അബ്ദുള്ളക്കുട്ടി പണ്ടേ ഇങ്ങിനെയാണ്.സത്യം എവിടെയായാലും വിളിച്ചു പറയും. കൊടിയുടെ നിറമോ നേതാവിന്റെ സ്ഥാനമോ അദ്ദേഹം നോക്കാറില്ല. സിപിഎമ്മിലായിരുന്നപ്പോള്‍ ഗുജറാത്തിന്റെ വികസന നായകന് നരേന്ദ്ര മോഡിയെ പ്രശംസിച്ചു സംസാരിച്ചതിനാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും പുറത്താകുന്നത്.
വികസനത്തിന്റെ കാര്യത്തില്‍ വളരെയേറെ പിന്നോക്കം നില്ക്കുന്ന കേരളത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വ്യാവസായിക വളര്‍ച്ചാ നിരക്ക് കൈവരിച്ച ഗുജറാത്ത് മോഡല്‍ നടപ്പിലാക്കണമെന്ന് പ്രസംഗിച്ച അബ്ദുള്ളക്കുട്ടി ചെങ്കൊടിക്കാര്‍ക്ക് അനഭിമിതനാവുകയായിരുന്നു.നേരെ ചൊവ്വേ കാര്യങ്ങള്‍ പറയുന്ന അദ്ദേഹം ഇപ്പോള്‍ കൊണ്ഗ്രസുകാര്ക്കും അനഭിമിതനായിരിക്കുന്നു.
ആദര്‍ശത്തിന്റെ കാര്യത്തില്‍ ആന്റണിയോട് മത്സരിക്കാന്‍ ശ്രമിക്കുന്നയാളാണ് വിഎം സുധീരന്. അദ്ദേഹത്തിന്റെ ആദര്‍ശ ധീരതെയെക്കുറിച്ചു ആര്‍ക്കും അഭിപ്രായ വ്യതാസവുമില്ല,എന്നാല്‍ വികസനത്തിന്റെ കാര്യത്തില്‍ സാക്ഷാല്‍ അച്ചുതാനന്ദനെ വെല്ലുന്ന പ്രസ്താവനയാണ് അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയത്.നിലവിലെ പദ്ധതി പ്രകാരം മുന്നോട്ടു പോയാല്‍ ദേശീയപാതാ വികസനം 2 ജിയേക്കാള്‍ വലിയ അഴിമതിയായി മാറുമെന്നായിരുന്നു അദ്ദേഹം സുധീരമായി പ്രസംഗിച്ചത്.
ഈ നിലപാടില്‍ പ്രതിഷേധിച്ച് അബ്ദുള്ളക്കുട്ടി വേദിയില്‍ നിന്നും ഇറങ്ങിപ്പോയി. പിന്നീട് ചടങ്ങില്‍ സംസാരിച്ച അബ്ദുള്ളക്കുട്ടി സുധീരനെതിരേ ആഞ്ഞടിച്ചു. സുധീരന്റേതു സിപിഎം പോലും തള്ളിക്കളഞ്ഞ തീവ്ര ഇടതുപക്ഷ നിലപാടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസാരിച്ച കേരള വികസന കോണ്‍ഗ്രസിനോടനുബന്ധിച്ച് സംഘടിപ്പിച്ച കേരള വികസന വീക്ഷണം2025 എന്ന സെമിനാറിലായിരുന്നു സംഭവം.
കേരളത്തിന്റെ നന്മ ആഗ്രഹിക്കുന ഏതൊരു മലയാളിയുടെയും വികാരം വിളിച്ചു പറയാന്‍ ധൈര്യം കാണിക്കുന്ന അബ്ദുള്ളക്കുട്ടിയെ വിഎം സുധീരനെ പരസ്യമായി വിമര്‍ശിച്ചതിനാണ് കൊണ്ഗ്രസിലെ അദ്ദേഹത്തിന്റെ വിരോധികള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത് .
അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കനമെന്നാണ് കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് പി. രാമകൃഷ്ണന് ആവശ്യപ്പെട്ടിരിക്കുന്നത്.അടുത്തകാലത്തു മാത്രം കോണ്‍ഗ്രസിലെത്തിയ കേവലം എംഎല്‍എ മാത്രമായ അബ്ദുള്ളക്കുട്ടി പാര്‍ട്ടിയുടെ വേലിക്കെട്ടിനുള്ളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളും പ്രസ്താവനകളുമല്ല നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരിക്കുന്നു .
