1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2012

ലണ്ടന്‍:അനന്തമായി നീളുന്ന ജോലിസമയത്തില്‍ പ്രതിഷേധിക്കാന്‍ യുകെയിലെ തൊഴിലാളികള്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ജോലിസമയം കഴിഞ്ഞാലുടന്‍ സീറ്റ്കാലിയാക്കുന്ന പരിപാടിക്ക് ആഹ്വാനം ഉയര്‍ന്നുകഴിഞ്ഞു. ഓഫീസിലെ ജോലിസമയവും കുടുംബജീവിതവും ഒരുപോലെ എങ്ങനെ കൂട്ടിയിണക്കാമെന്ന ചോദ്യമാണ് ജീവകാരുണ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൂടി സഹായത്തോടെ നടത്തുന്ന പ്രതിഷേധം ഉന്നയിക്കുന്നത്. ഓഫീസ് സമയം കഴിഞ്ഞ് കൃത്യസമയത്ത് വീട്ടിലേക്കുപോകാനുള്ള സംസ്‌കാരം വളര്‍ന്നുവരണമെന്നതാണ് പ്രതിഷേധത്തിന്റെ ലക്ഷ്യം. അതൃപ്തി അറിയിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരിലെ ഒരു മുതിര്‍ന്ന അംഗം വീട്ടില്‍പ്പോകുന്നതിനുമുമ്പ് ഔപചാരികമായി സ്വിച്ച് ഓഫ് ചെയ്യുന്ന ചടങ്ങും നടത്തും. സഹപ്രവര്‍ത്തകര്‍ക്ക് സന്തോഷകരമായ ഒരു സായാഹ്നം വാഗ്ദാനംചെയ്ത് അദ്ദേഹം ഓഫീസില്‍ നിന്നും വിടവാങ്ങും.

1500 ജീവനക്കാരില്‍ അടുത്തിടെ നടത്തിയ ഒരു കണക്കെടുപ്പാണ് യുകെയിലെ തൊഴില്‍സംസ്‌കാരത്തിലെ ഏറ്റവുംമോശം പ്രവണതകളിലൊന്നായ അധികജോലിയുടെ വിവരങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നത്. പത്തുജീവനക്കാരില്‍ ആറുപേര്‍ എന്ന കണക്കിലാണ് ഓഫീസ് സമയം കഴിഞ്ഞും ജോലിയില്‍ തുടരേണ്ടിവരുന്നത്. ഇത്തരമൊരു തൊഴില്‍സംസ്‌കാരത്തിന് തങ്ങള്‍ ജോലിചെയ്യുന്ന കമ്പനിയിയെയാണ് ഇതില്‍ പകുതിപ്പേരും കുറ്റപ്പെടുത്തുന്നത്. പത്തിലൊരാള്‍ ആഴ്ചയില്‍ ഒരിക്കല്‍പ്പോലും കുടുംബാംഗങ്ങളോട് ഒത്തുകഴിയാറില്ലെന്ന പരിദേവനവും സര്‍വേ പങ്കുവയ്ക്കുന്നു. അധികമയം ജോലിചെയ്യുന്നതുമൂലം ജീവനക്കാരുടെ കുടംബജീവിതത്തില്‍ സംഭവിക്കാനിടയുള്ള തിരിച്ചടികളെ ഓര്‍മിപ്പിക്കാനാണ് ഇത്തരമൊരു പ്രതിഷേധവും പ്രചാരണവും സംഘടിപ്പിക്കുന്നതെന്ന് വര്‍ക്കിംഗ് ഫാമിലീസ് എന്ന എന്‍ജിഒയുടെ ചീഫ് എക്‌സിക്യുട്ടീവ് സാറാ ജാക്‌സണ്‍ പറയുന്നു. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന അത്താഴംകഴിക്കുന്ന കാഴ്ച ആഹ്ലാദകരമാണെന്ന് പ്രതിഷേധദിനം സ്‌പോണ്‍സര്‍ ചെയ്യുന്ന ബിസ്‌റ്റോയുടെ വക്താവ് അഭിപ്രായപ്പെട്ടു.

ബിസിനസ് യാത്രകള്‍ വെട്ടിച്ചുരുക്കുക, നീളന്‍ സെമിനാറുകള്‍ ഉപേക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കമ്പനി അധികാരികള്‍ക്കുമുന്നില്‍ സമര്‍പ്പിക്കാനും പ്രതിഷേധക്കാര്‍ തയ്യാറെടുക്കുന്നുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.