ഇംഗ്ളണ്ട് ഫുട്‌ബോള്‍ ടീം മുന്‍ നായകന്‍ ജോണ്‍ ടെറി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച പ്രതിരോധതാരങ്ങളില്‍ ഒരാളായ ടെറി ഇംഗ്ളീഷ് ക്ളബ് ചെല്‍സിയുടേയും വിശ്വസ്തനായ പ്രതിരോധ താരമാണ്. 2003ല്‍ സെര്‍ബിയ ആന്റ് മോണ്ടിനെഗ്രോക്കെതിരെയായിരുന്നു ടെറിയുടെ രാജ്യാന്തര ഫുട്ബോള്‍ അരങ്ങേറ്റം. കഴിഞ്ഞ സീസണില്‍ ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ ടെറി നിര്‍ണായക പങ്കുവഹിച്ചിരുന്നു.
രാജ്യാന്തര ഫുട്‌ബോളില്‍ നിന്നു വിരമിക്കുന്ന കാര്യം ഹൃദയഭേദകമാണെണെന്നും ക്ളബ് ഫുട്‌ബോളില്‍ തുടരുമെന്നും ടെറി വ്യക്തമാക്കി. തനിക്കൊപ്പം എല്ലായ്‌പ്പോഴും ഉണ്ടായിരുന്ന ആരാധകരുടെ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നതായും ടെറി പറഞ്ഞു. കളിക്കളത്തിലെ മികവിനൊപ്പം വിവാദങ്ങളും നിറഞ്ഞ കരിയറായിരുന്നു ടെറിയുടേത്. എതിര്‍ ടീമിലെ കളിക്കാരനെതിരെ വംശീയാധിക്ഷേപം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് ടെറിക്ക് ഇംഗ്ളണ്ട് ക്യാപ്റ്റന്‍ സ്ഥാനം നൽ്ടമായത്. പ്രീമിയര്‍ ലീഗില്‍ ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സുമായുള്ള ചെല്‍സി ടീമിന്റെ മത്സരത്തിനിടെയാണ് വിവാദപരമായ പരാമര്‍ശമുണ്ടായത്. ചെല്‍സി ക്യാപ്റ്റനായ ടെറി ക്യു പി ആറിന്റെ ഇംഗ്ലണ്ട് താരം ആന്റണ്‍ ഫെര്‍ഡിനാന്റിനെ വംശീയമായി അധിക്ഷേപിച്ചുവെന്നായിരുന്നു ആരോപണം. ആരോപണം നിഷേധിച്ച ടെറി ഒടുവില്‍ കോടതി വിധിയിലൂടെ കുറ്റവിമുക്തനാവുകയായിരുന്നു.
എന്നാല്‍ കോടതി ടെറിയെ കുറ്റ വിമുക്തനാക്കിയെങ്കിലും ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ വിചാരണ തുടരുകയാണ്.ടെറിയെ എട്ട് മത്സരങ്ങളില്‍ നിന്ന് വിലക്കുമെന്നാണ് സൂചന. നേരത്തെ വംശീയ അധിഷേപത്തിന്റെ പേരില്‍ ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിനെ എട്ട് മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല