യുഎഇ സ്വദേശിയായ അബ്ദുള്ള അലി സയിദ് അല്‍ ഖഫേരിയുടെ ജീവിതാഭിലാഷം പോലീസാകണമെന്നായിരുന്നു. എന്നാല്‍ ഏഴാം ക്ളാസ് വിദ്യാര്‍ഥിയായ ഖഫേരിയുടെ ജീവിതത്തില്‍ വിധി ക്രൂരമായി ഇടപെട്ടപ്പോള്‍ അബുദാബി പോലീസ് ഈ കുരുന്നിന്റെ ആഗ്രഹം സഫലമാക്കാന്‍ മുന്നോട്ടുവന്നു. ഇതോടെ അബുദാബി പോലീസില്‍ ഖഫേരി ക്യാപ്റ്റന്‍ റാങ്കില്‍.
ഒരു ദിവസത്തേയ്ക്കു മാത്രമാണ് ഖഫേരി പോലീസ് ക്യാപ്റ്റനായതെങ്കിലും തന്റെ കൊച്ചുജീവിതത്തില്‍ ഇത്രയും വലിയ അനുഭവം വേറിയില്ലെന്നാണ് ഈ 12കാരന്റെ സാക്ഷ്യം. രക്തത്തിലെ ഹീമോഗ്ളോബിനെ ബാധിക്കുന്ന മാരകരോഗം ബാധിച്ച ഖഫേരിയുടെ ആഗ്രഹം സഫലമാക്കാന്‍ അബുദാബി പോലീസ് മുന്നോട്ടുവരികയായിരുന്നു. ബാനിയാസ് ക്ളബ്ബിന്റെ ഫുട്ബോള്‍ താരവും കൂടിയായ ഖഫേരി അബുദാബി പോലീസ് ആസ്ഥാനത്തെത്തിയാണ് തന്റെ സ്ഥാനം ഏറ്റെടുത്തത്.
പിന്നെ പോലീസ് യൂണിഫോം അണിഞ്ഞ് പ്രത്യേക പോലീസ് വാഹനത്തില്‍ അബുദാബി നഗരത്തിലൂടെ പട്രോളിംഗ്. ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമായി ട്രാഫിക് നിയമം ലംഘിച്ച ഒരാള്‍ക്കെതിരെ നടപടിയെടുക്കാനും ഖഫേരി ചങ്കൂറ്റം കാണിച്ചു. ഖഫേരിയെ അബുദാബിയിലെ മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥരും കാണാന്‍ എത്തിയിരുന്നു. ഖഫേരിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് പോലീസ് മേധാവി കേണല്‍ ഫൈസല്‍ അല്‍ സുഹൈബി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല