കേരള സംസ്ഥാനത്തിന്റെ വികസനത്തിന് പ്രവാസി മലയാളികളുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് കയര്‍ ബോര്‍ഡ് ചെയര്‍മാനും എ.ഐ.സി.സി അംഗവുമായ പ്രൊഫ. ജി ബാലചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്നതിനിടയില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു.കെ, ലണ്ടനില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകളായി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും വളരെ വലിയ സംഭാവനകളാണ് പ്രവാസി മലയാളികള്‍ നല്‍കി വരുന്നത്. തങ്ങള്‍ കുടിയേറിയിരിക്കുന്ന രാജ്യങ്ങളില്‍ കേരളത്തിന്റെ തനതായ സംസ്ക്കാരവും കലകളുമെല്ലാം പ്രചരിപ്പിക്കുന്നതിനൊപ്പം തന്നെ ജന്മനാടിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയും പ്രവര്‍ത്തിക്കണമെന്ന പ്രവാസി മലയാളികളുടെ താത്‌പര്യം സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്ന് കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തേയ്ക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ പ്രവാസി മലയാളികളുടെ പങ്ക് വളരെ വലുതാണെന്നുള്ളത് ‘എമേര്‍ജിങ് കേരള’ സമ്മേളനത്തില്‍ നിന്നും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതു പോലെ തന്നെ പ്രാധാന്യമേറിയതാണ്, സംസ്ഥാനത്തു നിന്നും കയറ്റുമതി ചെയ്യുന്ന വിദേശനാണ്യം നേടിത്തരുന്ന ഉല്പന്നങ്ങളെന്നും അതുകൊണ്ടുതന്നെ കയര്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ക്ക് വിദേശവിപണികളില്‍ കൂടുതല്‍ താത്‌പര്യം ഉണ്ടാക്കുന്നതിനായുള്ള സഹകരണം എല്ലാ പ്രവാസി മലയാളികളില്‍ നിന്നും ഉണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സ്വീകരണ യോഗത്തിനു ശേഷം ഒ.ഐ.സി.സി ലണ്ടന്‍ റീജണല്‍ കമ്മറ്റിയുടേയും കൗണ്‍സില്‍ കമ്മറ്റികളുടേയും ഭാരവാഹികള്‍ക്കായി സംഘടിപ്പിച്ച നേതൃത്വ പഠന ക്ലാസ്സും ഉണ്ടായിരുന്നു. ‘നേതൃത്വം: സിദ്ധിയും സാധനയും’ എന്ന വിഷയത്തില്‍ വളരെ മനോഹരമായ ഒരു ക്ലാസ്സ് പ്രൊഫ. ജി ബാലചന്ദ്രന്‍ നയിച്ചു.
ഒ.ഐ.സി.സി യു.കെ നേതാക്കളായ ടോണി ചെറിയാന്‍,ഗിരി മാധവന്‍, തോമസ് പുളിക്കല്‍, നിഹാസ് റാവുത്തര്‍, പ്രസാദ് കൊച്ചുവിള എന്നിവര്‍ പ്രസംഗിച്ചു. പഠന ക്ലാസ് കോര്‍ഡിനേറ്റര്‍ സണ്ണി പി. വി സ്വാഗതവും ജെയ്‌സണ്‍ ജോര്‍ജ് നന്ദിയും രേഖപ്പെടുത്തി. ഒ.ഐ.സി.സി നേതാക്കളായ അബ്രാഹം വാഴൂര്‍, ബിജു ഗോപിനാഥ്, മാര്‍ട്ടിന്‍ ജേക്കബ്, മുജീബ്, ബിജു കോശി, അജിത് ടോം എന്നിവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല