കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ അവലോകനം ചെയ്ത്, തോറ്റത് സി പി എമ്മും കത്തോലിക്കാ സഭയും ആണെന്ന തരത്തില്‍ ബ്രിട്ടിഷ് മലയാളി എന്ന ഓണ്‍ലൈന്‍ പത്രത്തില്‍ ഇന്ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ ആണ് ഈ കത്തെഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.വിവാദങ്ങളുടെ വിഷപ്പുക തുപ്പി വിശപ്പടക്കുന്ന ഇക്കൂട്ടര്‍ മാധ്യമ കുപ്രസിദ്ധിക്ക് വേണ്ടി എതറ്റം വരെയും പോകുമെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് യു കേയിലേക്ക് വരുന്ന ധ്യാന ഗുരുക്കന്മാരെ അവഹേളിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച ഇക്കൂട്ടര്‍ രണ്ടാഴ്ച മുന്‍പ് പ്രസിദ്ധീകരിച്ചത് ഒരു യുക്മ നേതാവിനെ
അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തയായിരുന്നു.വേറിട്ടൊരു മാധ്യമ വീക്ഷണമെന്ന വ്യാജേന കത്തോലിക്കാ സഭയെയും വിശ്വാസികളെയും തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താനും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്താനും നടത്തുന്ന തരം താണ മാധ്യമ സംസ്ക്കാരത്തിനെതിരെ വിശ്വാസികള്‍ക്കുള്ള ശക്തമായ പ്രതിഷേധം അറിയിച്ചു കൊള്ളുന്നു.
സാമൂഹികപരമായും വിദ്യഭാസപരമായും ഉള്ള പുരോഗതിയാണ് എതൊരു ജനതയുടെയും ഉന്നമനത്തിന് അടിസ്ഥാനം.കേരള ജനത ഈ ഉന്നതി കൈവരിച്ചിട്ടുണ്ടെങ്കില്‍ അതിന് പ്രധാന കാരണം ക്രിസ്ത്യന്‍ സമുദായമാണ്. അച്ചടക്കത്തിലും,ഒരുമയിലും പ്രാര്‍ത്ഥനയിലും അധിഷ്ടിതമായ കുടുംബങ്ങളെ പടുത്തുയര്‍ത്തുന്നത് വഴി സഭ തറക്കല്ലിടുന്നത് പ്രബുദ്ധരായ ഒരു സമൂഹത്തിനു തന്നെയാണ്.കേരളത്തിന്‍റെ പുരോഗതിയില്‍ പ്രത്യേകിച്ച് വിദ്യാഭാസ രംഗത്ത് ക്രൈസ്തവ സഭ നല്‍കുന്ന സംഭാവനകള്‍ നിസ്തുലമാണ്.സ്വന്തമായി ഒരു പ്രസ്ഥാനം തുടങ്ങിയാല്‍ പിറ്റേ ദിവസം അതിനെതിരെ ചെങ്കൊടി പിടിക്കുന്ന മാര്‍ക്സിസ്റ്റ്‌കാരന്‍ കേരളവികസനത്തിന് എന്ത് സംഭാവനയാണ് നല്‍കിയിട്ടുള്ളത്.
എന്‍ ആര്‍ ഐ മലയാളികള്‍ ആണ് കേരള വികസനത്തിന്‍റെ ആണിക്കല്ല്.നല്ല കുടുംബ മൂല്യങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും നല്‍കി മലയാളിയെ എന്‍ ആര്‍ ഐ മലയാളി ആക്കിയതില്‍ മുന്തിയ പങ്ക് വഹിച്ചത് ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച ക്രിസ്ത്യന്‍ സമുദായമാണ്.
മുന്‍പ് ഭരിച്ചപ്പോഴെല്ലാം ന്യൂനപക്ഷങ്ങള്‍ക്ക് അവരര്‍ഹിക്കുന്ന ബഹുമാനവും പ്രാധാന്യവും കൊടുത്ത മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇത്തവണ ക്രൈസ്തവ സമുദായത്തിനെതിരെ നിഷേധാത്മകമായ നിലപാടാണ് തുടക്കം മുതല്‍ സ്വീകരിച്ചു വന്നത്.ന്യൂന പക്ഷങ്ങള്‍ ഇത്രയും പീഡിപ്പിക്കപ്പെട്ട ഒരു ഭരണം ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല.ബിഷപ്പിനെ നികൃഷ്ട്ടജീവിയെന്ന് വിളിച്ചത് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ്.രൂപതയെ ‘ രൂപ ‘ താ എന്ന് പറഞ്ഞ് അവഹേളിച്ചത് വിദ്യാഭ്യാസ മന്ത്രിയാണ്.തരം കിട്ടുന്നിടത്തെല്ലാം സഭയെയും വിശ്വാസികളെയും താഴ്ത്തിക്കെട്ടാനും നിരീശ്വര വാദം പ്രോല്‍സാഹിപ്പിക്കാനുമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശ്രമിച്ചു വന്നത്.
വന്‍ ഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ നാള്‍ മുതല്‍ എല്ലാ മേഖലകളിലും മാര്‍ക്സിസ്റ്റ്‌വല്‍ക്കരണം നടത്താന്‍ മുന്‍കൈ എടുത്ത സി പി എം താരതമ്യേന മിതവാദികളായ ഘടക കക്ഷികളെ പോലും
കാഴ്ച്ചക്കാരാക്കി. ഇടതു ചായ്‌വ് ഉള്ളവരെപ്പോലും വെറുപ്പിച്ച മാര്‍ക്സിസ്റ്റ് ഏകാധിപത്യമാണ് കേരളത്തില്‍ നടക്കുന്നത്.മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ആവശ്യം, വിദ്യാഭ്യാസം കുറഞ്ഞ, നേതാക്കന്മാരുടെ ആജ്ഞകള്‍ അതേപടി അനുസരിക്കുന്ന പ്രത്യയശാസ്ത്ര അടിമകളെയാണ് .ഈ അടിമകള്‍ ഉള്‍പ്പെടുന്ന ഒരു പാര്‍ട്ടി ഗ്രാമമാണ് .അപ്പോള്‍ സ്വാഭാവികമായും സഭ പാര്‍ട്ടിയുടെ ശത്രുപക്ഷത്തായി.
സഭയ്ക്ക് മേല്‍ക്കോയ്മ ഉള്ള അടിസ്ഥാന വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ പരിഷ്ക്കാരങ്ങള്‍ പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുനതിനുവേണ്ടി പോലും ഉപയോഗിക്കപ്പെട്ടു.കൂടുതല്‍ സര്‍ക്കാര്‍ സ്കൂളുകള്‍ നൂറു ശതമാനം വിജയം കൈവരിക്കുന്നതും സ്വകാര്യ സ്കൂളുകള്‍ പിന്തള്ളപ്പെടുന്നതും ആക്സമികമാണെന്നു വിശ്വസിക്കാന്‍ അത്രയ്ക്ക് മണ്ടന്മാരല്ല കേരള ജനത.
വിവിധ വിഭാഗങ്ങളെ വെറുപ്പിച്ചും വെല്ലുവിളിച്ചും ജനാധിപത്യ വ്യവസ്ഥകളെ കാറ്റില്‍ പറത്തിയും സിപിഎം മുന്നോട്ട് പോയപ്പോള്‍ അതിനെതിരെ സഭ പ്രതികരിച്ചുവെങ്കില്‍ അത് സ്വാഭാവികം മാത്രം.
പാര്‍ട്ടിക്ക് മീതെ പരുന്തും പറക്കില്ലെന്ന രീതിയില്‍ ജനാതിപത്യ വ്യവസ്ഥകളെ കാറ്റില്‍ പറത്തിയവര്‍ക്കെതിരെ സഭ വിശ്വാസികളോട് പ്രസംഗിച്ചിട്ടുണ്ടെങ്കില്‍ അത് രാഷ്ട്രിയമായി കാണേണ്ടതില്ല.സഭ പ്രതിനിധീകരിക്കുന്നത് ഒരു സമൂഹത്തെയാണ്.
അവരുടെ ഉന്നമനത്തിനു വേണ്ടി നല്ല കാര്യങ്ങള്‍ പ്രചരിപ്പിക്കാനും മോശമായത് ചൂണ്ടിക്കാണിക്കാനും സഭയ്ക്ക് അവകാശമുണ്ട്.അതിനെ രാഷ്ട്രിയ ഇടപെടലായി വ്യാഖ്യാനിക്കുന്നവരുടെ ആരോപണങ്ങള്‍
അവരുടെ ആശയങ്ങള്‍ നടപ്പിലാകാതെ പോകുമ്പോഴുള്ള മനോ വിഷമത്തില്‍ നിന്നുണ്ടാകുന്ന വ്യര്‍ത്ഥ ജല്‍പ്പനങ്ങള്‍ മാത്രമാണ്.
സാമുദായിക വോട്ടുകളുടെ ധ്രുവീകരണം നടത്താന്‍ കത്തോലിക്കാ സഭയുടെ നിലപാടുകള്‍ സഹായിച്ചു എന്ന് കുറ്റപ്പെടുത്തുന്നവരോട് ഒന്നു ചോദിച്ചോട്ടെ,അങ്ങിനെയെങ്കില്‍ ഹിന്ദുക്കള്‍ കൂടുതലുള്ള
കേരളത്തിലെ കൂടുതല്‍ സീറ്റുകളും ബി ജെ പിക്ക് കിട്ടേണ്ടതല്ലേ.ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമെന്യേ കേരള ജനത പ്രബുദ്ധരാണ്.എന്തിനോടും ഏതു വിധത്തില്‍ പ്രതികരിക്കണമെന്ന് അവര്‍ക്കറിയാം.അടിസ്ഥാന പരമായ രാഷ്ട്രിയ ചായ്‌വ് ഉണ്ടെങ്കിലും മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഈ ചായ്‌വില്‍ മാറ്റം വരുത്തി പ്രതികരിക്കാന്‍ ജനത്തിനറിയാം. അതുകൊണ്ട് തന്നെയാണ് പ്രബുദ്ധരായ കേരള ജനത ഇടതു പക്ഷത്തെയും ഐക്യ മുന്നണിയെയും മാറി മാറി പരീക്ഷിക്കുന്നത്.
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പ് ജയിച്ചത് ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ സ്വാധീനം കൊണ്ട് മാത്രമല്ല,മറിച്ച് മാര്‍ക്സിസ്റ്റ് ധാര്ഷ്ട്യതിനെതിരെ പ്രബുദ്ധരായ കേരള ജനത പ്രതികരിച്ചപ്പോള്‍ ഐക്യ മുന്നണി ജയിച്ചു. അത്ര മാത്രം.അതിനെ ഐക്യമുന്നണിയുടെ നേട്ടമായും വിലയിരുത്തേണ്ടതില്ല.
സി.പി.എമ്മിന്റെ ‘തന്നിഷ്ട’ നയങ്ങള്‍ നടപ്പിലാക്കിയതിനും ന്യൂനപക്ഷങ്ങളെയും സഭയേയും അകറ്റി നിര്‍ത്തിയതിനുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് പരാജയമെന്ന് സി പി എം ഒഴികെയുള്ള ഇടതുകക്ഷികള്‍ വിലയിരുത്തുമ്പോഴും കത്തോലിക്ക സഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ബ്രിട്ടിഷ് മലയാളി എഡിറ്ററുടെ ശ്രമം മാധ്യമ വിവാദം ഉണ്ടാക്കാനുള്ള അടവ് നയം മാത്രമാണ്.വാര്‍ത്തകളെ വിവാദങ്ങളാക്കി കുപ്രസിദ്ധി നേടുന്നവരുടെ ഇത്തവണത്തെ ഇര സഭയാണ്. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്താനും സഭയെ അധിക്ഷേപിക്കാനും നടത്തുന്ന ഈ ഗൂഡ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. യു കെ മലയാളികള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും പരത്തുന്ന ഈ മാധ്യമ വിപത്തിനെ തിരിച്ചറിയുക.മുറിച്ചു നീക്കുക.
ടോമി ജെയിംസ്
ബ്രിസ്റ്റോള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല