മലയാളിവിദ്യാര്‍ഥിനിയെ സഹപാഠി വീട്ടില്‍ക്കയറി കുത്തിക്കൊന്നു. ഇയാള്‍ തീകൊളുത്തി മരിച്ചു.കോയമ്പത്തൂര്‍ വടവള്ളി കല്‍വീരംപാളയത്തെ രാജീവ്‌മേനോന്റെ മകള്‍ ശ്രുതിമേനോനാണ് (20) കൊല്ലപ്പെട്ടത്. കാളപ്പെട്ടിയിലെ അയൂബിന്റെ മകന്‍ എ. അസീമാണ് (21) ജീവനൊടുക്കിയത്. ശ്രുതിമേനോന്റെ അമ്മ ലത (48) കുത്തേറ്റ് ഗുരുതരപരിക്കോടെ ആസ്പത്രിയില്‍.
വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഇരുവരും കോയമ്പത്തൂര്‍ ജി.ആര്‍.ഡി.കോളേജില്‍ മാസ്റ്റര്‍ ഓഫ് ഇന്‍റര്‍നാഷണല്‍ ബിസിനസ് വിദ്യാര്‍ഥികളാണ്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ:
ശനിയാഴ്ച വൈകീട്ട് 4.15ഓടെ അസീം കാറില്‍ കല്‍വീരംപാളയത്തെ ശ്രുതിയുടെ വീട്ടിലെത്തി. ഈ സമയത്ത് അമ്മ വീട്ടുമുറ്റത്തായിരുന്നു. അസീം അകത്തേക്ക് കയറിപ്പോയി. കുറച്ചുസമയത്തിനുശേഷം അകത്തുനിന്ന് ബഹളംകേട്ട് ലത ഓടിച്ചെന്ന് നോക്കി. ബഹളത്തിനിടെ ലതയ്ക്കും കുത്തേറ്റു. ശ്രുതിമേനോനെ കുത്തിയശേഷം ചേര്‍ത്തുപിടിച്ച അസീം ഇരുവരുടെയും മേല്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സോഫയില്‍നിന്ന് മറിഞ്ഞുവീണ് പരസ്പരംപിടിച്ച് പൊള്ളലേറ്റനിലയിലായിരുന്നു മൃതദേഹം കണ്ടത്. വീട്ടിലെ മറ്റൊരു മുറിയിലുണ്ടായിരുന്ന, ശാരീരികാവശതയുള്ള ശ്രുതിയുടെ വല്ല്യച്ഛന്‍ വി.ബി. മേനോനാണ് ലതയെ കുത്തേറ്റുകിടക്കുന്ന നിലയില്‍ കണ്ടത്.
ഇദ്ദേഹം വിവരമറിയിച്ചതനുസരിച്ചെത്തിയവരാണ് ശ്രുതിയുടെയും അസീമിന്റെയും മൃതദേഹങ്ങള്‍ കണ്ടത്. ശ്രുതിയുടെ ശരീരത്തില്‍ ഏഴ് കുത്തുണ്ടായിരുന്നു. ഒമ്പതുകുത്തേറ്റ് ഗുരുതരാവസ്ഥയിലായ ലത വടവള്ളിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. പാലക്കാട് തേങ്കുറുശ്ശിസ്വദേശിയും റിയല്‍എസ്റ്റേറ്റ് ബിസിനസ്സുകാരനുമായ രാജീവ്‌മേനോന്‍ സംഭവസമയത്ത് ഡല്‍ഹിയിലായിരുന്നു.
അസീമിന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ശ്രുതിമേനോന്റെ കൈയിലായിരുന്നു തീപ്പെട്ടിയുണ്ടായിരുന്നത്. പിടിവലിക്കിടെ ഇത് കൈയിലെത്തിയതാകാമെന്നാണ് പോലീസ് കരുതുന്നത്. ബിരുദകോഴ്‌സിനും ഇവര്‍ ഒരേ കോളേജിലാണ് പഠിച്ചിരുന്നത്.
വടവള്ളിപോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല