ബര്‍ലിന്‍: ഇന്ത്യയ്ക്ക് പുറത്തുള്ള കോണ്‍ഗ്രസ് അനുഭാവി സംഘടനകളുടെ രണ്ടാമത് ആഗോള സംഗമം ദോഹയിലെ മാരിയോട്ട് ഹോട്ടലില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കും. രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവതരിപ്പിക്കാനും വേദിയൊരുക്കുന്നതോടൊപ്പം വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്യും.
ഖത്തറില്‍ ഒ.ഐ.സി.സി യുടെ ഭാഗമായ ഇന്‍കാസ് ആയിരിക്കും സമ്മേളനത്തിന് ആതിഥേയത്വം വഹിയ്ക്കുന്നത്. സംഘാടക സമിതിയുടെ രക്ഷാധികാരി സി. കെ. മേനോന് ആണ്. കെ. കെ. ഉസ്മാന് ചെയര്‍മാനും ജോപ്പച്ചന്‍ തെക്കെക്കുറ്റ് കണ്‍വീനറുമായിരിക്കും. പതിനഞ്ചോളം രാജ്യങ്ങളില്‍ നിന്ന് ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. കൂടാതെ ഇന്‍കാസില്‍ നിന്ന് നൂറോളം പേരും പങ്കെടുക്കും.
കേന്ദ്രമന്ത്രി വയലാര്‍ രവി സമ്മേളനം ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഓസ്കര് ഫെര്‍ണാണ്ടസ്, കേന്ദ്രഊര്‍ജ്ജസഹമന്ത്രി കെ.സി. വേണുഗോപാല്‍, വിദേശകാര്യ സഹമന്ത്രി പ്രിനേശ് കൗര്‍,
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരും കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും, കെ.പി.സി.സി ഭാരവാഹികളും സമ്മേളനത്തില്‍
ക്ഷണിതാക്കളായിരിയ്ക്കും.ഇതോടനുബന്ധിച്ച് കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്രവാസി സംഘടനകളുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.സി. രാജന്, കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് എന്നിവരാണ്.
ദോഹ സമ്മേളനം ഒരു വന്‍ വിജയമാക്കിത്തീര്‍ക്കാന്‍ എല്ലാ രാജ്യങ്ങളിലെയും ഒ.ഐ.സി.സി പ്രവര്‍ത്തകരും കോണ്‍ഗ്രസ് അനുഭാവികളും കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് ഒ.ഐ.സി.സി യൂറോപ്പ് കോര്‍ഡിനേറ്റര്‍ ജിന്സണ് എഫ് വര്‍ഗീസ് നല്കിയ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല