ലണ്ടന്‍: ഇന്ത്യന്‍ ഹൈക്കമ്മീഷനിലേക്കുള്ള 6000 വിസ സ്റ്റിക്കര്‍ ഉള്‍പ്പെടെയുള്ള നയതന്ത്ര രേഖകളടങ്ങിയ മൂന്ന് ബാഗുകള്‍ വിമാനത്താവളത്തില്‍ നഷ്ടപ്പെട്ടു. വ്യാജ റിക്രൂട്ട്മെന്റ് മാഫിയകളുടെ കൈവശം ഇത് എത്തിയാല്‍ വന്‍ക്രമക്കേടിന് സാധ്യതയുണ്ട്. ഇതുപരിഗണിച്ച് നഷ്ടപ്പെട്ട ബാഗുകള്‍ കണ്ടെത്താന്‍ വ്യാപകമായ അന്വേഷണം പുരോഗമിക്കുകയാണ്. മോഷണം സംബന്ധിച്ച് ഈമാസം മൂന്നിനാണ് ഹൈക്കമ്മീഷന് വിദേശകാര്യമന്ത്രാലയത്തെ വിവരം അറിയിച്ചത്. ഹീത്രു വിമാനത്താവളത്തില്‍വെച്ച് ഇന്ത്യന്‍ ഹൗസിലേക്ക് കൈമാറിയ ബാഗുകളാണ് നഷ്ടമായത്. 6000 വിസ സ്റ്റിക്കേഴ്സ് അടങ്ങുന്ന മൂന്ന് ബാഗുകള്‍ ഉള്‍പ്പെടെ കാറ്റഗറി ‘ബി’യിലെ നാലു ബാഗുകളാണ് നഷ്ടമായത്. വിസ സ്റ്റിക്കര്‍ അടങ്ങിയ 27 ബാഗുകളാണ് അയച്ചിരുന്നത്. എന്നാല്‍, 25 ബാഗുകള്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ. ഹൈക്കമീഷനില്‍ നിന്നുള്ള കാറ്റഗറി ‘ബി’, ‘സി’ ബാഗുകള്‍ ഹീത്രു എയര്‍പോര്‍ട്ട് വഴിയാണ് കൈമാറ്റം ചെയ്യാറുള്ളത്.
എന്നാല്‍, നയതന്ത്ര രേഖകളടങ്ങിയ ബാഗുകള്‍ കൈമാറ്റം ചെയ്യുമ്പോഴുണ്ടായ വീഴ്ച ബാഗുകള്‍ നഷ്ടപ്പെടുന്നതിന് കാരണമായി. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് മോഷണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഹൈക്കമ്മീഷന് അധികൃതര്‍ കേന്ദ്രസര്‍ക്കാരിനെ വിവരമറിയിച്ചു. വിസ സ്റ്റിക്കറുകള്‍ ആരെങ്കിലും ദുരുപയോഗം ചെയ്യുമോയെന്നാണ് ആശങ്ക. കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന ബാഗുകള്‍ അതീവരഹസ്യ സ്വഭാവത്തില്‍പ്പെടുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല