ഹീത്രൂ വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ്. മിനിറ്റില്‍ നാലഞ്ച് വിമാനങ്ങളാണ് ഹീത്രൂ എയര്‍പോര്‍ട്ടില്‍നിന്ന് പറന്നുപൊങ്ങുന്നത്. ആയിരക്കണക്കിന് വിമാനങ്ങളാണ് ഹീത്രൂവിലേക്ക് വരുകയും പോകുകയും ചെയ്യുന്നത്. എന്നാല്‍ ഹീത്രൂ വിമാനത്താവളത്തെക്കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകളൊന്നും അത്ര നല്ലതല്ല തന്നെ. ലോകത്തിലെ തിരക്കേറിയ ഈ വിമാനത്താവളം ബ്രിട്ടണിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ എപ്പോഴും പിന്നിലാണെത്തുക. ബിര്മിങ്ങ്ഹാമിലെയും മറ്റും വിമാനത്താവളങ്ങളുടെ പിറകിലായിട്ടായിരിക്കും ഹീത്രൂവിന്റെ സ്ഥാനമെന്നതാണ് ശ്രദ്ധേയം.
സൗകര്യങ്ങളുടെ കുറവായതാണ് ഹീത്രൂ വിമാനത്താവളത്തെ മറ്റു വിമാനത്താവളങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്നത്. പുതിയ ചില വാര്‍ത്തകള്‍ ഹീത്രൂവിന്റെ പേര് തീര്‍ത്തും മോശമാക്കുന്നവയില് ചിലതാണ്. ഹീത്രൂവില്‍നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ അഞ്ചിലൊരെണ്ണം വീതം വൈകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ആയിരം ലഗേജുകള്‍ക്കിടയില്‍ പതിനഞ്ചെണ്ണമെങ്കിലും നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്.
എന്നാല്‍ ഇതെല്ലാം 2010ലെ കണക്കുവെച്ചുനോക്കുമ്പോള്‍ മികച്ചതാണെന്നാണ് വിമാനത്താവളാധികൃതര്‍ പറയുന്നത്. കനത്ത മഞ്ഞുവീഴ്ചമൂലം നൂറുകണക്കിന് ഫ്ലൈറ്റുകള്‍ റദ്ദാക്കിയപ്പോള്‍ ആയിരം ബാഗുകളില്‍ പതിനെട്ടെണ്ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിമാനത്താവളാധികൃതര്‍ പറയുന്നത്. അതില്‍നിന്ന് അല്പമെങ്കിലും മെച്ചപ്പെടാന്‍ ഹീത്രൂ വിമാനത്താവളത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. ഒളിമ്പിക്സ് നടക്കാന്‍ പോകുന്ന ലണ്ടന്റെ പ്രധാനകവാടമാണ് ഹീത്രൂ വിമാനത്താവളം. ഇത് ബ്രിട്ടന്റെ പേര് നശിപ്പിക്കുമെന്നാണ് ഒരുവിഭാഗം ഉദ്യോഗസ്ഥരും രാഷ്ട്രീയനേതൃത്വവും വിലയിരുത്തുന്നത്.
കഴിഞ്ഞ വര്‍ഷംതന്നെ ഹീത്രൂ വിമാനത്താവളത്തില്‍നിന്ന് ഇരുപത്തിയൊന്ന് ശതമാനം ഫ്ലൈറ്റുകളും ഇരുപത്തിയൊന്ന് മിനിറ്റെങ്കിലും വൈകിയാണ് പുറപ്പെടുന്നതെന്നാണ് ബിഎഎ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ 2010ല്‍ ഇത് ഇരുപത്തിയൊന്‍പത് ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷംമാത്രം ഹീത്രൂ വിമാനത്താവളത്തിലൂടെ കടന്നുപോയത് 69.4 മില്യണ്‍ യാത്രക്കാരാണ്. ലോകത്തിലെതന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഹീത്രൂവിന്റെ അവസ്ഥയാണിതെന്നോര്‍ക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല