ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണ പിള്ളയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചു. ഇന്നു രാവിലെ കൊച്ചിയിലെ ഇടമലയാര്‍ പ്രത്യേക കോടതിയില്‍ എത്തി കീഴടങ്ങിയ ബാലകൃഷ്ണ പിള്ളയെ ഉച്ചയോടെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചത്. വൈകുന്നേരത്തോടെ പിള്ളയ്ക്ക് രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനാല്‍ അദ്ദേഹത്തെ ജയിലിലെ മെഡിക്കല്‍ റൂമിലേക്ക് മാറ്റി.
രാവിലെ പത്തരയോടെയാണ് ആര്‍ ബാലകൃഷ്ണ പിള്ള കൊച്ചിയിലെ പ്രത്യേക ഇടമലയാര്‍ കോടതിയില്‍ ഹാജരായത്. കേസില്‍ ഒരു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട മറ്റൊരു പ്രതിയായ പി കെ സജീവനും കോടതിയില്‍ എത്തിയിരുന്നു. പ്രതികളുടെ വാദം കോടതി കേട്ടു.
തനിക്ക് ജയിലില്‍ എ ക്ലാസ് സൌകര്യങ്ങള്‍ ലഭ്യമാക്കണമെന്ന് ബാലകൃഷ്ണ പിള്ള ആവശ്യപ്പെട്ടെങ്കിലും കോടതി ഈ ആവശ്യം നിരസിക്കുകയായിരുന്നു. തന്റെ അനാരോഗ്യം പരിഗണിച്ച് പ്രത്യേക വൈദ്യസഹായം ലഭ്യമാക്കണമെന്നും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു.
കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് ബാലകൃഷ്ണ പിള്ളയെ കൊണ്ടുപോയത്. ബാലകൃഷ്ണ പിള്ളയെ യാത്രയാക്കാന്‍ അനുയായികളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഒരു വലിയ പട തന്നെ രാവിലെമുതല്‍ കോടതി പരിസരത്ത് എത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല