കളിയില്‍ അത് കാണാനും ഉണ്ടായിരുന്നു. കളി തുടങ്ങും മുന്‍പ് ഷെഹസാദ് ഹെലികോപ്ടര്‍ ഷോട്ട് കളിക്കും എന്ന് വാക്ക് നല്‍കിയിരുന്നു. വിക്കറ്റിന് പിറകില്‍ ധോണി നി്ല്ക്കുമ്പോള് തന്നെ ഷെഹ്സാദ് തകര്‍പ്പനൊരു ഹെലികോപ്ടര്‍ ഷോട്ട് കളിക്കുകയും ചെയ്തു.ധോണിയുടെ മുഖത്ത് ചിരിയാണോ കരചിലാണോ എന്നറിയാത്തൊരു ഭാവം .
ഇടക്കിടക്ക് വീണു കൊണ്ടിരുന്ന വിക്കറ്റുകള്‍ അഫ്ഗാനിസ്ഥാനെ പുറകോട്ടടിച്ചു. മുഹമ്മദ് നബിയുടെ തകര്‍പ്പന്‍ പ്രകടനം ഒരു ഘട്ടത്തില്‍ അഫ്ഗാനിസ്ഥാനെ രക്ഷിക്കുമെന്ന് പ്രതീക്ഷ ഉണര്‍ത്തിയെങ്കിലും 23റണ്‍്സ് അകലെ വച്ച് അവര്‍ തോല്‍വി സമ്മതിച്ചു. അല്പം പ്ളാനിംഗ് ഉണ്ടായിരുന്നെങ്കില്‍ ഈസി ആയി ജയിക്കാനാവുമായിരുന്ന കളി അഫ്ഗാനിസ്ഥാന് കളഞ്ഞു കുളിച്ചു. ഇന്ത്യന്‍ ബൗളിംഗ് ദയനീയമായിരുന്നു . സഹീര്ഖാന് തീര്‍ച്ചയായും വസിം അക്രത്തിന് ശേഷം ലോകം കണ്ട ഏറ്റവും മികച്ച ഇടം കയ്യന്‍ പേസ് ബൗളര്‍ തന്നെയാണ് . എന്നാല്‍ ഒരു ടി-ട്വൊന്റി മത്സരത്തിനു വേണ്ട ബുദ്ധി അദ്ദേഹം പ്രകടമാക്കുന്നില്ല. ഗംഭീരിനെയോ യുവരാജിനെയോ പുറത്തിരുത്തി ഒരു എക്സ്ട്രാ ബൗളറെ കളിപ്പിക്കാത്തത് മണ്ടത്തരമായി. അശ്വിന് ആയിരുന്നു നിലവാരം പുലര്‍ത്തിയ ഒരു ബൗളര്‍. അഫ്ഗാനിസ്ഥാന് ഇന്നലെ കാണിച്ച ,രണ്ടാം നിര ടീമുകള്‍ സാധാരണ കാണിക്കുന്ന അമിതമായ ആവേശം മാത്രമാണ് ഇന്ത്യയെ രക്ഷിച്ചത്. അഫ്ഗാന് ബാറ്റ്സ്മാന്മാരുടെ ദൗര്‍ബല്യം ഇന്നലെ പകല്‍ പോലെ വ്യക്തമായിരുന്നു. ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കെതിരെ കുഴങ്ങിയ അവര്‍ക്കെതിരെ ബാലാജിയും ഇര്‍ഫാനും ഷോര്‍ട്ട് പിച്ച് പന്തുകള്‍ തന്നെയാണ് ഉപയോഗിച്ചത് .
ഗ്രൂപ്പ് ഡി യിലെ നിര്‍ണായകമായ മത്സരത്തില്‍ ന്യൂസിലാന്‍ഡ് ബംഗ്ലാദേശിനെ 59 റണ്‍സിനു തകര്‍ത്തു .ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ബ്രണ്ടന്‍ മക്കല്ലത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തില്‍ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്കോര്‍ മറി കടക്കാന്‍ ബംഗ്ളാ കടുവകള്‍ക്കായില്ല .ടി – ട്വൊന്റി അന്താരാഷ്ട്ര മത്സരങ്ങളില്‍ രണ്ട് സെഞ്ചറി നേടുന്ന ഒരേയൊരു ബാറ്സ്മാന്‍ ആണ് മക്കല്ലം . വിനാശകാരിയായ ഈ ബാറ്റ്സ്മാന് 58 പന്തില്‍ നിന്നും 123 റണ്‍സ് അടിച്ചെടുത്തു . 7 സിക്സറുകള്‍ പറത്തിയ മക്കല്ലം സ്പിന്നര്‍മാരെ വളരെ നന്നായി നേരിട്ടു. മക്കല്ലത്തിന്റെ 123 ടി-ട്വൊന്റി ഇന്റര്‍ നാഷനലുകളിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആണ്. വിചിത്രമായ ഷോട്ടുകള്‍ നിറഞ്ഞ ഒരിന്നിംഗ്സ് ആയിരുന്നു അത് .ഗോള്‍ഫ് സിങ്ങുകളും ടെന്നീസ് ഫോര്ഹാണ്ടുകളും നിറഞ്ഞു നിന്ന ഒരിന്നിംഗ്സ് .
ബംഗ്ളാദേശ് തികച്ചും നിരാശപ്പെടുത്തി . ലൂക്ക് റൈറ്റിന്റെ തകര്‍പ്പന്‍ 99 ന്റെ പിന്‍ബലത്തില്‍ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെ 116 റണ്‍സിനു തകര്‍ത്തു . പുറത്താകാതെ നിന്ന ലൂക്ക് അഫ്ഗാനിസ്ഥാന് ബൗളര്‍മാരെ ചില വിലപ്പെട്ട പാഠങ്ങള്‍ മനസ്സിലാക്കി കൊടുത്തു. സ്ലോഗ് ഓവറുകളില്‍ തുടര്‍ച്ചയായി ഫുള്‍ ലെങ്ങ്ത് പന്തുകള്‍ എറിഞ്ഞു കൊണ്ടിരുന്ന അഫ്ഗാന് ബൗളര്‍മാര്‍ എല്ലാവരും അടി വാങ്ങി . മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഇംഗ്ലിഷ് ഫാസ്റ്റ്ബൗളര്‍ മാരുടെ ഷോര്‍ട്ട് പിച്ച് അറ്റാക്കിന് മുന്നില്‍ അഫ്ഗാന് ബാറ്റ്സ്മാന്മാര് പതറി. ഇന്ത്യയും ഇംഗ്ലണ്ടും സൂപ്പര്‍ എ്ട്ടില് കടന്നു കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല