1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2012

തിരുവനന്തപുരം:ഒടുവില്‍ വിട…സമാനതകളില്ലാത്ത അഭിനയമുഹൂര്‍ത്തങ്ങളിലൂടെ സിനിമാ-നാടകവേദികളെ അമ്പരപ്പിച്ച മലയാളത്തിന്റെ പ്രീയപ്പെട്ട നടന്‍ തിലകന്‍ അന്തരിച്ചു. സുരേന്ദ്രനാഥ തിലകന്‍ എന്ന 74 കാരനായ അദ്ദേഹത്തിന്റെ അന്ത്യം തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു. ദിവസങ്ങളായി ഇവിടെ അതീവഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. ഇന്നുപുലര്‍ച്ചെയാണ് അന്ത്യം. ചലച്ചിത്ര നടന്‍ ഷമ്മി തിലകന്‍, ഷോബി തിലകന്‍, സോഫിയ എന്നിവര്‍ മക്കളാണ്. സിനിമാലോകത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് 2009ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു. ഉസ്താദ് ഹോട്ടലാണ് തിലകന്‍ അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം. സീന്‍ ഒന്ന് നമ്മുടെ വീട് എന്ന് ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് അസുഖ ബാധിതനായത്.

ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1938 ജൂലായ് 15നു മുണ്ടക്കയത്താണ് ജനിച്ചത്. നാടക നടനായിട്ടായിരുന്നു തിലകന്‍ അഭിനയ ജീവിതം ആരംഭിച്ചത്. 1956ല്‍ ഇന്റര്‍മീഡിയറ്റ് പഠനം പകുതി വഴിയില്‍ ഉപേക്ഷിച്ച തിലകന്‍ മുഴുവന്‍ സമയവും അഭിനയ പഠനത്തിനായി മാറ്റിവച്ചു. ആ കാലഘട്ടത്തിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് മുണ്ടക്കയം നാടക സമിതിക്ക് രൂപം നല്‍കി. 1966 വരെ കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. കാളിദാസ കലാകേന്ദ്ര, ചങ്ങനാശേരി ഗീഥ എന്നീ നാടക ട്രൂപ്പുകളിലും, പി.ജെ.ആന്റണിയോടൊപ്പവും പ്രവര്‍ത്തിച്ചു. ആള്‍ ഇന്ത്യ റേഡിയോയിലും നിരവധി നാടകങ്ങളില്‍ അഭിനയിച്ചു.1973ല്‍ പി.ജെ.ആന്റണി സംവിധാനം ചെയ്ത പെരിയാര്‍ എന്ന് സിനിമയിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നത്. പടം വിജയിച്ചില്ല. പിന്നീട് ആറുകൊല്ലം സിനിമയില്‍ അവസരമൊന്നും കിട്ടിയില്ല.

1979ല്‍ ഉള്‍ക്കടല്‍ എന്ന സിനിമയില്‍ ചെറിയൊരു വേഷം ചെയ്തു കൊണ്ടായിരുന്നു സിനിമാ രംഗത്തേക്കുള്ള രണ്ടാം വരവ്. പിന്നെ തിരിഞ്ഞ് നോക്കേണ്ടിവന്നില്ല. 1981ല്‍ഇറങ്ങിയ കോലങ്ങള്‍ എന്ന സിനിമയിലെ കള്ളുവര്‍ക്കി എന്ന കുടിയന്റെ വേഷം അവതരിപ്പിച്ച തിലകന്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. 1981ല്‍ ഇറങ്ങിയ യവനിക എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം 1988ല്‍ അദ്ദേഹത്തെ തേടിയെത്തി. 1994ലും 98ലും സന്താനഗോപാലം, ഗമനം എന്നീ ചിത്രങ്ങളിലെ അഭിനയവും തിലകനെ വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിന് അര്‍ഹനാക്കി. പെരുന്തച്ചന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും തിലകന് ലഭിച്ചു.

മോഹന്‍ലാലിന്റെ അച്ഛനായി നിരവധി തവണ വേഷമിട്ട തിലകന്‍ അഭിനയത്തിന്രെ സുന്ദര മുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ചു. കിരീടം, സ്ഫടികം, നരംസിംഹം, പവിത്രം, ചെങ്കോല്‍, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയ ചിത്രങ്ങളില്‍ തിലകനും ലാലും അച്ഛന്‍മകന്‍ വേഷത്തില്‍ എത്തിയവയായിരുന്നു. മികച്ച സ്വഭാവ നടനായി വെള്ളിത്തിരയില്‍ തിളങ്ങിയ തിലകന്‍ വില്ലന്‍ വേഷങ്ങളും അനായാസം അഭിനയിച്ചു ഫലിപ്പിച്ച നടനായിരുന്നു. നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നീ ചിത്രങ്ങളില്‍ ഭീരുവായ അധോലോക നേതാവിന്റെ വേഷം അവതരിപ്പിച്ച തിലകന്‍ പ്രേക്ഷകരുടെ കൈയടി ഏറെ വാങ്ങി. കുട്ടേട്ടനിലെ സ്ത്രീലമ്പടനായ കഥാപാത്രമായും മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിലെ മാനസിക രോഗിയായും വേഷമിട്ട തിലകന്‍ അഭിനയത്തിന്റെ വ്യത്യസ്ത തലങ്ങളാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്.
മികച്ചൊരു അഭിനേതാവായി അറിയപ്പെടുമ്പോഴും മലയാള സിനിമയിലെ മൂല്യച്യുതികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്താനും തിലകന്‍ മടിച്ചില്ല. മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാനും തിലകന്‍ ധൈര്യം കാണിച്ചു. ഇതേതുടര്‍ന്ന് അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തിലകനെ പുറത്താക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ തിരിച്ചെടുത്തതുമില്ല. നിരുപാധികം മാപ്പ് പറഞ്ഞ് പുതിയ അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കാമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞെങ്കിലും തിലകന്‍ അതിന് തയ്യാറായില്ല.

ചലച്ചിത്ര രംഗത്തെ മറ്റൊരു സംഘടനകളായ ഫെഫ്കയുമായും തിലകന് ഇടയേണ്ടി വന്നു. ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ നിന്ന് തിലകനെ ഒഴിവാക്കിയത് ഫെഫ്കയുടെ നിര്‍ദേശപ്രകാരമായിരുന്നു. വിമത സംഘടനയായ മലയാളം സിനി ടെക്‌നിഷ്യന്‍സിന് (മാക്ട) നേതൃത്വം നല്‍കുന്ന സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതായിരുന്നു തിലകനെ ഒഴിവാക്കാന്‍ കാരണം. തനിക്ക് വിലക്കേര്‍പ്പെടുത്തിയ ഫെഫ്കയുടെ നടപടിക്കെതിരെ തിലകന്‍ പൊതുജനമദ്ധ്യത്തിലാണ് പ്രതികരിച്ചത്. 2011ല്‍ ആലപ്പുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് മാര്‍ച്ച് നടത്തി തിലകന്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തി. 2011ലെ അവാര്‍ഡ് നിര്‍ണയ രീതിയെയും തിലകന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. അശാസ്ത്രീമായ അവാര്‍ഡ് നിര്‍ണയ രീതിയാണെന്നായിരുന്നു തിലകന്റെ വിമര്‍ശനം. മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച ദിലീപിന്റെ അഭിനയം മിമിക്രിയാണെന്ന് പറയാനും തിലകന്‍ മടിച്ചില്ല. മോഹന്‍ലാലിനോളം എത്താന്‍ യുവനടന്മാര്‍ ഇനിയും പോകേണ്ടിയിരിക്കുന്നു എന്ന സന്ദേശവും തന്റെ വിമര്‍ശനങ്ങളിലൂടെ തിലകന്‍ ഉയര്‍ത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.