കാലം പോയ പോക്ക് എന്നൊക്കെ പറഞ്ഞാല്‍ ആരും അത്ഭുതപ്പെടില്ല എന്നുറപ്പാണ്. മാറ്റങ്ങള്‍ ഉണ്ടാകുന്നത് കണ്ണടച്ച് തുറക്കുംമുമ്പാണ്. സാധാരണഗതിയില്‍ നിങ്ങള്‍ക്ക് പാസ്സ്പോര്‍ട്ട് ഇല്ലാതെ മറ്റൊരു രാജ്യത്തേക്ക് കടക്കാനാവില്ല. പ്രത്യേകിച്ചും ലോകപോലീസ് എന്നൊക്കെ മസില് പിടിക്കുന്ന അമേരിക്കയിലേക്ക് പ്രവേശിക്കണമെങ്കില്‍ പാസ്സ്പോര്‍ട്ട് മാത്രം പോരെന്ന് നമുക്കറിയാം. ആ നാട്ടിലേക്ക് ഒരാള്‍ ഐപാഡില്‍ പകര്‍ത്തിയ പാസ്സ്പോര്‍ട്ടിന്റെ ചിത്രവുമായി പ്രവേശിച്ചുവെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വാസിക്കുമോ..?
കനേഡിയന്‍ പൗരന്‍ മാര്‍ട്ടിന്‍ റെസ്ച്ചാണ് പണി പറ്റിച്ചത്. പാസ്സ്പോര്‍ട്ട് മറന്നുപോയ മാര്‍ട്ടിന്‍ തന്റെ ഐപാഡില്‍ പകര്‍ത്തിയ പാസ്സ്പോര്‍ട്ട് കാണിച്ചാണ് അമേരിക്കയില്‍ ചേക്കേറിയത്. കുട്ടികള്‍ക്കുള്ള ക്രിസ്തുമസ് സമ്മാനം നല്‍കാനാണ് പോകുന്നതെന്ന് പറഞ്ഞാണ് മാര്‍ട്ടിന്‍ ഐപാഡിലെ പാസ്സ്പോര്‍ട്ട് കാണിച്ച് അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ തൃപ്തിപ്പെടുത്തിയത്.
മോണ്‍ട്രിയാലില്‍നിന്ന് രണ്ടര മണിക്കൂറോളം യാത്ര ചെയ്താണ് എയര്‍പോര്‍ട്ടില്‍ എത്തിയത്. എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് പാസ്സ്പോര്‍ട്ട് എടുത്തിട്ടില്ലെന്ന് ബോധ്യപ്പെട്ടത്. എന്തായാലും ഒന്ന് ശ്രമിച്ചുനോക്കാം എന്ന് തന്നെയാണ് താന്‍ കരുതിയെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. എയര്‍പോര്‍ട്ടില്‍ പാസ്സ്പോര്‍ട്ട് പരിശോധിക്കുന്ന സ്ഥലത്ത് ഐപാഡ് കൈമാറിയപ്പോള്‍ സുരക്ഷാഉദ്യോഗസ്ഥര്‍ അല്പമൊന്ന് ഞെട്ടിയെങ്കിലും അല്പസമയത്തിനുശേഷം യാത്ര ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നുവെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. എന്നാല്‍ തന്റെ ഡ്രൈവിംങ് ലൈസന്‍സാണ് രക്ഷപ്പെടുത്തിയതെന്നാണ് മാര്‍ട്ടിന്‍ പറയുന്നത്. 2009 മുതല്‍ അമേരിക്കയിലേക്ക് ചേക്കേറണമെങ്കില്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് ഡ്രൈവിംങ് ലൈസന്‍സ് ആവശ്യമുണ്ട്. ആ ലൈസന്‍സ് മാര്‍ട്ടിനുണ്ടായിരുന്നു. അതാണ് രക്ഷിച്ചതെന്ന് മാര്‍ട്ടിന്‍ സമ്മതിക്കുന്നുണ്ട്.
അമേരിക്കയില്‍പോയി സമ്മാനമൊക്കെ നല്‍കിയശേഷം നാട്ടില്‍ തിരിച്ചെത്തിയ മാര്‍ട്ടിന്‍ ഇനിയിപ്പോള്‍ പാസ്സ്പോര്‍ട്ട് എടുക്കാതെ വീടിന് പുറത്തുപോലും ഇറങ്ങില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല