ന്യൂദല്‍ഹി: കരുനാഗപ്പള്ളിയില്‍ ആര്. ബാലകൃഷ്ണപ്പിള്ളക്ക് നല്കിയ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് നന്നായെന്ന് കെ.എം മാണി. സ്വീകരണത്തില്‍ പങ്കെടുക്കാന്‍ കേരള കോണ്‍ഗ്രസിന് താല്പര്യമുണ്ടായിരുന്നില്ല. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. കേസില്‍ ബാലകൃഷ്ണപ്പിള്ളക്ക് കോടതി ശിക്ഷ നല്കി. അത് ശിക്ഷ തന്നെയാണ്. അതില്‍ അഭിപ്രായ വ്യത്യാസമില്ല. പിള്ളക്ക് നല്കിയ സ്വീകരണ യോഗത്തില്‍ പങ്കെടുത്തവര്‍ ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കയാണെന്നും മാണി പറഞ്ഞു.
വിഷയത്തില്‍ കെ.സുധാകരന് നടത്തിയ അഭിപ്രായപ്രകടനം നല്ലതല്ല. സുധാകരന്റെ വക്കാലത്ത് കേരള കോണ്‍ഗ്രസ് ഏറ്റെടുക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് താന്‍ ഒന്നും പറയുന്നില്ല. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ തങ്ങളുടെ പക്കല്‍ വ്യക്തമായ രേഖകളൊന്നുമില്ലെന്നും മാണി പറഞ്ഞു.
തൊടുപുഴയില്‍ പി.ജെ ജോസഫ് തന്നെയായിരിക്കും സ്ഥാനാര്‍ഥിയെന്നും മാണി വ്യക്തമാക്കി. കേരളത്തിലെ കാര്‍ഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി മന്ത്രി ചിദംബരവുമായി കൂടിക്കാഴ്ചക്ക് ദല്‍ഹിയിലെത്തിയതായിരുന്നു മാണി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല