കംപ്യൂട്ടര്‍ സോഫ്റ്റുവെയറിലെ നിര്‍മാണത്തകരാറിനെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപഭോക്താക്കള്‍ സൈബര്‍ ആക്രമണ ഭീതിയുടെ നിഴലിലാണെന്ന് പോളണ്ടിലെ ഒരു സംഘം ഐടി ഗവേഷകര്‍. പേഴ്‌സണല്‍ കംപ്യൂട്ടറുകളും മക്കിന്റോഷ് പതിപ്പുകളെയുമാണ് ഇവ കൂടുതലായും ബാധിക്കുന്നത്. ഫയര്‍ഫോക്‌സ്, ക്രോം, സഫാരി, എക്‌സ്‌പ്ലോറര്‍ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന ജാവ സോഫ്റ്റുവെയറാണ് പ്രശ്‌നകാരണം. കംപ്യൂട്ടറില്‍ പ്രവര്‍ത്തിക്കുന്ന ജാവ സോഫ്റ്റുവയറുകളെ എളുപ്പത്തില്‍ കീഴടക്കാവുന്ന ഒരു കംപ്യൂട്ടര്‍ വൈറസാണ് കുഴപ്പക്കാരന്‍. ഇതുവഴി ദുഷ്ടപ്രോഗ്രാമുകള്‍ കംപ്യൂട്ടറില്‍ കടന്നുകൂടും. ജാവ സോഫ്റ്റുവെയര്‍ ഉപയോഗിക്കുന്ന ഏതുകംപ്യൂട്ടര്‍ ഉപഭോക്താവും ഇത്തരമൊരു ഭീഷണിയുടെ നിഴലിലാണത്രെ. ജാവ സോഫ്റ്റുവയര്‍ ഉപയോഗം അവസാനിപ്പിക്കുകയോ ഈ പ്രോഗ്രാം ക്പ്യൂട്ടറില്‍ നിന്നും ഒഴിവാക്കുകയോ ആണ് പരിഹാരമാര്‍ഗ്ഗമായി നിര്‍ദേശിക്കപ്പെടുന്നത്. എന്നാല്‍ ആയിരക്കണക്കിനു വെബ്‌സൈറ്റുകളുടേയും മറ്റും സേവനം ഇതോടെ ഇല്ലാതാകുമെന്നതിനാല്‍ എത്രപേര്‍ക്ക് ഇതിനുകഴിയുമെന്നും വ്യക്തമല്ല.
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ (ഐ.ഇ) ഇതുവരെ അറിയാത്ത ഒരു പിഴവ് കണ്ടെത്തിയതായും, ലോകമാകെ ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളില്‍ വൈറസ് ബാധയ്ക്ക് സാധ്യതയുണ്ടെന്നും മൈക്രോസോഫ്റ്റ് നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നു. ഈ ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ഒരു സുരക്ഷാ സോഫ്ട്‌വേര്‍ അടിയന്തരമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കമ്പനി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എക്‌സ്‌പ്ലോറര്‍ ബ്രൗസര്‍ ഉപയോഗിച്ച് ദുഷ്ടപ്രോഗ്രാമുള്ള വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍, ബ്രൗസറിലെ പിഴവ് മുതലെടുത്ത് സൈബര്‍ ക്രിമിനലുകള്‍ക്ക് കമ്പ്യൂട്ടര്‍ നിയന്ത്രണത്തിലാക്കാന്‍ സാധിക്കും.
ബ്രൗസറിലെ പിഴവ് പൂര്‍ണമായി മാറ്റാന്‍ സമയമെടുക്കുമെന്നും, അതിനാല്‍ ഇടക്കാല മുന്‍കരുതലെന്ന നിലയ്ക്ക് ഒരു സുരക്ഷാ സോഫ്ട്‌വേര്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാനുമാണ് മൈക്രോസോഫ്റ്റ് കഴിഞ്ഞയാഴ്ച കസ്റ്റമര്‍മാരെ അറിയിച്ചത്. ‘എന്‍ഹാന്‍സ്ഡ് മിറ്റിഗേഷന്‍ എക്‌സ്‌പെരിയന്‍സ് ടൂള്‍കിറ്റ്’ അഥവാ ‘എമെറ്റ്’ (Enhanced Mitigation Experience Toolkit – EMET) എന്ന സുരക്ഷാ സോഫ്ട്‌വേറാണ് ഉടന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കസ്റ്റമര്‍മാരോട് മൈക്രോസോഫ്റ്റ് നിര്‍ദേശിച്ചത്. blogs.technet.com/b/smrc/ എന്ന വെബ്‌സൈറ്റിലെത്തിയാല്‍ വിശദാംശങ്ങള്‍ ലഭിക്കുമെന്നും അവര്‍ അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല