ബെല്‍പ്രീത് കൗറിന്റെ ഫോട്ടോകാണുന്നവര് ഇതൊരു സിഖ് വംശജനായ പുരുഷനാണെന്ന് തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ ബെല്‍പ്രീത് സ്ത്രീയാണെന്ന് തിരിച്ചറിയുന്നവര്‍ അടുത്ത നിമിഷം അവരുടെ മുഖത്ത് വളര്‍ന്നു നില്ക്കുന്ന രോമങ്ങള്‍ നോക്കി പൊട്ടിച്ചിരിച്ചേക്കാം. എന്നാല്‍ ആളുകളുടെ പരിഹാസമോ തന്റെ രൂപമോ ബല്പ്രീതിനെ തെല്ലും വിഷമിപ്പിക്കുന്നില്ല. തന്റെ സൗന്ദര്യം നശിച്ചുപോകുന്ന ഈ ദേഹത്തല്ല മനസ്സിലാണ് എന്ന് വിശ്വസിക്കാനാണ് ബല്പ്രീതിന് ഇഷ്ടം.
ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ന്യൂറോ സര്ജന് വിദ്യാര്‍ത്ഥിയാണ് ബല്‍പ്രീത് കൗര്‍. എയര്‍പോര്‍ട്ടിലെ ക്യൂവില്‍ നില്ക്കുമ്പോള് ആരോ ബെല്‍പ്രീതിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ ന്യൂസ് വെബ്ബ്സൈറ്റായ റെഡിറ്റില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഫണ്ണി കാറ്റഡറിയില് അപ്ലോഡ് ചെയ്ത ചിത്രത്തിന് ബെല്‍പ്രീത് നല്കിയ മറുപടിയാണ് അവരെ പ്രശ്സ്തയാക്കിയത്.
സിഖ് വംശജയായ താന്‍ മതാചാരങ്ങള്‍ കാത്ത് സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് മുഖത്ത് വളര്‍ന്ന രോമങ്ങള്‍ മുറിക്കാത്തത് എന്ന് ബെല്‍പ്രീത് മറുപടിയില്‍ പറയുന്നു. പുറമേ കാണുന്ന സൗന്ദര്യത്തേക്കാള്‍ ആത്മീയ സൗന്ദര്യത്തിനാണ് സിഖുകാര്‍ പ്രാധാന്യം നല്‍കുന്നതെന്നും സൗന്ദര്യത്തെ കുറിച്ചുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ തന്നെ ബാധിക്കുന്നില്ലെന്ന് ബെല്‍പ്രീത് മറുപടിയില്‍ പറയുന്നു. ശരീരത്തില്‍ സ്വാഭാവികമായി വളരുന്ന രോമങ്ങള്‍ മുറിക്കരുത് എന്നാണ് സിഖുകാരുടെ കെഷ് പ്രമാണത്തില്‍ പറയുന്നത്.
എന്നാല്‍ ചിത്രത്തെ ചൊല്ലി വിവാദങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ താല്‍പ്പര്യമില്ലെന്ന് അമേരിക്കയിലെ സിഖ് സ്റ്റുഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് കൂടിയായ ബെല്‍പ്രീത് ചൂണ്ടിക്കാട്ടി. ചിത്രമിട്ടയാളോട് ദേഷ്യമൊന്നുമില്ല. പുരുഷന്മാരുടേത് പോലെ മുഖത്ത് രോമങ്ങളുണ്ടായതിനാല് ഒരു വിചിത്രജീവിയെ പോലെയാണ് ആളുകള്‍ എന്നെ നോക്കുന്നത്. എന്നാല്‍ മരിച്ചുപോകുന്നതോടെ നശിക്കുന്ന ഈ ദേഹത്തെ ചൊല്ലി ദുഖിക്കാനൊന്നും തനിക്ക് സമയമില്ലെന്നാണ് ബെല്‍പ്രീതിന്റെ അഭിപ്രായം.
ജീവിതത്തില്‍ ചെയ്ത നന്മകള് മാത്രമേ എന്നന്നേക്കുമായി നിലനില്ക്കുകയുള്ളു എന്നും അതുകൊണ്ട് തന്നെ ഇത്തരം നടപടികള്‍ തന്നെ വേദനിപ്പിക്കുന്നില്ലെന്നും ബെല്‍പ്രീത് പറഞ്ഞു. ചിത്രമെടുത്തയാള്‍ വരികയാണെങ്കില്‍ കുറച്ചുകൂടി മെച്ചപ്പെട്ട പടം നല്കാന് സാധിക്കും. തന്റെ രൂപത്തെ കുറിച്ചുള്ള ചിന്തകള്‍ മുഖത്തിന് പിന്നിലെ സന്തോഷത്തേയും പുഞ്ചിരിയേയും ഒരിക്കലും ബാധിക്കില്ലെന്നും റെഡിറ്റില്‍ ബെല്‍പ്രീത് കുറിച്ചു.
പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം എന്ന അവസ്ഥ കാരണമാണ് ബെല്‍പ്രീതിന്റെ മുഖത്ത് രോമങ്ങള്‍ വളരാന്‍ കാരണം. ഇത്തരം പ്രശ്നമുള്ളവര്‍ക്ക് അമിത രോമവളര്‍ച്ച ഉണ്ടാകാറുണ്ട്. ബെല്‍പ്രീതിന്റെ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടി കണ്ട് ഇവര്‍ക്ക് നിരവധി ആരാധകരേയാണ് ലഭിച്ചിരിക്കുന്നത്. തുടര്‍ന്ന് ആരാധകര്‍ ചിത്രം പോസ്റ്റ് ചെയ്ത ആള്‍ക്ക് നേരെ തിരിഞ്ഞതോടെ ഇയാള്‍ ക്ഷമാപണവുമായി രംഗത്തെത്തി. റെഡിറ്റില്‍ പ്രതികരണം അറിയിക്കുന്നവര്‍ക്ക് ബെല്‍പ്രീത് അപ്പപ്പോള്‍ തന്നെ മറുപടി നല്‍കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല