ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരില്‍ നിന്നും തൃണമൂല്‍ മന്ത്രിമാര്‍ രാജിവച്ചതോടെ അനിവാര്യമായിരിക്കുന്ന പുനഃസംഘടനയില്‍ കണ്ണുവച്ച് കെ.എം.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്. ചര്‍ച്ചകള്‍ക്കും സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കുമായി പാര്‍്ട്ടി ലീഡര്‍ കെ.എം.മാണി ഡല്‍ഹിയിലെത്തിക്കഴിഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ മാണി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച കാത്തിരിക്കുകയാണ്. ലോക്‌സഭയില്‍ ഒരംഗം മാത്രമുള്ള കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭയില്‍ കൂടി ഒരംഗമായി എന്ന വാദമുയര്‍ത്തി ജോസ് കെ മാണിയെ മന്ത്രിയാക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും കേരളത്തില്‍ വച്ച് ചര്‍ച്ച നടത്തിയ ശേഷമാണ് മാണി ഡല്‍ഹിയിലെത്തിയിരിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ശുപാര്‍ശ നടത്താനൊന്നും കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും തയ്യാറായിട്ടില്ലെന്നാണ് സൂചന. യുപിഎ മന്ത്രിസഭാരൂപീകരണ ഘട്ടത്തില്‍ത്തന്നെ ജോസ്.കെ.മാണിയെ മന്ത്രിയാക്കാന്‍ മാണി ശ്രമിച്ചിരുന്നു. എന്നാല്‍, ഒരംഗം വീതമുള്ള ധാരാളം പാര്‍ടികള്‍ യുപിഎയെ പിന്തുണയ്ക്കുന്നുണ്ടെന്നും അവര്‍ക്കെല്ലാം മന്ത്രിസ്ഥാനം നല്‍കാന്‍ കഴിയില്ലെന്നുമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മാണിയെ അറിയിച്ചത്. ഇപ്പോള്‍ സഹമന്ത്രിമാരടക്കം തൃണമൂലിലെ ആറ് മന്ത്രിമാര്‍ രാജിവച്ച ഒഴിവുകള്‍ വന്നിരിക്കുന്നത് അനുകൂലസാഹചര്യമായാണ് മാണി കാണുന്നത്. മന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തില്‍നിന്ന് ഒരു ക്യാബിനറ്റ് മന്ത്രിയെ നഷ്ടപ്പെടുമെന്നാണ് സൂചന. വയലാര്‍ രവിക്ക് കോണ്‍ഗ്രസില്‍ കൂടുതല്‍ സംഘടനാ ചുമതലകള്‍ നല്‍കാനുള്ള ആലോചന നടക്കുന്നുണ്ട്.
ആന്ധ്രപ്രദേശിന്റെ സംഘടനാ ചുമതലയുള്ള രവിക്ക് തെലങ്കാന വിഷയം പോലുള്ള പ്രശ്‌നങ്ങള്‍ സജീവമായി നില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ സഹായിക്കാന്‍ കഴിയുമെന്നാണ് ഹൈക്കമാന്‍ഡിന്റെ കണക്കുകൂട്ടല്‍. കേരളത്തിന് ക്യാബിനറ്റ് മന്ത്രിസ്ഥാനങ്ങളില്‍ ഒന്ന് നഷ്ടപ്പെട്ടാല്‍ പകരം ലഭിക്കുക സഹമന്ത്രി സ്ഥാനമാകും. കൊടിക്കുന്നില്‍ സുരേഷിന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍, കേരളത്തിന് രണ്ട് സഹമന്ത്രിമാരെ കിട്ടാനുള്ള സാധ്യതയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല