1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2012

തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി കോഴിക്കോട് എന്നിവിടങ്ങളിലെ അന്താരാഷ്ട്രവിമാനത്താവളങ്ങളില്‍ ഡോര്‍ ടു ഡോര്‍ ബാഗേജ് നീങ്ങുന്നില്ല. രണ്ടാഴ്ചയായി സ്വകാര്യ ഏജന്റുമാര്‍ മുഖേന നടത്തിവന്നിരുന്ന ബാഗേജ് ഇടപാടുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. കസ്റ്റംസ് നിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാന്‍ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് അധികൃതര്‍ തീരുമാനിച്ചതോടെയാണ് ബാഗേജ് നീക്കം മുടങ്ങിയത്. നാല്‍പതിനും അമ്പതിനും ഇടയില്‍ കണ്‍സൈന്‍മെന്റ് നിത്യവും കരിപ്പൂര്‍ കാര്‍ഗോ കോംപ്‌ളക്‌സിലൂടെ കൈകാര്യം ചെയ്തിരുന്നു. മിക്കവയും ഡോര്‍ ടു ഡോര്‍ ഇടപാടുകളായിരുന്നു. കസ്റ്റംസ് നിയമം അനുസരിച്ച് ഇതിന് സാധൂകരണമില്ല. വിദേശത്തുള്ള ആള്‍ സ്വന്തം നിലയില്‍ അയക്കുന്ന ബാഗേജുകള്‍ക്കേ നിയമപ്രകാരം കസ്റ്റംസ് ക്‌ളിയറന്‍സ് നല്‍കാനാകൂ. പരമാവധി 30 കിലോ ഉരുപ്പടികളേ ഇങ്ങനെ അയക്കാനാവൂ.
ഡോര്‍ ടു ഡോര്‍ സംവിധാനത്തില്‍ വിദേശത്ത് ബാഗേജുകള്‍ പലരില്‍നിന്നും ശേഖരിച്ച് 1200 മുതല്‍ 1300 വരെ കിലോ കണ്‍സൈന്‍മെന്റായി അയക്കാറായിരുന്നു പതിവ്. ഒരു മാസത്തിനുള്ളില്‍ നാട്ടിലെത്തിയവരില്‍നിന്ന് പാസ്‌പോര്‍ട്ട് ശേഖരിച്ച് അവര്‍ വഴി കാര്‍ഗോ കോംപ്‌ളക്‌സില്‍ നിന്ന് ബാഗേജ് ഏജന്റുമാര്‍ ഏറ്റുവാങ്ങും. ഏജന്റുമാര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ അവ ബന്ധപ്പെട്ടവരുടെ വീടുകളില്‍ എത്തിക്കും. ബാഗേജ് കാര്‍ഗോ കോംപ്‌ളക്‌സില്‍നിന്ന് ഇറക്കാന്‍ പാസ്‌പോര്‍ട്ട് നല്‍കുന്നവര്‍ക്ക് 2000 മുതല്‍ രൂപ പ്രതിഫലമായി നല്‍കും.ഡ്യൂട്ടിയും മറ്റ് ചെലവുകളും ഉള്‍പ്പെടെ 22000 രൂപയോളമായിരുന്നു ഡോര്‍ ടു ഡോര്‍ ഏജന്റുമാര്‍ക്ക് അന്ന് ചെലവായിരുന്നത്. കസ്റ്റംസ് അധികൃതര്‍ നിയമം കര്‍ക്കശമാക്കിയതോടെ അധിക ബാഗേജിന് പിഴ ചുമത്തി തുടങ്ങി. ഡ്യൂട്ടിയും പിഴയും ഉള്‍പ്പെടെ 35000 മുതല്‍ 40,000 രൂപ വരെയാണ് ഇപ്പോള്‍ കസ്റ്റംസ് ഈടാക്കുന്നത്. പുറമെ കാര്‍ഗോ കൈപ്പറ്റാന്‍ വരുന്നവരില്‍നിന്ന് സത്യപ്രസ്താവന എഴുതി ഒപ്പിട്ട് വാങ്ങുന്നുമുണ്ട്.
താന്‍ ഏറ്റെടുക്കുന്ന ബാഗേജിലെ ഉരുപ്പടികള്‍ തന്‍േറതുമാത്രമല്ലെന്നും അധിക തൂക്കത്തിന് പിഴയൊടുക്കാന്‍ സന്നദ്ധനാണെന്ന പ്രസ്താവനയാണ് കസ്റ്റംസ് അധികൃതര്‍ ശേഖരിക്കുന്നത്. അധിക ഡ്യൂട്ടിയും പിഴയും നല്‍കേണ്ടി വന്നതോടെ ഡോര്‍ ടു ഡോര്‍ ഏജന്റുമാര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി. അതോടെ കാര്‍ഗോ ക്‌ളിയറിങ് നിര്‍ത്തിവെക്കേണ്ട സ്ഥിതി വന്നു. കൊച്ചിയിലാകട്ടെ ഗള്‍ഫിലും ഇന്ത്യയിലും ഒരേ പോലെ രജിസ്‌ട്രേഷനുള്ള ഏജന്റുമാര്‍ക്കേ കൊറിയര്‍ ബാഗേജ് കൈകാര്യം ചെയ്യാന്‍ അനുമതി നല്‍കുന്നുള്ളൂ. വിരലിലെണ്ണാവുന്നവര്‍ക്കേ ഇത്തരം രജിസ്‌ട്രേഷനുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.