മുന്‍ താരം സന്ദീപ് പാട്ടീലിനെ ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗമാണ് സന്ദീപ് പാട്ടീലിനെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തത്. അഞ്ചംഗ കമ്മിറ്റിയില്‍ സാബാ കരീം, റോജര്‍ ബിന്നി, വിക്രം രാത്തോഡ്, രാജേന്ദര്‍ സിംഗ് ഹന്‍സ് എന്നിവരെയും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.പടിഞ്ഞാറന്‍ മേഖലയെ പ്രതിനിധികരിച്ചായിരിക്കും സന്ദീപ് പട്ടേല്‍ സെലക്ഷന്‍ കമ്മിറ്റിയിലെത്തുന്നത് സെലക്ഷന്‍ കമ്മിറ്റിയില്‍ ഒരുവര്‍ഷം മാത്രം പൂര്‍ത്തിയാക്കിയ മൊഹീന്ദര്‍ അമര്‍നാഥിനെ ഒഴിവാക്കി.
ചീഫ് സെലക്ടറായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് ഉള്‍പ്പെടെ നാല് അംഗങ്ങള്‍ തങ്ങളുടെ കാലാവധിയായ നാലുവര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പുതിയ സെലക്ഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. ശ്രീകാന്തിന് പുറമേ നരേന്ദ്ര ഹിര്‍വാനി, രാജാവെങ്കട്ട്, സുരേന്ദ്രഭാവെ എന്നിവരാണു കാലാവധി പൂര്‍ത്തിയാക്കിയവര്‍. ശ്രീകാന്തിനു പകരം മൊഹീന്ദര്‍ അമര്‍നാഥ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇംഗ്ളണ്ടിലെയും ഓസ്ട്രേലിയയിലെയും ടെസ്റ്റ് തോല്‍വികളുടെ പശ്ചാത്തലത്തില്‍ ധോണിയെ നായകസ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട അമര്‍നാഥുമായി സ്ഥാനമൊഴിഞ്ഞ ചെയര്‍മാന്‍ ശ്രീകാന്തിന് നല്ല ബന്ധമുണ്ടായിരുന്നില്ല എന്നത് അദ്ദേഹത്തിന് വിനയാവുകയായിരുന്നു.
സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ സമയത്ത് ശ്രീകാന്തിന്‍റെ കാലാവധി കഴിഞ്ഞാല്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന് ബിസിസിഐ അമര്‍നാഥിന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ മൂന്നു വര്‍ഷം കാലാവധി ബാക്കിയിരിക്കെ അദ്ദേഹത്തെ കമ്മിറ്റിയില്‍ നിന്നു തന്നെ ഒഴിവാക്കിയത് വിവാദമായിട്ടുണ്ട്.മലയാളിയായ കെ.ജയറാം ഇന്ത്യന്‍ ജൂനിയര്‍ ടീമിന്‍റെ സെലക്ടറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല