മുതിര്‍ന്ന താരങ്ങളായ മഹേഷ് ഭൂപതിയെയും രോഹന്‍ ബൊപ്പണ്ണയെയും രണ്ടു വര്‍ഷത്തേക്ക് വിലക്കിയ അഖിലേന്ത്യാ ടെന്നീസ് അസോസിയേഷന്‍ നടപടി കര്‍ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിലക്ക് നടപടിയെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് കോടതി ഫെഡറേഷന് നോട്ടീസ് അയച്ചു. അസോസിയേഷന്‍ നടപടിക്കെതിരെ ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ഭൂപതിയുടേയും ബൊപ്പണ്ണയുടേയും ദേശീയ ടീമില്‍ നിന്നുള്ള വിലക്ക് അഖിലേന്ത്യാ ടെന്നീസ് അസോസിയേഷന്‍ 2014 ജൂണ്‍ 30 വരെ നീട്ടിയത്.
ഒളിമ്പിക്‌സില്‍ ലിയാന്‍ഡര്‍ പേസിനൊപ്പം കളിക്കില്ലെന്ന് പ്രഖ്യാപിച്ച് ഭൂപതിയും ബൊപ്പണ്ണയുമാണ് ഇന്ത്യന്‍ ടീമില്‍ ആഭ്യന്തരകലാപത്തിന് തുടക്കമിട്ടത്. ഇതോടെ, ഒളിമ്പിക് ടീം തിരഞ്ഞെടുപ്പുതന്നെ വിവാദത്തിലായി. ഒടുവില്‍ ഭൂപതിയെയും ബൊപ്പണ്ണയെയും ഒരു ടീമായും പേസിനെയും വിഷ്ണുവര്‍ധനെയും മറ്റൊരു ടീമായും മത്സരിപ്പിക്കാന്‍ അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍പോലും തകര്‍ത്ത നിലപാടുകളെടുത്ത ഭൂപതിയെയും ബൊപ്പണ്ണയെയും അടുത്തിടെ ഡേവിസ്‌കപ്പ് ടീമില്‍നിന്ന് അസോസിയേഷന്‍ ഒഴിവാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല