1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2012

കൊച്ചി:അത്ഭുതരോഗ ശാന്തിശുശ്രൂഷകളില്‍ അരങ്ങേറുന്ന അത്ഭുതങ്ങളെക്കുറിച്ച് സീറോമലബാര്‍ സഭ ഗൗരവമായ പുനഃവിചിന്തനത്തിനു തയ്യാറെടുക്കുന്നു. അടുത്തിടെ കൊച്ചിയില്‍ പൂര്‍ത്തിയായ സിനഡ് യോഗത്തില്‍ ഈവിഷയം ഗൗരവത്തോടെയാണ് ചര്‍ച്ചചെയ്തത്. അന്നത്തെ തീരുമാനങ്ങളുടെ തുടര്‍നടപടികളിലേക്ക് സഭ കടക്കുകയാണ്. അദ്ഭുത രോഗശാന്തി ധ്യാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സീറോ മലബാര്‍ സഭാനേതൃത്വം തത്വത്തില്‍ തീരുമാനിച്ചുകഴിഞ്ഞു. അദ്ഭുത രോഗശാന്തിയെന്ന തരത്തില്‍ പ്രചാരണവും പരസ്യങ്ങളും വ്യാപകമായ സാഹചര്യത്തിലാണ് ഇതിന് കടിഞ്ഞാണിടാനുള്ള തീരുമാനം. ഇതിന്റെ ഭാഗമായി നവംബര്‍ നാലിന് സീറോ മലബാര്‍ സഭക്ക് കീഴിലുള്ള ധ്യാന കേന്ദ്രം ഡയറക്ടര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്ത് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.

കരിസ്മാറ്റിക് ധ്യാനങ്ങള്‍ക്ക് സഭാ ചട്ടങ്ങള്‍ മറികടന്ന് വന്‍തോതില്‍ മാര്‍ക്കറ്റിംഗ്് ടെക്‌നിക്കുകള്‍ ഉപയോഗിക്കുന്നതായും യഥാര്‍ഥ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് രോഗശാന്തിയെന്ന നിലയിലേക്ക് മാത്രം ഇത്തരം ധ്യാനങ്ങള്‍ മാറുന്നതായും സഭാനേതൃത്വത്തിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ആത്മീയതക്കപ്പുറം ധനസമ്പാദനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ധ്യാനങ്ങളെ മാറ്റുന്നതായും ആരോപണം ഉണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം നടപടികള്‍ നിരുല്‍സാഹപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രവാസി മലയാളികളെ ലക്ഷ്യംവച്ചും ഇത്തരം പ്രവര്‍ത്തനം വ്യാപകമാണ്.

സഭയുടെ കീഴിലുള്ള 63 ഓളം ധ്യാന കേന്ദ്രം ഡയറക്ടര്‍മാര്‍ക്ക് അനാവശ്യപ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കുമെന്നാണ് സൂചന. ധ്യാനകേന്ദ്രങ്ങള്‍ അബദ്ധ വിശ്വാസങ്ങള്‍ സഭാസമൂഹത്തിനിടയില്‍ പ്രചരിപ്പിക്കാനിടയാക്കുന്നതായാണ് സഭാനേതൃത്വത്തിന്റെ സംശയം. ഇതിന്റെ മറവില്‍ മറ്റുപല സഭകളും ധ്യാനങ്ങള്‍ സംഘടിപ്പിച്ച് വിശ്വാസികളെ ചൂഷണം ചെയ്യുന്നത് തടയാന്‍ കൂടി ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ആത്മീയത കച്ചവടവത്കരിക്കാന്‍ ഇത്തരം ധ്യാനങ്ങളുടെ മറവില്‍ വന്‍ നീക്കം നടക്കുന്നതായും സഭാനേതൃത്വം പറയുന്നു. കൂണുപോലെ നിരവധി കരിസ്മാറ്റിക് സംഘങ്ങളും ധ്യാന കേന്ദ്രങ്ങളും മുളച്ചുപൊങ്ങുന്നതും ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താന്‍ സഭാനേതൃത്വത്തെ പ്രേരിപ്പിച്ചതായാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.