1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2012

വനിതാ കോണ്‍സ്റ്റബിള്‍മാരെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രധാനമായ വഴിത്തിരിവ്. കൊലയാളി ഡെയ്ല്‍ ക്രെയ്ഗന്റെ രണ്ടാനമ്മ കൊല്ലപ്പെട്ട വനിതാ കോണ്‍സ്റ്റബിള്‍മാര്‍ ജോലി ചെയ്യുന്ന അതേ പോലീസ് സ്‌റ്റേഷനില്‍ പോലീസ് ഓഫീസറായിരുന്നതായി വെളിപ്പെടുത്തല്‍. റിട്ടേട് പോലീസ് ഓഫീസറായ ഡെബോറ ക്രെയ്ഗനാണ് ഡെയ്ല്‍ ക്രെയ്ഗന്റെ രണ്ടാനമ്മ. മാഞ്ചസ്റ്ററില്‍ നടന്ന ദാരുണ കൊലപാതകങ്ങളെ കുറിച്ചും ക്രെയ്ഗന്റെ അറസ്റ്റിനെ കുറിച്ചും ഇതുവരെ ഡെബോറ പ്രതികരിച്ചിരുന്നില്ല.

പത്ത് വര്‍ഷം മുന്‍പ് ക്രെയ്ഗന്റെ ഡിവോഴ്‌സിയായ പിതാവിനെ വിവാഹം ചെയ്തതാണ് ഡെബോറ. ഡെയ്‌ലിന്റെ അറസ്റ്റിനെ കുറിച്ചോ തന്റെ പോലീസ് ജോലിയെ കുറിച്ചോ പ്രതികരിക്കാന്‍ ഡെബോറ വിസമ്മതിച്ചു. മാഞ്ചസ്റ്ററിലുളള തന്റെ വീട്ടില്‍ ആരേയും കാണാനോ സംസാരിക്കാനോ ഡെബോറ വിസമ്മതിച്ചു. 2002ല്‍ വിവാഹിതയായ ഡെബോറയുടെ വിവാഹ സര്‍ട്ടിഫിക്കറ്റിലും പോലീസ് ഓഫീസര്‍ എന്നാണ് ജോലി രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ വീട്ടിലെ ജോലിക്കാരിയും ഡെബോറയുടെ ജോലി പോലീസിലായിരുന്നു എന്നും ഇപ്പോള്‍ റിട്ടയറായതായും സ്ഥിരീകരിച്ചു.

ക്രെയ്ഗന്‍ തന്റെ മാതാവിനും സഹോദരിക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. അവരുമായി വളരെ അടുപ്പത്തിലുമായിരുന്നു. എന്നാല്‍ രണ്ടാമത് വിവാഹം ചെയ്ത പിതാവുമായോ രണ്ടാനമ്മ ഡെബോറയുമായോ അത്ര അടുപ്പമൊന്നും പുലര്‍ത്തിയിരുന്നുമില്ല. ക്രെയ്ഗന്റെ പിതാവ് പോള്‍ ഒരു ഫര്‍ണീച്ചര്‍ റീട്ടെയ്‌ലറാണ്.

ഇതിനിടെ ക്രെയ്ഗനെ സഹായിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് പതിനഞ്ചുകാരനായ ഒരു കുട്ടിയെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന എസ്റ്റേറ്റിലെ താമസക്കാരനാണ് ഈ കുട്ടി. കുട്ടിയുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ക്രെയ്ഗനെ തനിക്ക് അറിയുകപോലുമില്ലെന്ന് കുട്ടി പ്രതികരിച്ചു. ക്രെയ്ഗനെ മാഞ്ചസ്റ്റര്‍ സ്‌ട്രേഞ്ജ് വേയ്‌സ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. അടുത്ത ദിവസം വീണ്ടും ക്രെയ്ഗനെ കോടതിയില്‍ ഹാജരാക്കും.

മാഞ്ചസ്റ്ററിലെ വീട്ടില്‍ മോഷണം ശ്രമം നടക്കുന്നു എന്ന് പറഞ്ഞാണ് രണ്ട് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരേയും വിളിച്ചു വരുത്തിയത്. വെടിവെച്ചും ഗ്രനേഡ് എറിഞ്ഞുമാണ് ഇരുവരേയും കൊലപ്പെടുത്തിയത്. മുന്‍പ് ഒരു അച്ഛനേയും മകനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഒറ്റക്കണ്ണനായ ക്രെയ്ഗന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.