മുണ്ടുരിഞ്ഞ് അച്ചടക്കം കാണിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആണ് ഇപ്പോള്‍ അബ്ദുള്ളക്കുട്ടി അച്ചടക്കം തെറ്റിച്ചതിനെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നത്.പതിറ്റാണ്ടുകളായി നേരെ ചൊവ്വേ ഒരു സംഘടന തിരഞ്ഞെടുപ്പ് പോലും നടത്താനാവാത്ത രീതിയില്‍ അരക്കിട്ടുറപ്പിച്ചതാണ് ഈ പാര്‍ട്ടിയിലെ അച്ചടക്കം. ദിവസം തോറും കൂടുന്ന ഗ്രൂപ്പുകളുടെ എണ്ണം കൊണ്ടും ഏറ്റവും കൂടുതല്‍ കാലം നാടിനെ സുധീരമായി നാടിനെ സേവിച്ച ( നാട്ടുകാര്‍ സഹിക്കുന്ന ) നേതാക്കളുടെ എണ്ണം കൊണ്ടും കേള്‍വി കേട്ടതാണല്ലോ ഈ പാര്‍ട്ടി.അച്ചടക്കത്തിന്റെ തീവ്രത കൊണ്ടായിരിക്കണം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്ടുമാരെപ്പോലും ഹൈക്കമാണ്ടിനു തീരുമാനിക്കേണ്ടി വരുന്നത്.
ഏതൊരു ഭൂപ്രദേശത്തിന്റെയും വികസനത്തിന്റെ മൂലക്കല്ല് റോഡുകളാണ് . ദേശീയപാതാ വികസനത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നോക്കം നില്ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.അയല്‍ സംസ്ഥാനങ്ങളില്‍ മാസങ്ങള്‍ കൊണ്ട് പുതിയ റോഡുകള്‍ ഉണ്ടാകുമ്പോള്‍,കേരളത്തിലെ റോഡുകള്‍ പൂര്‍ത്തിയാവാന്‍ പതിറ്റാണ്ടുകളെടുക്കുന്നു.സ്ഥലം ഏറ്റെടുക്കല്‍ എന്ന കടമ്പ കടന്നാലും വീണ്ടും വര്‍ഷങ്ങള്‍ കൊണ്ടാണ് പണികള്‍ തീരുന്നത്. NH 47 , NH 17 എന്നീ ഹൈവേകളുടെ വികസനം ഈ മേല്ലെപ്പോക്കിന്റെ ഉത്തമ ഉദാഹരണമാണ്.
ഇതിനുള്ള ഏക പരിഹാരം BOT മാതൃകയാണ്.യാത്ര ചെയ്യാന്‍ നല്ല റോഡുകള്‍ ഉണ്ടെങ്കില്‍ ടോള്‍ കൊടുക്കാന്‍ ജനം മടിക്കുമെന്നു കരുതേണ്ടതില്ല.ഇക്കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് വാഹനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന വച്ചു നോക്കുമ്പോള്‍ അഞ്ചു ശതമാനം പോലും പുതിയ റോഡുകള്‍ ഉണ്ടായിട്ടില.അതേ സമയം നിയമം നിഷ്ക്കര്‍ ഷിക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായും പാലിച്ചു വേണം BOT കരാറുകാരനെ നിശ്ചയിക്കാന്‍.കേരളത്തിന്റെ വളര്‍ച്ച ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഓരോ മലയാളിയുടെയും വികാരമാണ് BOT റോഡുകള്‍ കേരളത്തില്‍ ഉണ്ടാകണമെന്നുള്ളത്.
മലയാളിയുടെ ഈ പൊതു വികാരം പ്രകടിപ്പിച്ച അബ്ദുള്ളക്കുട്ടിയെ ആദര്‍ശ സുധീരന്മാര് പ്രതിക്കൂട്ടില്‍ നിര്ത്തെണ്ടതില്ല.ഉള്ളത് പറഞ്ഞതിന് ആരും തുള്ളണ്ട കാര്യവുമില്ല.BOT മോഡല്‍ അഴിമതിയാണെന്ന് പറയുന്നവര്‍ കേരളത്തിലെ റോഡു വികസനത്തിന് സമയബന്ധിതമായി നടപ്പിലാക്കാന്‍ സാധിക്കുന്ന വേറൊരു മാര്‍ഗം കൂടി പറഞ്ഞ് തരണം.
മറ്റാര്‍ക്കും അവസരം കൊടുക്കാതെ അധികാരത്തിന്റെ സുഖലോലുപതയില്‍ കടിച്ചു തൂങ്ങുന്നവര്‍ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പഴഞ്ചന്‍ ചിന്താഗതികള്‍ മാറ്റാന്‍ തയ്യാറാവണം.സ്ഥാനം നില നിര്‍ത്താന്‍ തരം താണ ഗ്രൂപ്പുകളികള്‍ നടത്തുന്നവര്‍ നാടിന്റെ നന്മയ്ക്ക് വേണ്ടി വിശാലമായി ചിന്തിക്കണം.അതേ സമയം അബ്ദുള്ളക്കുട്ടിയുടെ നേതൃപാടവത്തില്‍ കൊണ്ഗ്രസിലെ അധികാര മോഹികള്‍ അസൂയപ്പെടേണ്ട.കഴിവുള്ളവനെ ജനം അംഗീകരിക്കും. അധികാരത്തിലെ ഇത്തിള്‍ക്കണ്ണികളെ തിരിച്ചറിയാനുള്ള വിവേകം കഴുതയെന്നു രാഷ്ട്രിയക്കാര്‍ വിശേഷിപ്പിക്കുന്ന ജനത്തിനുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല